സിംബാബ്വെക്കെതിരെയുള്ള ടി-20 പരമ്പരയിൽ ഇന്ത്യക്ക് വേണ്ടി അവൻ അരങ്ങേറ്റം കുറിക്കും: സുനിൽ ഗവാസ്‌കർ
Cricket
സിംബാബ്വെക്കെതിരെയുള്ള ടി-20 പരമ്പരയിൽ ഇന്ത്യക്ക് വേണ്ടി അവൻ അരങ്ങേറ്റം കുറിക്കും: സുനിൽ ഗവാസ്‌കർ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 20th May 2024, 10:25 am

ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയിരുന്നു. ഓറഞ്ച് ആര്‍മിയുടെ തട്ടകമായ ഹൈദരാബാദ് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യംബാറ്റ് ചെയ്ത സന്ദര്‍ശകര്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദ് 19.1 ഓവറില്‍ നാല് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

28 പന്തില്‍ 66 റണ്‍സ് നേടിയ അഭിഷേക് ശര്‍മയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് ഹൈദരാബാദ് ജയിച്ചു കയറിയത്. അഞ്ച് ഫോറുകളും ആറ് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഇതോടെ കളിയിലെ താരമാകാനും അഭിഷേകിന് സാധിച്ചിരുന്നു.

ഇപ്പോഴിതാ അഭിഷേക് ശര്‍മയുടെ ഇന്ത്യന്‍ ടീമിലുള്ള അരങ്ങേറ്റത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സുനില്‍ ഗവാസ്‌ക്കര്‍.

‘സിംബാബ്വെക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ അഭിഷേക് ശര്‍മ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുമെന്ന് എനിക്കുറപ്പു നല്‍കാന്‍ കഴിയും. 2024ലെ ഐ.സി.സി ടി-20 ലോകകപ്പിന് ശേഷം അവന്‍ സിംബാബ്വെക്കെതിരെ കളിക്കുന്നത് കാണാന്‍ സാധിക്കും,’ സുനില്‍ ഗവാസ്‌ക്കര്‍ പറഞ്ഞു.

സീസണില്‍ 13 മത്സരങ്ങളില്‍ നിന്നും മൂന്ന് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 467 റൺസ് ആണ് അഭിഷേക് അടിച്ചെടുത്തത്. 38.92 ആവറേജിലും 209.42 സ്‌ട്രൈക്ക് റേറ്റിലും ആണ് താരം ബാറ്റ് വീശിയത്.

മെയ് 21ന് നടക്കുന്ന ആദ്യ പ്ലേ ഓഫില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ എതിരാളികള്‍. അഹമ്മദാബാദ് നരേന്ദ്രമോഡി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Sunil Gavasker talks about Abhishek Sharma