| Wednesday, 6th November 2024, 2:42 pm

ഇന്ത്യയുടെ ക്യാപ്റ്റന്‍ അവനാകട്ടെ, വെറും ബാറ്ററായി മാത്രം കളിക്കാന്‍ സെലക്ടര്‍മാര്‍ രോഹിത്തിനോട് പറയണം; ആഞ്ഞടിച്ച് ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്ന് മത്സരത്തിലും നാണംകെട്ടാണ് ഇന്ത്യ സമ്പൂര്‍ണ തോല്‍വിയേറ്റുവാങ്ങിയത്. മൂന്ന് ടെസ്റ്റുകളുടെ പരമ്പര 3-0ന് വൈറ്റ് വാഷ് ചെയ്താണ് കിവികള്‍ ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യയുടെ അപരാജിത കുതിപ്പിന് അവസാനിമിട്ടത്.

ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പരാജയമാണിത്. 2012 ഡിസംബറിന് ശേഷം ഇന്ത്യ ആദ്യമായാണ് ഹോം കണ്ടീഷനില്‍ പരാജയം സമ്മതിച്ചത്.

ഈ പരമ്പരക്ക് പിന്നാലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ്. ന്യൂസിലാന്‍ഡ് പര്യടനത്തിനെത്തും മുമ്പ് വ്യക്തമായ ആധിപത്യം പോയിന്റ് പട്ടികയില്‍ ഇന്ത്യക്കുണ്ടായിരുന്നു. 71.67 എന്ന മികച്ച പോയിന്റ് ശതമാനമാണ് ഇന്ത്യക്കുണ്ടായിരുന്നത്.

എന്നാല്‍ പരമ്പര കിവികള്‍ വൈറ്റ് വാഷ് ചെയ്തതോടെ ഇന്ത്യയുടെ പോയിന്റ് ശതമാനം 58.33ലേക്ക് കൂപ്പുകുത്തി. രണ്ടാം സ്ഥാനത്തേക്കും ഇന്ത്യ കാലിടറി വീണു. ഓസ്‌ട്രേലിയയാണ് ഒന്നാമത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ 2023-25 സൈക്കിളിലെ അവസാന ഹോം സീരീസിലാണ് ഇന്ത്യ ഇത്തരത്തില്‍ നാണംകെട്ട് പരാജയപ്പെട്ടത്.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയാണ് ഇനി ഇന്ത്യക്ക് മുമ്പിലുള്ളത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ വ്യക്തമായ ആധിപത്യം സ്വന്തമാക്കിയാല്‍ മാത്രമേ ഇന്ത്യ ഡബ്ല്യൂ.ടി.സി ഫൈനല്‍ കളിക്കാന്‍ സാധിക്കുകയുള്ളൂ.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ രോഹിത് ശര്‍മക്ക് ക്യാപ്റ്റന്‍സി നല്‍കരുതെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. രോഹിത്തിന് പകരം ജസ്പ്രീത് ബുംറയെ ക്യാപ്റ്റനാക്കാനാണ് ഗവാസ്‌കര്‍ ആവശ്യപ്പെടുന്നത്.

‘ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ എല്ലാ മത്സരത്തിലും ജസ്പ്രീത് ബുംറയെ ക്യാപ്റ്റനായി ഇന്ത്യയുടെ സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കണം. രോഹിത് ശര്‍മയോട് നീയൊരു കളിക്കാരനായി മാത്രം ഈ പരമ്പരയുടെ ഭാഗമാകുമെന്നും അവര്‍ പറയണം. ആദ്യ ടെസ്റ്റ് മത്സരത്തില്‍, രോഹിത് ശര്‍മ ഉറപ്പായും അവിടെയുണ്ടാകണം,’ സ്‌പോര്‍ട്‌സ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് രോഹിത് നേരത്തെ തന്നെ അപെക്‌സ് ബോര്‍ഡിനെ അറിയിച്ചിരുന്നു.

‘ഇതിന്റെ കാരണം എന്താണെന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല. വ്യക്തിപരമായ കാരണമാണെന്നാണ് ഇപ്പോള്‍ മനസിലാകുന്നത്. പരമ്പരയിലെ ആദ്യ മത്സരങ്ങളിലൊന്ന് അദ്ദേഹത്തിന് നഷ്ടപ്പെട്ടേക്കാം,’ ആദ്യ മത്സരത്തിലെ രോഹത്തിന്റെ അഭാവത്തെ കുറിച്ച് പേര് വെളിപ്പെടുത്താത്ത ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പി.ടി.ഐയോട് പറഞ്ഞു.

നവംബര്‍ 22നാണ് ബി.ജിടിയിലെ ആദ്യ മത്സരം അരങ്ങേറുന്നത്. കാലങ്ങള്‍ക്ക് ശേഷം അഞ്ച് മത്സരങ്ങളുടെ പരമ്പരയായാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി സംഘടിപ്പിക്കുന്നത്.

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം

ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.

രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്ലെയ്ഡ് ഓവല്‍.

മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്ബെയ്ന്‍.

ബോക്സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.

അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്.

Content Highlight: Sunil Gavaskar slams Rohit Sharma

We use cookies to give you the best possible experience. Learn more