| Tuesday, 8th October 2024, 1:06 pm

ഇന്ത്യയുടെ വിജയത്തിന് ഗംഭീറിനല്ല ക്രെഡിറ്റ് നല്‍കേണ്ടത്; തുറന്നടിച്ച് സുനില്‍ ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്ത കാലത്തായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അഗ്രസീവ് ക്രിക്കറ്റാണ് എല്ലാ ഫോര്‍മാറ്റിലും കളിക്കുന്നത്. ഇന്ത്യയുടെ പുതിയ പരിശീലകന്‍ ഗൗതം ഗഭീറിന്റെ വരവോടെയാണ് ടീം ആക്രമണ രീതിയില്‍ കളിക്കുന്നതെന്നും ഇന്ത്യയുടെ വിജയത്തിന് പിറകില്‍ ഗംഭീറാണെന്നും പലരും പറഞ്ഞിരുന്നു. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ ഇതിനെതിരെ തുറന്നടിച്ച് സംസാരിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ ടീമിന്റെ ആക്രമണ സ്വഭാവത്തിലുള്ള പ്രകടനം തുടങ്ങിയിട്ട് ഏറെ നാളുകളായി എന്നും അതിന്റെ ക്രെഡിറ്റ് നല്‍കേണ്ടത് പുതിയ പരിശീലകനായ ഗൗതം ഗംഭീറിനല്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയുടെ സമീപകാലത്തെ ആക്രമണ ബാറ്റിങ്ങിനെ ബേസ്‌ബോള്‍ എന്ന് വിശേഷിപ്പിക്കുന്നതായി കണ്ടു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ബോസ്. ഇന്ത്യയുടെ ശൈലിക്ക് പിന്നില്‍ ഗംഭീറാണെന്ന തരത്തില്‍ ചിലര്‍ ഗാംബോള്‍ എന്നെല്ലാം പറയുന്നുണ്ട്. ഇംഗ്ലണ്ട് ടീമിന്റെ പ്രകടനം ബെന്‍ സ്റ്റോക്സ് നായകനും ബ്രണ്ടന്‍ മക്കല്ലം പരിശീലകനായും വന്ന ശേഷം മാറിയതാണ്.

എന്നാല്‍ ഇന്ത്യയുടെ ആക്രമണ ബാറ്റിങ് കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി തുടരുന്നതാണ്. രോഹിത്തിന് കീഴില്‍ ഇതേ ആക്രമണം ഇന്ത്യ നടത്തുന്നു. ടീമിനെ ഈ ശൈലിയിലേക്കെത്തിക്കാന്‍ രോഹിത്താണ് മികച്ച പിന്തുണ നല്‍കിയത്,’ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്ത്യയ്ക്ക് വേണ്ടി മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. രോഹിത്തിന്റെ അഗ്രസീവ് സ്‌റ്റൈലും ബിഗ് ഹിറ്റുകളും എക്കാലത്തും ഹരം കൊള്ളിക്കുന്നതാണ്. എതിരാളികളെ തുടക്കത്തിലെ ആക്രമിച്ച് കളിച്ച് ടീമിനെ വലിയ സ്‌കോറിലെത്തിക്കാനും ടീമിന് അടിത്തറ ഉണ്ടാക്കാനും മൂന്ന് ഫോര്‍മാറ്റിലും രോഹിത്തിന് സാധിച്ചിരുന്നു.

അതേസമയം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ഐതിഹാസികമായ വിജയമാണ് സ്വന്തമാക്കിയത്. നിലവില്‍ ബംഗ്ലാദേശിനെതിരെയുള്ള മൂന്ന് ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിലും ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്.

ഗ്വാളിയോറില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സിന്റെ വിജയലക്ഷ്യം 49 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

ആദ്യ മത്സരത്തിലെ വിജയത്തിന് പിന്നാലെ പരമ്പരയില്‍ 1-0ന്റെ ലീഡ് നേടാനും ഇന്ത്യക്കായി. ഒക്ടോബര്‍ ഒമ്പതിനാണ് പരമ്പരയിലെ രണ്ടാം മത്സരം. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ് വേദി.

Content Highlight: Sunil Gavaskar Talking About Gautham Gambhir And Rohit Sharma

We use cookies to give you the best possible experience. Learn more