2025 ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ സെമി ഫൈനല്‍ മത്സരം ഇന്ന് (മാര്‍ച്ച് 4) നടക്കും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വമ്പന്‍മാരായ ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് ഏറ്റുമുട്ടുന്നത്. മെഗാ ക്ലാഷ് മത്സരത്തിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്.
2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ ഓസീസിനെതിരെ ബാക്കിവെച്ച കണക്കുകള്‍ തീര്‍ക്കാനുള്ള അവസരവും ഇന്ത്യയ്ക്ക് മുന്നിലുണ്ട്. ഇപ്പോള്‍ സെമി ഫൈനലിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ആറ് താരങ്ങളുടെ വിടവിലാണ് ഓസീസ് ഇറങ്ങുന്നതെന്നും മുന്‍തൂക്കം ഇന്ത്യയ്ക്കാണെന്നുമാണ് മുന്‍ താരം പറഞ്ഞത്. എന്നാലും എതിരാളികളുടെ ബാറ്റിങ് നിര അഗ്രസീവാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു.
‘ഓസ്‌ട്രേലിയയ്ക്ക് ശക്തമായ സ്പിന്‍ ആക്രമണം ഇല്ലാത്തതിനാല്‍ ഈ പിച്ചില്‍ ഇന്ത്യയ്ക്ക് ഒരു മുന്‍തൂക്കം ലഭിച്ചേക്കാം. കൂടാതെ, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് തുടങ്ങിയ പ്രധാന പേസര്‍മാരുടെ അഭാവം അവര്‍ക്കുണ്ട്. അവരുടെ ബാറ്റിങ് നിര അഗ്രസീവാണ്, പക്ഷേ അവര്‍ക്ക് ടാര്‍ഗറ്റ് നല്‍കുന്നതിനേക്കാള്‍ ഇന്ത്യയ്ക്ക് നല്‍കുന്നത് ചെയ്‌സിങ്ങാണ്,’ ഗവാസ്‌കര്‍ പറഞ്ഞു.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. ദുബായില്‍ ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ ഫൈഫറിന്റെ പിന്‍ബലത്തിലാണ് ഇന്ത്യയ്ക്ക് വിജയം സ്വന്തമാക്കാന്‍ സാധിച്ചത്. പേസര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് വിക്കറ്റ് ലഭിച്ചതിനെക്കുറിച്ചും ഗവാസ്‌കര്‍ പറഞ്ഞു.
‘തുടക്കത്തില്‍ തന്നെ ഞങ്ങളുടെ സ്പിന്നര്‍മാരെ നിരീക്ഷിച്ചാല്‍ അവര്‍ക്ക് കാര്യമായ സഹായം ലഭിച്ചില്ലെന്ന് മനസിലാകും. എന്നിരുന്നാലും, കളി പുരോഗമിക്കുമ്പോള്‍ പിച്ച് പരുക്കനായതും മഞ്ഞ് വീഴ്ചയും ബൗളര്‍മാര്‍ക്ക് കുറച്ചുകൂടി ഗ്രിപ്പ് നല്‍കി. കളിക്കാന്‍ അസാധ്യമായ ഒരു പിച്ചായിരുന്നില്ല അത്. കുറച്ച് ടേണ്‍ ഉണ്ടായിരുന്നു, എന്നാല്‍ ബൗളര്‍മാര്‍ അവരുടെ പദ്ധതികള്‍ വളരെ ഫലപ്രദമായി നടപ്പിലാക്കിയത് ന്യൂസിലന്‍ഡിനെ ബുദ്ധിമുട്ടിലാക്കി,’ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
സെമിയില്‍ ശക്തരായ ഇന്ത്യയോട് പൊരുതാന്‍ ഓസ്ട്രേലിയ വിയര്‍ക്കുമെന്നത് ഉറപ്പാണ്.
സെമി ഫൈനലില്‍ യോഗ്യത നേടിയെങ്കിലും വമ്പന്‍ തിരിച്ചടിയാണ് ഓസ്‌ട്രേലിയയ്ക്ക് നേരിടേണ്ടി വന്നത്. ആറ് പ്രധാന കളിക്കാരില്ലാതെയാണ് ഓസീസ് കളത്തിലിറങ്ങുന്നത്.
ഓസീസ് ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസിന്റെ വിരമിക്കലിന് ശേഷം ഓസ്‌ട്രേലിയയ്ക്ക് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, കാമറോണ്‍ ഗ്രീന്‍ എന്നീ സൂപ്പര്‍ താരങ്ങളെ പരിക്ക് മൂലം നേരത്തെ നഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തില്‍ പരിക്കേറ്റ് ഓസീസ് ഓപ്പണര്‍ മാത്യു ഷോട്ടിന്റെ വിടവും ഓസീസിന് വലിയ വെല്ലുവിളിയായിരിക്കുകയാണ്.
Content Highlight: Sunil Gavaskar Talking About Semi Final Match Between India And Australia In Champions Trophy