| Tuesday, 12th July 2022, 12:42 pm

'കോഹ്‌ലിയെ മാത്രം എന്തിനാണ് ക്രൂശിക്കുന്നത്? രോഹിത് ഫോമൗട്ടായിട്ടും ആരും ഒന്നും പറയുന്നില്ലല്ലൊ'; ഇന്ത്യന്‍ നായകനെ വിമര്‍ശിച്ച് മുന്‍ സൂപ്പര്‍താരം

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ കുറച്ചുകാലമായി തന്റെ ഫോമിന്റെ നിഴല്‍ പോലുമില്ലാതെയാണ് ഇന്ത്യന്‍ ഇതിഹാസ താരമായ വിരാട് കോഹ്‌ലി കടന്നുപോകുന്നത്.

മുന്‍ കാലങ്ങളില്‍ വെറുതെ സെഞ്ച്വറി അടിച്ചുകൂട്ടികൊണ്ടിരുന്ന വിരാട് ഒരു സെഞ്ച്വറി നേടിയിട്ട് മൂന്ന് വര്‍ഷത്തോളമാകുന്നു. എന്നാല്‍ താരം തന്റെ ഫോമിലേക്ക് തിരിച്ചുവരുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ വിരാടിനെ ക്രൂശിക്കുന്ന ആരാധകരുമുണ്ട്. താരം ഇന്ത്യക്കായി ചെയ്തതെല്ലാം മറന്നുകൊണ്ട് അദ്ദേഹത്തെ ടീമില്‍ നിന്നും പുറത്താക്കണമെന്ന് മുറവിളി കൂട്ടുന്ന ഒരുപാട് വിമര്‍ശകരും നിലവിലുണ്ട്.

എന്നാല്‍ കോഹ്‌ലിക്ക് പിന്തുണയുമായി വന്നിരിക്കുകയാണ് ഇന്ത്യന്‍ ടീമിലെ മുന്‍ സൂപ്പര്‍താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. നിലവില്‍ കോഹ്‌ലിയെ മാത്രമാണ് എല്ലാവരും ക്രൂശിക്കുന്നതെന്നും രോഹിത് ശര്‍മ ഉള്‍പ്പെടുന്ന മറ്റ് താരങ്ങള്‍ ഫോമൗട്ടായാലൊന്നും ആരും വിമര്‍ശനം ഉന്നയിക്കുന്നില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.

‘രോഹിത് ശര്‍മയോ മറ്റാരെങ്കിലുമോ റണ്ണുകള്‍ അടച്ചില്ലെങ്കില്‍ ആരും സംസാരിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല? ആക്രമണ ക്രിക്കറ്റാണ് ടീം ഇപ്പോള്‍ കളിക്കുന്നത്. അത് ശരിയായില്ലെങ്കില്‍ നിങ്ങള്‍ പരാജയപ്പെടും. ഇതിനെക്കുറിച്ച് ചിന്തിക്കാന്‍ ഞങ്ങള്‍ക്ക് മതിയായ സെലക്ഷന്‍ കമ്മിറ്റിയുണ്ട്,’ ഗവാസ്‌കര്‍ പറഞ്ഞു.

എഷ്യ കപ്പും മറ്റു പരമ്പരകളും ഉള്ളതിനാല്‍ ട്വന്റി-20 ലോകകപ്പിനുള്ള ടീമിനെ തെരെഞ്ഞെടുക്കാന്‍ ഇന്ത്യന്‍ ടീം തിരക്കുകൂട്ടേണ്ട എന്നും ഗവാസ്‌കര്‍ പറഞ്ഞു.

‘നിങ്ങളുടെ ടി-20 ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാന്‍ രണ്ട് മാസം കൂടി ബാക്കിയുണ്ടെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നു. ഏഷ്യാ കപ്പില്‍ കളിക്കാന്‍ നല്ല ടീമുകളുണ്ട്, അന്നത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ടീമിനെ തീരുമാനിക്കാം. ഇപ്പോള്‍ എടുത്ത് ചാടേണ്ട ആവശ്യമില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഹ്‌ലിയുടെ യഥാര്‍ത്ഥ ഫോര്‍മാറ്റ് ഏകദിനമാണെന്നും അദ്ദേഹം ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം നടത്തി തിരിച്ചുവരുമെന്നും ഗവാസ്‌കര്‍ പറയുന്നു.

‘അതെ, ഏകദിന പരമ്പര അദ്ദേഹത്തിന് ശരിയായ സമയത്താണ് വന്നിരിക്കുന്നത്. അദ്ദേഹത്തിന് കുറച്ച് ഓവറുകള്‍ സെറ്റാകാനും സാഹചര്യങ്ങളെ മനസ്സിലാക്കാനും കഴിയും. അതിനാല്‍ കോഹ്ലിക്ക് ഇതൊരു മികച്ച ഫോര്‍മാറ്റാണെന്ന് ഞാന്‍ കരുതുന്നു. ആക്രമണ ക്രിക്കറ്റിന്റെ മാതൃക ടീം സ്വീകരിച്ചപ്പോള്‍, കുറഞ്ഞ ഡെലിവറികളില്‍ തനിക്ക് കഴിയുന്നത്ര റണ്‍സ് നേടേണ്ടതുണ്ടെന്ന് കോഹ്ലി കരുതിയിരിക്കാം, അത് തനിക്കും ടീമിനും ഗുണം ചെയ്യും,’ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇംഗ്ലണ്ടിനെതിരെ ചൊവ്വാഴ്ച നടക്കുന്ന ആദ്യ ഏകദിന മത്സരത്തില്‍ വിരാട് പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്ക് കാരണമാണ് താരം ഇറങ്ങാത്തതെന്നാണ് വിവരം.

Content Highlights: Sunil Gavaskar supports Virat Kohli and Slams Rohit Sharma

We use cookies to give you the best possible experience. Learn more