| Thursday, 5th December 2024, 5:26 pm

അവനെപ്പോലെ ഒരു ക്ലാസ് കളിക്കാരന്‍ മധ്യനിരയില്‍ ബാറ്റ് ചെയ്യണമെന്ന് എനിക്ക് തോന്നുന്നില്ല: സുനില്‍ ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. രണ്ടാം ടെസ്റ്റ് ഡിസംബര്‍ ആറ് മുതല്‍ 10 വരെ അഡ്ലെയ്ഡ് ഓവലിലാണ് നടക്കുക. ഡേ- നൈറ്റ് ടെസ്റ്റ് ആയതിനാല്‍ ഇന്ത്യ പിങ്ക് ബോള്‍ നേരിടുന്നതിന്റെ തയ്യാറെടുപ്പിലാണ്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിരിച്ചെത്തിയതോടെ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ അപ്രതീക്ഷിതമായ മാറ്റമാണ് ഉണ്ടായത്. ആദ്യ ടെസ്റ്റില്‍ തന്റെ അഭാവം മൂലം ഓപ്പണിങ്ങില്‍ ഇറങ്ങിയ കെ.എല്‍. രാഹുലിനെ മാറ്റേണ്ടതില്ലെന്നും രോഹിത് മധ്യനിരയില്‍ ബാറ്റ് ചെയ്യുമെന്നുമാണ് പറഞ്ഞത്. എന്നാല്‍ രോഹിത് മധ്യ നിരയില്‍ കളിക്കേണ്ടതില്ലെന്നും ഓപ്പണിങ് ഇറങ്ങണമെന്നുമാണ് സുനില്‍ ഗവാസ്‌കര്‍ പറയുന്നത്.

രോഹിത് ശര്‍മയെക്കുറിച്ച് ഗവാസ്‌കര്‍ പറഞ്ഞത്

‘രോഹിത്തും ശുഭ്മന്‍ ഗില്ലും പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തുന്നതോടെ ധ്രുവ് ജൂറലും ദേവദത്ത് പടിക്കലും മടങ്ങും. രോഹിത് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും, രാഹുലിനെ ആറാം നമ്പറിലേക്ക് തിരിച്ചയക്കും. മൂന്നാം നമ്പറില്‍ ഗില്‍ ബാറ്റ് ചെയ്യും.

മധ്യനിരയില്‍ രോഹിത് ബാറ്റ് ചെയ്യണമെന്ന് എനിക്ക് തോന്നുന്നില്ല, അവന്‍ ഒരു ക്ലാസ് കളിക്കാരനാണ്, അവനെക്കുറിച്ച് പറയുമ്പോള്‍ ഫോം പ്രശ്‌നമല്ല. രണ്ടാം മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടാനാകും,

ടീം മാനേജ്മെന്റ് വാഷിങ്ടണ്‍ സുന്ദറിന് പകരം രവിചന്ദ്രന്‍ അശ്വിനെയോ രവീന്ദ്ര ജഡേജയെയോ പരീക്ഷിച്ചേക്കും. മാറ്റത്തിന് സാധ്യതയുള്ള ഒരേയൊരു മേഖല ഇതാണ്,’ സ്റ്റാര്‍ സ്പോര്‍ട്സില്‍ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ഇന്ത്യയുടെ ഹോം ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ ആറ് ഇന്നിങ്സുകളില്‍ നിന്ന് 91 റണ്‍സ് മാത്രമായിരുന്നു രോഹിത് നേടിയത്. അതിന് മുമ്പുള്ള പരമ്പരയില്‍ ബംഗ്ലാദേശിനെതിരെയും റണ്‍സ് സ്‌കോര്‍ ചെയ്യുന്നതില്‍ താരം പരാജയപ്പെട്ടിരുന്നു.

Content Highlight: Sunil Gavaskar Talking About Rohit Sharma’s Bating Position

We use cookies to give you the best possible experience. Learn more