|

അവന്‍ എല്ലാ ഫോര്‍മാറ്റിലും ഗെയ്മ് ചേയ്ഞ്ചറാണ്, ലോകകപ്പ് ടീമില്‍ അവന്‍ ഇടം നേടും: സുനില്‍ ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

നീണ്ട ഇടവേളയ്ക്കു ശേഷം ക്രിക്കറ്റ് ലോകത്തേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത്. 2024ല്‍ നടക്കാനിരിക്കുന്ന ഐ.പി.എല്‍ സീസണിലേക്ക് താരം തിരിച്ചെത്തുമെന്ന് നേരത്തെ ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു.

വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന താരം നിലവില്‍ ബെംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ആരോഗ്യസ്ഥിതി വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. വാഹനാപകടത്തില്‍ താരത്തിന്റെ വലത് കാല്‍മുട്ടിനും കണങ്കാലിനും പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ ചെയ്യേണ്ടി വന്നിരുന്നു. ഫെബ്രുവരി അവസാനത്തോടെ താരം പൂര്‍ണമായ ഫിറ്റ്‌നസില്‍ ടീമില്‍ എത്തുമെന്ന് മാനേജ്‌മെന്റ് സൂചിപ്പിച്ചിരുന്നു. തിരിച്ചുവരവിനായി താരം കായികാധ്വാനത്തില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ഇപ്പോള്‍ താരം തിരിച്ചുവരുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍.

‘ റിഷഭ് പന്തിന് ഒരുകാലിനെങ്കിലും ഉറപ്പുണ്ടെങ്കില്‍ അവന്‍ ലോകകപ്പ് ടീമിലേക്ക് തിരിച്ചുവരും, അവന്‍ ഒരു ഗെയ്മ് ചേയ്ഞ്ചറാണ്,’ ഗവാസ്‌കര്‍ സ്റ്റാര്‍ സ്പോട്സില്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം ഐ.പി.എല്‍ സീസണില്‍ മുഴുവന്‍ മത്സരങ്ങളും പന്തിന് നഷ്ടമായിരുന്നു. ടീം സീസണില്‍ ഒമ്പതാം സ്ഥാനത്ത് പിന്തള്ളപ്പെടുകയും ഉണ്ടായിരുന്നു. ഇത് ദല്‍ഹി ക്യാപ്പിറ്റല്‍സിന് വലിയ സമ്മര്‍ദം സൃഷ്ടിച്ചിരുന്നു. വരാനിരിക്കുന്ന സീസണില്‍ പന്ത് മികച്ച പ്രകടനം കാഴ്ചക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. എന്നിരുന്നാലും 2024 ടി-ട്വന്റി ലോകകപ്പില്‍ താരം എത്തുമോ എന്നത് വലിയ ചോദ്യ മാണ്. നിലവില്‍ താരത്തിന് സാധ്യതകള്‍ വളരെ കുറവാണ്.

2023 ജനുവരി മുതല്‍ ഇന്ത്യ 62 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ പന്തിന് ഈ മത്സരങ്ങള്‍ എല്ലാം നഷ്ടപ്പെടുകയായിരുന്നു.

Content Highlight: Sunil Gavaskar talks about Rishabh Pant