ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിനെ 1983ലെ ഇന്ത്യന്‍ ടീം തോല്‍പ്പിക്കും: സുനില്‍ ഗവാസ്‌കര്‍
2023 ഒക്ടോബര്‍ 5ന് തുടങ്ങിയ ഐ.സി.സി ഏകദിന ലോകകപ്പ് പ്രൗഢഗംഭീരമായ അവസാനഘട്ടത്തില്‍ നില്‍ക്കുകയാണ്. വാശിയേറിയ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ശേഷം ക്രിക്കറ്റ് മാമാങ്കത്തിന്റെ അവസാന മത്സരത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടാന്‍ ഒരുങ്ങി കഴിഞ്ഞു. നവംബര്‍ 19ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ വെച്ചാണ് ഫൈനല്‍ നടക്കുക.
നവംബര്‍ അഞ്ചിന് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ നടന്ന ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ 70 റണ്‍സിന് തോല്‍പ്പിച്ചാണ് ഫൈനലില്‍ എത്തിയത്. നവംബര്‍ 16ന് രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയ സൗത്ത് ആഫ്രിക്കയേയും പരാജയപ്പെടുത്തി.
നിലവില്‍ രണ്ട് തോല്‍വികള്‍ വഴങ്ങിയാണ് ഓസീസ് ഫൈനലില്‍ എത്തിയതെങ്കില്‍ ഇന്ത്യ തോല്‍വിയറിയാതെയാണ് ഫൈനല്‍ വരെ എത്തിയത്. ഓസീസിന്റെ എട്ടാമത്തെ ലോകകപ്പ് ഫൈനലാണിത്. ഇന്ത്യ നാല് തവണയും ഫൈനലില്‍ എത്തിയിട്ടുണ്ട്. മികച്ച പ്രകടനമാണ് ഇരുവരും 2023 ലോകകപ്പില്‍ നടത്തിയത്. എന്നിരുന്നാലും ഫൈനല്‍ മത്സരം പ്രവചിക്കാന്‍ പോലും കഴിയിയാത്ത അവസ്ഥയാണ്.
ഫൈനല്‍ മത്സരത്തെക്കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ ന്യൂസ് ആങ്കര്‍ രാജ്ദീപ് സര്‍ദേശായിയുമായി സംസാരിക്കുന്നതിനിടയില്‍ ഓസീസിനെക്കാള്‍ മികച്ചത് ഇന്ത്യയാണ് എന്ന് ഗവാസ്‌ക്കര്‍ പറഞ്ഞിരുന്നു.
1983 ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമും നിലവിലെ ഇന്ത്യന്‍ ടീമും ഏറ്റുമുട്ടിയാല്‍ വിജയം ആര്‍ക്കൊപ്പം ആയിരിക്കുമെന്ന് ചോദിച്ചപ്പോള്‍ കപില്‍ദേവിന്റെ ടീമിനൊപ്പമാണ് വിജയം എന്ന് അദ്ദേഹം പറഞ്ഞു.
‘1983 ലോകകപ്പ് നേടിയ ടീം രോഹിത് ശര്‍മയുടെ സംഘത്തെ തോല്‍പ്പിക്കും എനിക്കത് ഉറപ്പാണ് അതില്‍ ഒരു സംശയവുമില്ല,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2023 ലോകകപ്പില്‍ ഇന്ത്യതോല്‍വിയറിയാതെ എല്ലാ മത്സരങ്ങളും വിജയിച്ച് പോയിന്റ് ടേബിളില്‍ ആദിപത്യം ഉറപ്പിച്ചാലും ഫൈനലില്‍ ഓസീസിനെ പരാജയപ്പെടുത്തുന്നത് വലിയ വെല്ലുവിളി തന്നെയാണ്. 2003 ലോകകപ്പ് ഫൈനലില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ പരാജിതരായത് ഒരു ഇന്ത്യന്‍ ആരാധകരും മറന്നു കാണില്ല. 23 വര്‍ഷത്തെ കണക്ക് തീര്‍ക്കാന്‍ ഈ ഫൈനല്‍ ഇന്ത്യ എന്ത് വില കൊടുത്തും വിജയിക്കുമെന്ന് ഉറപ്പാണ്.
Content Highlight: Sunil Gavaskar that the 1983 Indian team will beat the current Indian team