നിങ്ങള്‍ സംസാരിക്കേണ്ടത് ബാറ്റുകൊണ്ടാണ് അല്ലാതെ വായകൊണ്ടല്ല: വമ്പന്‍ വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍
Sports News
നിങ്ങള്‍ സംസാരിക്കേണ്ടത് ബാറ്റുകൊണ്ടാണ് അല്ലാതെ വായകൊണ്ടല്ല: വമ്പന്‍ വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 19th December 2024, 9:09 am

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. ബ്രിസ്‌ബേനിലെ ഗാബയില്‍ നടന്ന ആവേശം നിറഞ്ഞ മത്സരത്തില്‍ രസംകൊല്ലിയായി മഴ പെയ്തതോടെ മത്സരത്തിന്റെ നല്ലൊരു ഭാഗവും വെള്ളത്തിലാവുകയായിരുന്നു.

എന്നിരുന്നാലും മത്സരത്തില്‍ മോശം ഫോമിനെത്തുടര്‍ന്ന് രോഹിത്, വിരാട്, യശസ്വി ജെയ്‌സ്വാള്‍ എന്നീ മുന്‍ നിര താരങ്ങള്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ക്രിക്കറ്റ് ലോകം ഇന്ത്യന്‍ ഓപ്പണറായ യശസ്വി ജെയ്‌സ്വാളിനെക്കുറിച്ചും ചൂടന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ മൂന്ന് റണ്‍സിനാണ് താരം പുറത്തായത്.

മാത്രമല്ല പരമ്പരയിലെ ആദ്യ മത്സരത്തിവല്‍ 161 റണ്‍സ് നേടിയ താരത്തിന് പിന്നീട് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ഇതോടെ പല മുന്‍ താരങ്ങളും ജെയ്‌സ്വാളിനെ വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ താരത്തെ കുറിച്ച് സംസാരിക്കുകയാണ്. ഇന്ത്യന്‍ ഓപ്പണര്‍ക്ക് ശക്തമായ താക്കീത് നല്‍കുകയായിരുന്നു സുനില്‍ ഗവാസ്‌കര്‍.

‘നിങ്ങള്‍ സംസാരിക്കേണ്ടത് ബാറ്റുകൊണ്ടാണ്, അല്ലാതെ വായകൊണ്ടല്ല. ഒരു എതിരാളി നിങ്ങളോട് എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍, നിങ്ങള്‍ക്ക് മറുപടി നല്‍കാം. എന്നാല്‍ നിങ്ങളുടെ ഭാഗത്ത് നിന്ന് സംഭാഷണം ആരംഭിക്കരുത്. ഓര്‍ക്കുക, ഈ പരമ്പരയിലെ സമ്മര്‍ദം നിങ്ങള്‍ അനുഭവിക്കേണ്ടി വരും. അത് വളരെ കഠിനമായിരിക്കും. ജയ്സ്വാള്‍ മറ്റ് കാര്യങ്ങളെക്കാള്‍ ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും,’ സുനില്‍ ഗവാസ്‌കര്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഓസീസിനെ 445 റണ്‍സിന് തളക്കുകയായിരുന്നു. തുടര്‍ ബാറ്റിങ്ങില്‍ ഇന്ത്യ വലിയ തകര്‍ച്ചയാണ് നേരിട്ടത്. മത്സരത്തിലെ അഞ്ചാം ദിനത്തില്‍ ഇന്ത്യ 260 റണ്‍സ് നേടി ഓള്‍ ഔട്ട് ആവുകയായിരുന്നു.


തുടര്‍ന്ന് രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്ത ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇതോടെ 275 റണ്‍സിന്റെ ടാര്‍ഗറ്റ് ലക്ഷ്യം വെച്ചിറങ്ങിയപ്പോള്‍ ഗാബയില്‍ വില്ലനായി വീണ്ടും മഴ പെയ്യുകയും വിക്കറ്റൊന്നും നഷ്ടപ്പെടാതെ എട്ട് റണ്‍സ് നേടി മത്സരം സമനിലയിലേക്ക് എത്തുകയും ചെയ്തു.

Content Highlight: Sunil Gavaskar Talking About Yashasvi Jaiswal