Sports News
നിങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് പ്രാധാന്യം നല്‍കുന്നില്ലെങ്കില്‍ കളിക്കേണ്ടതില്ല; രൂക്ഷ വിമര്‍ശനവുമായി ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 06, 11:27 am
Monday, 6th January 2025, 4:57 pm

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സിഡ്‌നി ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടതോടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ച് മത്സരങ്ങളില്‍ 3-1ന് ഓസീസ് വിജയം സ്വന്തമാക്കിയത്. ഇതോടെ നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയില്‍ കിരീടം നേടുന്നത്.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെത്തുമ്പോള്‍ വലിയ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഇന്ത്യ തുടര്‍ പരാജയം ഏറ്റുവാങ്ങിയതോടെ പരമ്പര തോല്‍വിയും വേള്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതയും ഇല്ലാതാക്കി.

ഇന്ത്യയുടെ ബാറ്റിങ്ങിനെക്കുറിച്ച് നിരവധി പേര്‍ ആശങ്ക ഉന്നയിച്ചിരുന്നു. തെറ്റുകള്‍ വീണ്ടും ആവര്‍ത്തിച്ച് ബി.ജി.ടിയില്‍ ഓസ്‌ട്രേലിയക്കെതിരെ മോശം പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ നടത്തിയത്. വിരാട് കോഹ്‌ലി , രോഹിത് ശര്‍മ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ പോലും ടീമിന് വേണ്ടി മികവ് പുലര്‍ത്തിയല്ല. ഇപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി മികവ് പുലര്‍ത്താത്ത താരങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ അര്‍ഹരല്ല എന്നാണ് സുനില്‍ ഗവാസ്‌കര്‍ പറയുന്നത്.

‘അടുത്ത 8-10 ദിവസങ്ങള്‍ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യ സൂപ്പര്‍ സ്റ്റാര്‍ സംസ്‌കാരം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിങ്ങളുടെ നൂറുശതമാനവും ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കേണ്ടിവരും. മെഡിക്കല്‍ എമര്‍ജന്‍സി ഇല്ലെങ്കില്‍ കളിക്കാര്‍ എല്ലാ സീരീസും കളിക്കണം. കളിക്കാന്‍ തയ്യാറാകാത്ത കളിക്കാരെ പരിഗണിക്കേണ്ടതില്ല,

കളിക്കാരെ ലാളിക്കുന്നത് നിര്‍ത്തേണ്ട സമയമാണിത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഞങ്ങള്‍ എത്തേണ്ടതായിരുന്നു, പക്ഷേ യോഗ്യത നേടാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല.

ക്രിക്കറ്റ് ബോര്‍ഡ് കളിക്കാരെ ആരാധിക്കുന്നത് നിര്‍ത്തി അവര്‍ക്കെതിരെ നടപടിയെടുക്കേണ്ടതുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിനുപരി പ്രാധാന്യം താരങ്ങള്‍ക്ക് നല്‍കാന്‍ കഴിയില്ല. നിങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് പ്രാധാന്യം നല്‍കുന്നില്ലെങ്കില്‍, നിങ്ങള്‍ ഇന്ത്യക്കായി കളിക്കാന്‍ അര്‍ഹനല്ല,’ സുനില്‍ ഗവാസ്‌കര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.

Content Highlight: Sunil Gavaskar Talking About Indian Cricket Team