പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവനും കൊടുക്കേണ്ടതായിരുന്നു; പ്രസ്താവനയുമായി സുനില്‍ ഗവാസ്‌കര്‍
Sports News
പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവനും കൊടുക്കേണ്ടതായിരുന്നു; പ്രസ്താവനയുമായി സുനില്‍ ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 5th July 2024, 3:21 pm

സൗത്ത് ആഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ 2024 ടി-20 ലോകകപ്പില്‍ രണ്ടാം തവണയും മുത്തമിട്ടിരിക്കുകയാണ്. ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിച്ച മത്സരത്തില്‍ 15 ഓവര്‍ പിന്നിട്ടപ്പോള്‍ 30 റണ്‍സായിരുന്നു സൗത്ത് ആഫ്രിക്കയക്ക് വിജയിക്കാന്‍ വേണ്ടത്. എന്നാല്‍ ജസ്പ്രീത് ബുംറ കളത്തിലിറങ്ങിയതോടെ പ്രോട്ടിയാസ് വിറയ്ക്കുകയായിരുന്നു.

മികച്ച രീതിയില്‍ ഓവര്‍ പൂര്‍ത്തിയാക്കിയ ബുംറ നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി 2 വിക്കറ്റും നേടിയിരുന്നു. ടൂര്‍ണമെന്റില്‍ ഉടനീളം മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഇതോടെ ബുംറയെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

ബുംറയ്ക്ക് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് ലഭിച്ചതിന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ ഐ.സി.സി ഇവന്റില്‍ ഇന്ത്യന്‍ ടീമിന് വേണ്ടി മികച്ച പ്രകടനത്തിന് ഉടമായായി രോഹിത് ശര്‍മയെയാണ് ഗവാസ്‌കര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

‘ജസ്പ്രീത് ബുംറ ‘പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്’ ആയി തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യനായിരുന്നു, എന്നാല്‍ ഇന്ത്യയുടെ പ്രബലമായ പ്രകടനത്തിന് പിന്നിലെ പ്രധാന പ്രേരകശക്തി രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയായിരുന്നു. പിരിമുറുക്കമുള്ള സാഹചര്യങ്ങളിലും തന്റെ ശരീരഭാഷയ്ക്ക് ഒരു കുറവും വരുത്താതെ സംയമനം പാലിച്ച രോഹിത്തിന്റെ നേതൃത്വം മാതൃകാപരമായിരുന്നു.

വെല്ലുവിളി നിറഞ്ഞ നിമിഷങ്ങളില്‍ അദ്ദേഹത്തിന്റെ മികച്ച നേതൃത്വം വലിയ പ്രശംസ അര്‍ഹിക്കുന്നു. എന്റെ അഭിപ്രായത്തില്‍, രോഹിത്തിന്റെ ക്യാപ്റ്റന്‍സിയാണ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പ്രകടനം,’ ഗവാസ്‌കര്‍ പറഞ്ഞു.

ലോകകപ്പ് നേടിയ അതേ വേദിയില്‍ വെച്ച് ഇന്ത്യന്‍ നായക രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയും ടി-20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുകയും ചെയ്തിരുന്നു.

 

Content Highlight: Sunil Gavaskar Talking About Rohit Sharma