ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ പരമ്പരയില്‍ 1-1ന് സമനിലയിലാണ് ഇരുവരും. ബോര്‍ഡര്‍ ഗവാസ്‌കറിലെ മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ 18 വരെ ഗബ്ബയിലാണ് അരങ്ങേറുക.
മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ മോശം പ്രകടന കാഴ്ചവെച്ച വിരാട് രണ്ട് ഇന്നിങ്‌സില്‍ നിന്നും 19 റണ്‍സാണ് നേടിയത്.
പെര്‍ത്തില്‍ സെഞ്ച്വറി നേടി തിരിച്ചുവരവ് നടത്തിയെങ്കിലും ഫോം നിലനിര്‍ത്താന്‍ താരത്തിന് സാധിച്ചില്ല. ഇതോടെ പല മുന്‍ താരങ്ങളും വിരാടിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ വിരാടിനെ പിന്തുണച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍.
ഗവാസ്‌കര്‍ വിരാടിനെക്കുറിച്ച് പറഞ്ഞത്
‘എല്ലാ മത്സരങ്ങളിലും റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ബ്രാഡ്മാന് പോലും കഴിഞ്ഞിട്ടില്ല. ഒരു മത്സരത്തില്‍ നിങ്ങള്‍ പരാജയപ്പെട്ടാല്‍ എന്താണ് സംഭവിക്കുക, ഓസ്ട്രേലിയയില്‍ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളില്‍ വിരാട് റണ്‍സ് നേടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,
ഓഫ് സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്യുന്ന പന്തുകളില്‍ വിരാടിന് പ്രശ്‌നമുണ്ട്, ഏത് ബാറ്റര്‍ക്കായാലും അത് സംഭവിക്കാം. ഓസീസ് ഫാസ്റ്റ് ബൗളര്‍മാരുടെ ലൈനിനും ലെങ്തിനുമെതിരെ ശ്രദ്ധാപൂര്‍വം ബാറ്റ് ചെയ്യുക മാത്രമാണ് അയാള്‍ ചെയ്യേണ്ടത്. അങ്ങനെ ചെയ്താല്‍ അവന്‍ റണ്‍സ് നേടും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Sunil Gavaskar Talking About Virat Kohli