| Sunday, 5th January 2025, 4:28 pm

ബുദ്ധിയില്ലാതെ പന്തെറിയരുത്, ക്യാപ്റ്റന്‍ രണ്ട് സ്ലിപ് വെച്ചത് വെറുതെയല്ല; പേസ് ബൗളര്‍ക്കെതിരെ സുനില്‍ ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ സിഡ്‌നി ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടതോടെ പരമ്പരയില്‍ ഇന്ത്യ ഓസ്‌ട്രേലിയക്ക് മുമ്പില്‍ തലകുനിക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 3-1നാണ് ഓസീസ് വിജയം സ്വന്തമാക്കിയത്.

സിഡ്‌നി ടെസ്റ്റ് സ്‌കോര്‍

ഇന്ത്യ – 185 & 157

ഓസ്ട്രേലിയ – 181 & 162/4 (T: 162)

മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങിനെത്തിയ പ്രസീത് കൃഷ്ണ 15 ഓവറില്‍ നിന്ന് 42 റണ്‍സാണ് വഴങ്ങിയത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ പരിക്ക് മൂലം മാറി നിന്ന ക്യാപ്റ്റന്‍ ബുംറയുടെ അഭാവത്തില്‍ ഓവറുകള്‍ സ്പ്ലിറ്റ് ചെയ്തതോടെ ഇന്ത്യ ബൗളിങ്ങില്‍ തകരുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 12 ഓവറില്‍ നിന്ന് മൂന്ന് വിക്കറ്റ് നേടിയെങ്കിലും 65 റണ്‍സാണ് പ്രസീത് വിട്ടുകൊടുത്തത്.

ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സുനില്‍ ഗവാസ്‌കര്‍. അലസമായി ബോളെറിഞ്ഞ താരം സ്ലിപ് വെച്ചിരുന്നെങ്കിലും ലെഗ് സൈഡില്‍ വൈഡ് ബോള്‍ എറിഞ്ഞ് എക്‌സ്ട്രാ റണ്‍സ് വഴങ്ങിയിരുന്നു. ഇതോടെ മോശം ബൗളിങ്ങാണ് പ്രസീത് കാഴ്ചവെച്ചതെന്നും ക്യാപ്റ്റന്‍ സ്ലിപ് വെച്ചത് മനസിലാക്കിയില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.

‘മോശം ബൗളിങ്. ബൗള്‍ ചെയ്യാനും പ്രതിരോധിക്കാനും നിങ്ങള്‍ക്ക് 162 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. ക്യാപ്റ്റന്‍ നിങ്ങള്‍ക്കായി രണ്ട് സ്ലിപ്പുകള്‍ സൂക്ഷിച്ചിട്ടുണ്ട്, നിങ്ങള്‍ ലെഗ് സ്റ്റംപില്‍ വൈഡ് ബൗള്‍ ചെയ്യുന്നു. ഇവിടെ ജസ്പ്രീത് ബുംറയെ ഇന്ത്യ കാണാതെ പോകുന്നത്. എതിരാളികളെ എളുപ്പത്തില്‍ സ്‌കോര്‍ ചെയ്യാന്‍ അദ്ദേഹം അനുവദിക്കുന്നില്ല,’ ഗവാസ്‌കര്‍ പറഞ്ഞു.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഉടനീളം മിന്നും പ്രകടനമാണ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ കാഴ്ചവെച്ചത്. പരമ്പരയിലെ താരമാകാനും താരത്തിന് സാധിച്ചിരുന്നു. അഞ്ച് മത്സരത്തില്‍ നിന്ന് 32 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

Content Highlight: Sunil Gavaskar Talking About Prasidh Krisha

We use cookies to give you the best possible experience. Learn more