ടി-20 ലോകകപ്പിന്റെ ഫൈനൽ കളിക്കുക ആ രണ്ട് ടീമുകളായിരിക്കും: പ്രവചനവുമായി സുനിൽ ഗവാസ്കർ
Cricket
ടി-20 ലോകകപ്പിന്റെ ഫൈനൽ കളിക്കുക ആ രണ്ട് ടീമുകളായിരിക്കും: പ്രവചനവുമായി സുനിൽ ഗവാസ്കർ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 30th May 2024, 10:31 am

ടി-20 ലോകകപ്പ് മാമാങ്കം ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ജൂൺ ഒന്നു മുതൽ യു.എസിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ലോകകപ്പിനെ വരവേൽക്കാൻ ക്രിക്കറ്റ് ലോകം ഒരുങ്ങി കഴിഞ്ഞു.

ഇപ്പോഴിതാ ടി-20 ലോകകപ്പ് ഫൈനലിൽ ഏതെല്ലാം ടീമുകളാണ് കളിക്കുക എന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ.

കഴിഞ്ഞ ഐ.സി.സി ഏകദിന ലോകകപ്പിന്റെ ഫൈനൽ കളിച്ച ഓസ്ട്രേലിയയും തമ്മിൽ വീണ്ടും ടി-20 ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടുമെന്നാണ് സുനിൽ ഗവാസ്കർ പറഞ്ഞത്. സ്റ്റാർ സ്പോർട്സിലൂടെയാണ് മുൻ ഇന്ത്യൻ താരം തന്റെ അഭിപ്രായം പറഞ്ഞത്.

‘ടി-20 ലോകകപ്പിൽ ഫൈനൽ കളിക്കുന്ന ടീമുകൾ ഓസ്ട്രേലിയയും ഇന്ത്യയും ആയിരിക്കും,’ ഗവാസ്കർ പറഞ്ഞു.

ടി-20 ലോകകപ്പിന്റെ ചരിത്രത്തിൽ അഞ്ച് മത്സരങ്ങളാണ് ഓസ്ട്രേലിയയും ഇന്ത്യയും നേർക്കുനേർ വന്നിട്ടുള്ളത്. ഇതിൽ മൂന്ന് തവണ ഇന്ത്യ വിജയിച്ചപ്പോൾ രണ്ട് തവണ ഓസ്ട്രേലിയക്ക്‌ ഒപ്പമായിരുന്നു വിജയം. 2021ൽ ന്യൂസിലാൻഡിലെ പരാജയപ്പെടുത്തിക്കൊണ്ട് കങ്കാരുപ്പട കുട്ടി ക്രിക്കറ്റിലെ തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കിയിരുന്നു. എന്നാൽ 2007ൽ എം.എസ് ധോണിയുടെ കീഴിലാണ് ഇന്ത്യ അവസാനമായി ടി-20 ലോകകപ്പ് വിജയിക്കുന്നത്.

2023ൽ ഇന്ത്യയിൽ വെച്ച് നടന്ന ഐ.സി.സി ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്ട്രേലിയ ഞങ്ങളുടെ ആറാം ഏകദിന ലോകകിരീടം സ്വന്തമാക്കിയിരുന്നു. ഇരു ടീമുകളും വീണ്ടും മറ്റൊരു മേജർ ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടുകയാണെങ്കിൽ അത് ലോകത്തിലെ തന്നെ ഏറ്റവും വാശിയേറിയ ഒരു മത്സരം ആയിരിക്കും.

അതേസമയം മിച്ചൽ മാർഷിന്റെ കീഴിൽ കരുത്തുറ്റ ടീമുമായാണ് ഓസ്ട്രേലിയ ലോകകപ്പിന്റെ പോരാട്ടത്തിന് ഒരുങ്ങുന്നത്. ജൂൺ അഞ്ചിന് ഒമാനെതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം.

മറുഭാഗത്ത് രോഹിത്തിന്റെ കീഴിൽ ഇന്ത്യ തങ്ങളുടെ രണ്ടാം ടി-20 കിരീടം ലക്ഷ്യമിട്ടായിരിക്കും കളത്തിൽ ഇറങ്ങുക. ജൂൺ അഞ്ചിന് അയർലാൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Content Highlight: Sunil Gavasker Predicts the T20 World cup Finalists