ഐ.സി.സി ടി-20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കിയിരുന്നു. നസാവു കൗണ്ടി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറില്‍ 119 റണ്‍സിന് പുറത്താവുകയായിരുന്നു. എന്നാല്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
മത്സരം വിജയിച്ചെങ്കിലും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കളത്തില്‍ വരുത്തിയ ഒരു തെറ്റ് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. മത്സരത്തില്‍ ഓപ്പണിങ് ബൗളിങ്ങില്‍ മുഹമ്മദ് സിറാജ്, അര്‍ഷദീപ് സിങ് എന്നിവര്‍ക്കാണ് രോഹിത് പന്തെറിയാനുള്ള ദൗത്യം ഏല്‍പ്പിച്ചത്. രോഹിത്തിന്റെ ഈ തീരുമാനത്തിനെതിരെ ആയിരുന്നു ഗവാസ്‌കറിന്റെ വിമര്‍ശനം.
‘എന്തുകൊണ്ട് രോഹിത് ശര്‍മ ജസ്പ്രീത് ബുംറക്ക് മത്സരത്തിലെ ആദ്യ ഓവര്‍ കൊടുത്തില്ല? ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാണ് ബുംറ എന്നാല്‍ രോഹിത് ന്യൂ ബോള്‍ ബുംറയ്ക്ക് നല്‍കിയില്ല. ന്യൂ ബോള്‍ മത്സരത്തില്‍ പല മാറ്റങ്ങളും കൊണ്ടുവരുമെന്ന് നിങ്ങള്‍ ഓര്‍ക്കണം. മൂന്നാം ഓവറാണ് ബുംറക്ക് ലഭിച്ചത്. ആ ഓവറില്‍ തന്നെ അദ്ദേഹം ഒരു വിക്കറ്റ് നേടി. മുഹമ്മദ് റിസ്വാന്റെ ക്യാച്ച് ശിവം ദുബെ കൈവിടുകയും ചെയ്തിരുന്നു. ബുംറയുടെ രണ്ടാം ഓവറില്‍ തന്നെ ബാബര്‍ അസമിനെ പുറത്താക്കി. മൂന്നാം ഓവറില്‍ റിസ്വാവാനെയും മടക്കി അയച്ചു. ഇതിലൂടെ അവന്‍ ഒരു മികച്ച വിക്കറ്റ് ടേക്കർ ആണെന്ന് മനസ്സിലാക്കാം,’ സുനില്‍ ഗവാസ്‌കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പറഞ്ഞു.
നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ബുംറ നാല് വിക്കറ്റ് നേടിയത്. ഹര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റും അക്‌സര്‍ പട്ടേല്‍, അര്‍ഷദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
ജയത്തോടെ ഗ്രൂപ്പ് നാലു പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. മറുഭാഗത്ത് തോല്‍വിയോടെ പാകിസ്ഥാന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്. ജൂണ്‍ 12ന് അമേരിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. അതേസമയം നാളെ നടക്കുന്ന മത്സരത്തില്‍ കാനഡയാണ് പാകിസ്ഥാന്റെ എതിരാളികള്‍.