| Wednesday, 15th March 2023, 1:29 pm

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഭരതിനെ ഒഴിവാക്കി പകരം അവനെ ഉള്‍പ്പെടുത്തണം; വിശദീകരിച്ച് ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കുള്ള പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഓസീസിനെ സമനിലയില്‍ തളച്ചുകൊണ്ടായിരുന്നു ഇന്ത്യ വീണ്ടും ട്രോഫിയില്‍ മുത്തമിട്ടത്. നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ രണ്ട് മത്സരവും ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നാം ടെസ്റ്റ് ഓസീസ് സ്വന്തമാക്കുകയായിരുന്നു.

നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമായിരുന്നു ഓസീസ് സമനില വഴങ്ങിയത്. ഉസ്മാന്‍ ഖവാജയുടെയും കാമറൂണ്‍ ഗ്രീനിന്റെയും സെഞ്ച്വറിയുടെ ബലത്തില്‍ 480 റണ്‍സാണ് ഓസീസ് ആദ്യ ഇന്നിങ്സില്‍ സ്വന്തമാക്കിയത്.

ഓസ്ട്രേലിയക്കെതിരായ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ വിജയത്തോടെ വരുന്ന ജൂണില്‍ ലണ്ടനിലെ ഓവലില്‍ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇടംനേടാന്‍ ഇന്ത്യക്ക് സാധിച്ചു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യ അര്‍ഹത നേടുന്നത്.

കാര്‍ അപകടത്തെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്നതിനാല്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിന് മത്സരം നഷ്ടമായിരുന്നു. താരത്തിന്റെ അസാന്നിധ്യം ഇന്ത്യയുടെ പ്രകടനത്തെ കാര്യമായി ബാധിക്കുകയും ചെയ്തിരുന്നു. പന്തിന് പകരക്കാരനായി കെ.എസ്. ഭരതിനെയായിരുന്നു കളത്തിലിറക്കിയിരുന്നത്.

എന്നാല്‍ നാല് മാച്ചിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. മത്സരത്തിന് പിന്നാലെ താരത്തിനെതിരെ വിമര്‍ശനങ്ങളും ശക്തമായിരുന്നു. ഇന്ത്യ ലോകകപ്പ് ഫൈനലിനിറങ്ങുമ്പോള്‍ ഭരതിനെ ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് ഇപ്പോള്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. പകരം കെ.എല്‍. രാഹുലിനെ കീപ്പര്‍ ബാറ്ററായി കളിപ്പിക്കണമെന്നും ഗവാസ്‌കര്‍ ആവശ്യപ്പെട്ടു.

2021ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ രാഹുല്‍ നടത്തിയ പ്രകടനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗവാസ്‌കര്‍ തന്റെ ആവശ്യം ഉന്നയിച്ചത്. ഓവലിലെ ഡബ്ല്യു.ടി.സി ഫൈനലില്‍ അഞ്ചിലോ ആറിലോ അദ്ദേഹം ബാറ്റ് ചെയ്താല്‍ ഗുണം ചെയ്യുമെന്നും കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ അദ്ദേഹം നന്നായി ബാറ്റ് ചെയ്തിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ലോര്‍ഡ്‌സില്‍ സെഞ്ച്വറി അടിച്ച രാഹുലിന് ലോകകപ്പ് ഫൈനലിനുള്ള ആദ്യം ഇലവനില്‍ ഇടം നല്‍കണമെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. സ്‌പോര്‍ട്‌സ് ടക്കിലെ ഒരു പരിപാടിക്കിടെയാണ് ഗവാസ്‌കര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അതേസമയം, ലോകകപ്പ് ഫൈനലില്‍ ഇറങ്ങുമ്പോള്‍ ജസ്പ്രീത് ബുംറയുടെയും റിഷബ് പന്തിന്റെയും അഭാവമാണ് ഇന്ത്യയുടെ ആശങ്ക. പരിക്കുകളെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്നതിനാല്‍ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് സംബന്ധിച്ചുള്ള സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല.

Content Highlights: Sunil Gavaskar wants to involve KL Rahul in the squad for WTC

Latest Stories

We use cookies to give you the best possible experience. Learn more