സിംബാബ്‌വേ പര്യടനത്തിന് ശേഷം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരമാണ് ഇന്ത്യക്ക് മുമ്പിലുള്ളത്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റിനാണ് ബംഗ്ലാ കടുവകള്‍ ഇന്ത്യയില്‍ പര്യടനം നടത്തുക. സെപ്റ്റംബറിലാണ് പരമ്പര.
സെപ്റ്റംബര്‍ 19ന് നടക്കുന്ന ആദ്യ ടെസ്റ്റിന് ചെപ്പോക് വേദിയാകുമ്പോള്‍ 27ന് നടക്കുന്ന രണ്ടാം മത്സരത്തിന് ഗ്രീന്‍ പാര്‍ക്കാണ് വേദിയാകുന്നത്.
ശേഷം, ന്യൂസിലാന്‍ഡിനെതിരെ നവംബറില്‍ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്കും ഇന്ത്യ കളത്തിലിറങ്ങും. ഇത്തവണയും ഹോം കണ്ടിഷനിലാണ് പരമ്പര അരങ്ങേറുന്നത്. ആദ്യ മത്സരത്തിന് ചിന്നസ്വാമിയും രണ്ടാം മത്സരത്തിന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയവും വേദിയാകും. വാംഖഡെയിലാണ് മൂന്നാം ടെസ്റ്റ് അരങ്ങേറുക.
ഇന്ത്യയെ സംബന്ധിച്ച് ഇത് രണ്ടും വലിയൊരു പോരാട്ടത്തിന് ഒരുങ്ങും മുമ്പുള്ള സന്നാഹ മത്സരങ്ങള്‍ കൂടിയാണ്. നവംബറില്‍ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കായി ഇന്ത്യ എതിരാളികളുടെ തട്ടകത്തില്‍ പര്യടനം നടത്തും. അഞ്ച് ടെസ്റ്റാണ് ഈ പരമ്പരയിലുള്ളത്.
ഈ പരമ്പരയില്‍ ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യന്‍ ടീമിന്റെ ഭാഗമാക്കണെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ഹര്‍ദിക് പാണ്ഡ്യ ടീമിനൊപ്പമുണ്ടാകുന്നത് ഇന്ത്യക്ക് ഏറെ ഗുണം ചെയ്യുമെന്നും ഈ പരമ്പര കളിക്കാന്‍ ഇന്ത്യ താരത്തെ നിര്‍ബന്ധിക്കണമെന്നും ഗവാസ്‌കര്‍ പറയുന്നു.
‘ഈ രണ്ട് മാസങ്ങളില്‍ ഇന്ത്യ ഹര്‍ദിക് പാണ്ഡ്യയെ ടെസ്റ്റ് കളിക്കാന്‍ സമ്മതിപ്പിക്കണം. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നതിനൊപ്പം ഒരു ദിവസം അവന്‍ പത്ത് ഓവറുകള്‍ ചെയ്യുകയാണെങ്കില്‍ ഇന്ത്യന്‍ ടീം ഒരാളാലും തോല്‍പിക്കപ്പെടാന്‍ സാധിക്കാത്ത രീതിയില്‍ അജയ്യരാകും.
അവന്‍ ടീമിന്റെ ഭാഗമായാല്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയിക്കാനും ഓസ്‌ട്രേലിയയെ അവരുടെ തട്ടകത്തില്‍ തന്നെപരാജയപ്പെടുത്താനും ഇന്ത്യക്ക് സാധിക്കും,’ റേവ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഗവാസ്‌കര്‍ പറഞ്ഞു.
എന്നാല്‍ 2018ന് ശേഷം ഹര്‍ദിക് ഇന്ത്യക്കായി ഒറ്റ ടെസ്റ്റ് മത്സരം പോലും കളിച്ചിട്ടില്ല എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. പരിക്കുകള്‍ക്ക് പിന്നാലെയാണ് താരത്തിന്റെ ടെസ്റ്റ് കരിയര്‍ ചോദ്യചിഹ്നമായി നിലകൊണ്ടത്. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ആഭ്യന്തര തലത്തില്‍ പോലും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ താരം കളത്തിലിറങ്ങിയിരുന്നില്ല.
2021ല്‍ താരം ടെസ്റ്റില്‍ നിന്നും വിരമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ബി.സി.സി.ഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്‍സൈഡര്‍ സ്‌പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘ഹര്‍ദിക് പരിക്ക് മൂലം വലയുകയാണ്, എന്നാല്‍ ഇതുവരെ അദ്ദേഹം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ടെസ്റ്റില്‍ നിന്നും വിരമിക്കാനാണ് അദ്ദേഹം ആലോചിക്കുന്നത്.
ഇതുകാരണം വൈറ്റ്ബോള്‍ മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും. അവന്‍ ഒരിക്കലും ഞങ്ങളുടെ ടെസ്റ്റ് പ്ലാനിങ്ങില്‍ ഉണ്ടായിട്ടില്ല,’ മുതിര്‍ന്ന ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ ഇന്‍സൈഡര്‍ സ്പോര്‍ട്ടിനോട് പറഞ്ഞു.
ഇതിന് ശേഷം ഇന്ത്യയുടെ ടെസ്റ്റ് ചര്‍ച്ചകളില്‍ ഹര്‍ദിക് ഇടം നേടാതെ വന്നതോടെ ഈ റിപ്പോര്‍ട്ടുകള്‍ താരത്തിന്റെ ‘അനൗദ്യോഗിക വിരമിക്കലായും’ കണക്കാക്കിയിരുന്നു.
2018ലാണ് താരം അവസാന ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത്. മുംബൈ ആയിരുന്നു രഞ്ജിയില്‍ ബറോഡയുടെ താരമായിരുന്ന ഹര്‍ദിക്കിന്റെ അവസാന ഫസ്റ്റ് ക്ലാസ് മാച്ചിലെ എതിരാളികള്‍.
അന്ന് ബറോഡക്കായി 18.5 ഓവര്‍ പന്തെറിഞ്ഞ താരം 81 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയിരുന്നു. ഫസ്റ്റ് ക്ലാസ് കരിയറിലെ മൂന്നാമത്തെയും അവസാനത്തെയും* ഫൈഫറാണ് താരം അന്ന് സ്വന്തമാക്കിയത്. ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ 137 പന്ത് നേരിട്ട താരം 73 റണ്‍സും നേടിയിരുന്നു. മത്സരം സമനിലയില്‍ അവസാനിച്ചു.
സ്‌കോര്‍
മുംബൈ: 465 & 307/7d
ബറോഡ: 436
അന്താരാഷ്ട്ര ടെസ്റ്റില്‍ ഇംഗ്ലണ്ടായിരുന്നു ഹര്‍ദിക്കിന്റെ അവസാനത്തെ എതിരാളികള്‍. അന്ന് രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി ഒരു വിക്കറ്റും നാല് റണ്‍സും മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്. മത്സരത്തില്‍ ഇന്ത്യ 60 റണ്‍സിന് തോറ്റിരുന്നു.