| Monday, 6th January 2025, 7:45 am

കളിയോ കളിക്കാരോ അല്ല; അക്കാര്യം ബി.സി.സി.ഐ ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയെയും കണ്ടുപഠിക്കണമെന്ന് ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരു ടെസ്റ്റ് മത്സരം സമര്‍പ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.

ഇക്കാര്യത്തില്‍ ബി.സി.സി.ഐ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെയും ക്രിക്കറ്റ് ഓസ്‌ട്രേലിയയെയും മാതൃകയാക്കണമെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. സിഡ്‌നിയില്‍ അവസാനിച്ച പിങ്ക് ടെസ്റ്റിനെ കുറിച്ച് സംസാരിക്കവെയാണ് ഗവാസ്‌കര്‍ ഇക്കാര്യം പറഞ്ഞത്.

‘മഹത്തായ ഒരു ലക്ഷ്യത്തിനായി മുമ്പോട്ട് വന്ന ഗ്ലെന്‍ മഗ്രാത്തിനെയും ക്രിക്കറ്റ് ഓസ്‌ട്രേലിയയെയും അഭിനന്ദിക്കണം. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ട ഒരു ദിവസം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് കീഴിലുമുണ്ട്. ബെര്‍മിങ്ഹാമില്‍ ബോബ് വില്‍സ് ഡേ ഉണ്ട്. ലോര്‍ഡ്‌സിലും സമാനമായ പദ്ധതികളുണ്ട്,’ ഗവാസ്‌കര്‍ പറഞ്ഞു.

ഒരു കലണ്ടര്‍ ഇയറിലെ ആദ്യ ടെസ്റ്റ് മത്സരത്തിലാണ് ഓസ്ട്രേലിയ തങ്ങളുടെ പരമ്പരാഗതമായ ബാഗി ഗ്രീനിന് പകരം ബാഗി പിങ്ക് ധരിക്കാറുള്ളത്. ഈ നിറത്തിന് പിന്നിലും ഓസ്ട്രേലിയയുടെ ഈ ‘നിറം മാറ്റത്തിനും’ പിന്നിലെ കാരണം വളരെ വലുതാണ്. സ്തനാര്‍ബുദം അഥവാ ബ്രെസ്റ്റ് കാന്‍സര്‍ അവേര്‍നെസിനും മഗ്രാത് ഫൗണ്ടേഷനെ സഹായിക്കുന്നതിനുമായാണ് ഓസ്ട്രേലിയ ഇത്തരത്തില്‍ ബാഗി പിങ്ക് ധരിക്കുന്നത്.

മുന്‍ ഓസ്ട്രേലിയന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് ഇതിഹാസുമായ ഗ്ലെന്‍ മഗ്രാത്തിന്റെ ചാരിറ്റി ഓര്‍ഗനൈസേഷനാണ് മഗ്രാത് ഫൗണ്ടേഷന്‍. അദ്ദേഹത്തിന്റെ പങ്കാളിയായ ജെയ്ന്‍ മഗ്രാത് ഇത്തരത്തില്‍ സ്തനാര്‍ബുദം ബാധിച്ചാണ് മരണപ്പെട്ടത്. കാന്‍സര്‍ ബാധിതര്‍ക്ക് വൈദ്യസഹായമുള്‍പ്പെടെയുള്ള സേവനങ്ങളാണ് മഗ്രാത് ഫൗണ്ടേഷനിലൂടെ നല്‍കപ്പെടുന്നത്.

‘ബി.സി.സി.ഐ ഓസ്‌ട്രേലിയയെയും ഇംഗ്ലണ്ടിനെയും മാതൃകയാക്കി ചാരിറ്റിക്കായി ഒരു ദിവസം മാറ്റി വെക്കണം. ഏതെങ്കിലും മുന്‍ താരത്തിന്റെ ചാരിറ്റി ഓര്‍ഗനൈസേഷനുമായി ഈ ദിവസമോ മത്സരമോ ചേര്‍ത്തുവെക്കാം.

ആളുകള്‍ കരുതുന്നത് ബി.സി.സി.ഐ പണത്തെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത് എന്നാണ്. ഇതിന് കാരണം അവരുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നതുതന്നെ.

അവര്‍ മുന്‍ താരങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നു. വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കായി ഡബ്ല്യൂ.പി.എല്‍ ആരംഭിച്ചു. അവര്‍ വിവിധ മേഖലകളിലേക്ക് സംഭാവനകളും നല്‍കുന്നുണ്ട്.

എന്നാല്‍ ഇന്ത്യയിലെ ആളുകള്‍ ബി.സി.സി.ഐയുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ കുറിച്ചൊന്നും ബോധവാന്‍മാരല്ല. അവരുടെ പുതിയ ഹോം സീസണ്‍ ഇതുപോലുള്ള ലക്ഷ്യങ്ങള്‍ക്കായുള്ള മികച്ച സമയമായിരിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Sunil Gavaskar urges team India to dedicate a day of Test cricket to charity

We use cookies to give you the best possible experience. Learn more