| Wednesday, 14th February 2024, 1:35 pm

ഇപ്പോഴേ വയസായി, രോഹിത്തിനെ പുറത്താക്കിയത് മികച്ച തീരുമാനം; മുംബൈ ഇന്ത്യന്‍സിനെ പിന്തുണച്ച് ഇന്ത്യന്‍ ലെജന്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രോഹിത് ശര്‍മയെ മാറ്റിയ തീരുമാനത്തെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.

ഈ തീരുമാനത്തിലൂടെ രോഹിത് ശര്‍മക്ക് ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ സാധിക്കുമെന്നും കൂടുതല്‍ റണ്‍സ് കണ്ടെത്താന്‍ സാധിക്കുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

‘എല്ലായ്‌പ്പോഴും തങ്ങളുടെ ഭാവിയെക്കുറിച്ചാണ് മുംബൈ ഇന്ത്യന്‍സ് ആലോചിച്ചത്. രോഹിത് ശര്‍മക്ക് ഇപ്പോള്‍ തന്നെ 36 വയസായി. ഇന്ത്യയുടെ ഓള്‍ ഫോര്‍മാറ്റ് നായകനായതിനാല്‍ തന്നെ വളരെ വലിയ സമ്മര്‍ദവും അദ്ദേഹം നേരിടുന്നുണ്ട്.

അല്‍പം കൂടി ചെറുപ്പമായ ഹര്‍ദിക് പാണ്ഡ്യക്ക് ക്യാപ്റ്റന്‍സിയുടെ ഉത്തരവാദിത്വം നല്‍കിയ ശേഷം രോഹിത്തിനു മേലുള്ള ഈ ഭാരം കുറയ്ക്കാനാണ് മുംബൈ ഫ്രാഞ്ചൈസി ശ്രമിച്ചിട്ടുള്ളത്.

ഹര്‍ദിക് പാണ്ഡ്യക്കു ക്യാപ്റ്റന്‍സി നല്‍കിയത് മുംബൈ ഇന്ത്യന്‍സിന് ഗുണം മാത്രമേ ചെയ്യാന്‍ പോകുന്നുള്ളൂ. എല്ലാ സമ്മര്‍ദത്തില്‍ നിന്നും സ്വതന്ത്രനാക്കിയ ശേഷം ടോപ് ഓര്‍ഡറില്‍ സ്വയം തന്റെ കഴിവ് പ്രദര്‍ശിപ്പിക്കാനുള്ള സ്വാതന്ത്ര്യമാണ് രോഹിത്തിനു ഇപ്പോള്‍ മുംബൈ നല്‍കിയിരിക്കുന്നത്.

ഹര്‍ദിക്കിനു മൂന്നാം നമ്പറിലോ, അഞ്ചാം നമ്പറിലോ മുംബൈക്കായി ബാറ്റിങ്ങിനിറങ്ങാം. 200+ സ്‌കോര്‍ ചെയ്യാന്‍ ടീമിനെ സഹായിക്കാനും അദ്ദേഹത്തിനാവും,’ ഗവാസ്‌കര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നടന്ന ഐ.പി.എല്‍ താരലേലത്തിന് മുന്നോടിയായാണ് മുംബൈ ട്രേഡിങ്ങിലൂടെ ഹര്‍ദിക് പാണ്ഡ്യയെ ടീമിലെത്തിച്ചത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായിരിക്കവെയാണ് ഹര്‍ദിക് തന്റെ പഴയ തട്ടകത്തിലേക്ക് കളം മാറിയത്.

15 കോടി രൂപക്കായിരുന്നു ഹര്‍ദിക് മുംബൈയിലെത്തിയത്. തങ്ങളുടെ സ്റ്റാര്‍ ഓള്‍ റൗണ്ടറായ കാമറൂണ്‍ ഗ്രീനിനെ 17.5 കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് കൈമാറിയാണ് മുംബൈ ഹര്‍ദിക്കിനെ സ്വന്തമാക്കിയത്.

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലെത്തിയാല്‍ ക്യാപ്റ്റനായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ ശരിവെച്ചുകൊണ്ടായിരുന്നു മുംബൈ രോഹിത്തിന് പകരം ഹര്‍ദിക്കിനെ ക്യാപ്റ്റന്‍സിയേല്‍പിച്ചത്.

ക്യാപ്റ്റനായ കന്നി സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടമണിയിച്ച ഹര്‍ദിക് ക്യാപ്റ്റന്‍സിയും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചതാണ്. ആദ്യ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലില്‍ തോല്‍പിച്ചുകൊണ്ടാണ് പാണ്ഡ്യ കിരീടമുയര്‍ത്തിയത്.

രണ്ടാം തവണ ഫൈനലിലെത്തിയെങ്കിലും കലാശപ്പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് മുമ്പില്‍ വീണുപോകാനായിരുന്നു പാണ്ഡ്യയുടെയും കൂട്ടരുടെയും വിധി.

ഇപ്പോള്‍ ക്യാപ്റ്റനായി താന്‍ കളി പഠിച്ച ടീമിനെ നയിക്കാനുള്ള അവസരമാണ് ഹര്‍ദിക് പാണ്ഡ്യക്ക് ലഭിച്ചിരിക്കുന്നത്.

Content Highlight: Sunil Gavaskar supports Mumbai Indians’ decision to appoint Hardik Pandya as captain

We use cookies to give you the best possible experience. Learn more