ടെസ്റ്റ് കളിക്കരുത്: കളിക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി സുനില്‍ ഗവാസ്‌കര്‍
Sports News
ടെസ്റ്റ് കളിക്കരുത്: കളിക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി സുനില്‍ ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 4th January 2024, 11:36 pm

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. 36.5 ഓവറില്‍ 176 റണ്‍സിനാണ് പ്രോട്ടിയാസ് രണ്ടാം ഇന്നിങ്സില്‍ നിലം പതിച്ചത്. ഇതോടെ 78 റണ്‍സിന്റെ ലീഡ് മാത്രമാണ് സൗത്ത് ആഫ്രിക്കക്ക് നേടാന്‍ സാധിച്ചത്. തുടര്‍ന്ന് ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

കേപ് ടൗണിലെ ന്യൂലാന്‍ഡ്‌സില്‍ നടന്ന ഇന്ത്യ സൗത്ത് ആഫ്രിക്ക രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ബാറ്റിങ്ങിനെ കുറിച്ച് പരസ്യമായി വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.

പിച്ച് ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ കളിക്കാര്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ അവര്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കേണ്ടതില്ലെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. ന്യൂലാന്‍ഡ്‌സിലെ പിച്ചിന്റെ വിള്ളലുകള്‍ ഏകദേശം എട്ട് മീറ്ററോളം ഉണ്ടെന്നാണ് ഗവസ്‌കര്‍ ചൂണ്ടിക്കാട്ടിയത്. ഇത് ടെസ്റ്റ് ലെവല്‍ ബാറ്റര്‍ മാര്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം കരുതുന്നു. എന്നാല്‍ അതിനനുസരിച്ചുള്ള ബൗണ്‍സറുകള്‍ കളിക്കാന്‍ കളിക്കാര്‍ക്ക് ബുദ്ധിമുട്ടാണെങ്കില്‍ അവര്‍ കളിക്കാന്‍ അര്‍ഹരല്ലെന്നാണ് അദ്ദേഹം പറയുന്നത്.

‘ഈ എട്ട് മീറ്റര്‍ പിച്ചില്‍ പന്ത് സ്ഥിരമായി ബൗണ്‍സ് ചെയ്യുകയാണെങ്കില്‍ ബാറ്റര്‍മാര്‍ ഒരു പ്രശ്‌നവും കൂടാതെ അത് കൈകാര്യം ചെയ്യണം. ബൗണ്‍സറുകളില്‍ കഷ്ടപ്പെടുന്നവര്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാഗമാകരുത്,’സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ഗവാസ്‌കര്‍ പറഞ്ഞു.

കമന്റ്ററി ബോക്‌സില്‍ ഗവാസ്‌ക്കറിന്റെ ആശങ്കകളെ ഷോണ്‍ പൊള്ളോക്ക് പിന്തുണക്കുകയും ഉണ്ടായിരുന്നു. ഇരുവരും ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനം നേരത്തെ അവസാനിക്കുമെന്ന് പ്രവചിച്ചിരുന്നു. പിച്ചിന്റെ അവസ്ഥയെക്കുറിച്ച് പൊള്ളോക്ക് സംശയം പ്രകടിപ്പിച്ചിരുന്നു. കനത്ത പിച്ച് റോളിങ് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം മുന്‍കൂട്ടി കണ്ടിരുന്നു.

ആദ്യ ദിനത്തില്‍ തന്നെ 23 വിക്കറ്റുകള്‍ വീണപ്പോള്‍ ഗവാസ്‌ക്കറിന്റെയും പൊള്ളോക്കിന്റെയും പ്രവചനങ്ങള്‍ കൃത്യമാണെന്ന് തെളിഞ്ഞു.

Content Highlight: Sunil Gavaskar warned the players