രഞ്ജി ട്രോഫിയില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെയും സൂപ്പര്‍ താരം ശ്രേയസ് അയ്യരിന്റെയും മോശം പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ ഇരുവരുടെയും മോശം പ്രകടനം ചൂണ്ടിക്കാട്ടിയാണ് ഗവാസ്‌കര്‍ രംഗത്തെത്തിയത്.
ബൗളര്‍മാരെ ചെറിയ തോതിലെങ്കിലും തുണച്ച പിച്ചില്‍ ഇരു താരങ്ങളുടെയും അറ്റാക്കിങ് അപ്രോച്ചിനെ വിമര്‍ശിച്ച ഗവാസ്‌കര്‍ രോഹിത്തും അയ്യരും രഞ്ജി ട്രോഫി കളിക്കാന്‍ തയ്യാറായത് സെന്‍ട്രല്‍ കോണ്‍ട്രാക്ട് നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണെന്നും കുറ്റപ്പെടുത്തി.
സ്‌പോര്‍ട്‌സ്‌സ്റ്റാറിലെ തന്റെ കോളത്തിലാണ് ഗവാസ്‌കര്‍ ഇരു താരങ്ങള്‍ക്കെതിരെയും രംഗത്തെത്തിയത്.
‘അഗ്രസ്സീവായി ബാറ്റ് ചെയ്താലുണ്ടാകുന്ന ദൂഷ്യവശങ്ങള്‍ എന്താണെന്ന് മുംബൈ ടെസ്റ്റ് ബാറ്റര്‍മാരുടെ പുറത്താകലുകള്‍ കാണിച്ചുതരുന്നു. ഫ്‌ളാറ്റ് പിച്ചില്‍ അതുകൊണ്ട് നേട്ടമുണ്ടാക്കാന്‍ സാധിക്കും, എന്നാല്‍ ബൗളര്‍മാര്‍ക്ക് ചെറിയ തോതിലെങ്കിലും ആനുകൂല്യം നല്‍കുന്ന പിച്ചില്‍ നിങ്ങള്‍ മികച്ച ഡെലിവെറികള്‍ കളിക്കാതെ ഒഴിവാക്കാന്‍ ശ്രമിക്കണം,’ അദ്ദേഹം പറഞ്ഞു.
‘സാധാരണയായി ബാറ്റ് ചെയ്യുന്ന രീതിയില്‍ നിന്ന് മാറി വിവിധ ശൈലിയിലേക്ക് മാറാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ പുറത്താകുന്നു. അമിതാവേശമാണ് പുറത്താകലിന് കാരണമാകുന്നത്.
സാമാന്യബോധവും ക്ഷമയും ഉണ്ടായിരുന്നെങ്കില്‍ ടോട്ടലിലേക്ക് 50 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കുമായിരുന്നു. ഇത് ഒരുപക്ഷേ മത്സരവും പരമ്പരയും വിജയിക്കാന്‍ നിങ്ങളെ സഹായിക്കുമായിരുന്നു,’ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ സിഡ്‌നി ടെസ്റ്റിനെ ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍ എഴുതി.
ഇന്ത്യയുമായുള്ള സെന്‍ട്രല്‍ കോണ്‍ട്രാക്ട് നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി മാത്രമാണോ ശ്രേയസ് അയ്യരും രോഹിത് ശര്‍മയും രഞ്ജി മത്സരങ്ങള്‍ കളിച്ചതെന്നും ഗവാസ്‌കര്‍ ചോദിച്ചു.
‘സെന്‍ട്രല്‍ കോണ്‍ട്രാക്ട് നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി മാത്രമാണ് അവര്‍ കളിച്ചത്. മുമ്പ് രഞ്ജി ട്രോഫി കളിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ശ്രേയസ് അയ്യരിനും ഇഷാന്‍ കിഷനും ബി.സി.സി.ഐയുടെ സെന്‍ട്രല്‍ കോണ്‍ട്രാക്ട് നഷ്ടപ്പെട്ടിരുന്നു.
രോഹിത്തിനും അയ്യര്‍ക്കും മാത്രമേ സത്യമെന്താണെന്ന് അറിയുകയുള്ളൂ. മുംബൈയ്ക്കായി മികച്ച പ്രകടനം കാഴ്ചവെച്ച ആയുഷ് മാത്രെയെ പുറത്തിരുത്തി രോഹിത്തിനെയും യശസ്വി ജെയ്‌സ്വാളിനെയും മുംബൈ ടീമിന്റെ ഭാഗമാക്കി,’ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
ജമ്മു കശ്മീരിനെതരെ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ ഒറ്റയക്കത്തിന് പുറത്താകുന്ന തന്റെ പുതിയ ശീലം രോഹിത് ആവര്‍ത്തിച്ചു.
ആദ്യ ഇന്നിങ്‌സില്‍ വെറും മൂന്ന് റണ്‍സാണ് താരം നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ തുടരെ തുടരെ സിക്‌സറുമായി പഴയ ഹിറ്റ്മാന്‍ വൈബ് താരം ആരാധകര്‍ക്ക് നല്‍കിയെങ്കിലും അണയാന്‍ പോകുന്നതിന് മുമ്പുള്ള ആളിക്കത്തല്‍ മാത്രമായി അത് അവസാനിച്ചു. 28 റണ്‍സാണ് താരം രണ്ടാം ഇന്നിങ്‌സില്‍ നേടിയത്. മത്സരത്തില്‍ മുംബൈ പരാജയപ്പെടുകയും ചെയ്തു. നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജമ്മു കശ്മീര്‍ രഞ്ജിയില്‍ മുംബൈയെ പരാജയപ്പെടുത്തുന്നത്.
Content highlight: Sunil Gavaskar slams Rohit Sharma and Shreyas Iyer