ഇന്ത്യ – ന്യൂസിലാന്‍ഡ് സെമി ഫൈനല്‍ മത്സരത്തിലെ പിച്ച് ടാംപറിങ് വിവാദത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ഇന്ത്യ വിജയിക്കുന്നതിനായി സ്പിന്നര്‍മാര്‍ക്ക് അനുകൂലമായി പിച്ച് മാറ്റി യൂസ്ഡ് പിച്ച് ആക്കിയെന്ന ആരോപണങ്ങള്‍ക്കെതിരെയാണ് ഗവാസ്‌കര്‍ രംഗത്തെത്തിയത്.
ശ്രദ്ധ നേടാന്‍ വേണ്ടി അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ മിണ്ടാതിരിക്കണമെന്നും മത്സരത്തിനിടയിലല്ല പിച്ച് മാറ്റിയതെന്നും ഗവാസ്‌കര്‍ പറഞ്ഞു.
‘ ഏതെങ്കിലുമൊരു അന്താരാഷ്ട്ര ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യന്‍ ടീം പ്രവേശിക്കുന്നത് തന്നെ അഭിമാന നിമിഷമാണ്. പ്രത്യേകിച്ചും ലോകകപ്പ് ഫൈനലില്‍. ഏകദേശം 400 റണ്‍സാണ് കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ നേടിയത്. 700ലധികം റണ്‍സ് കഴിഞ്ഞ മാച്ചില്‍ പിറന്നിരുന്നു. ഇത് തീര്‍ത്തും അതിശയകരമാണ്.
ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കായി പിച്ചില്‍ മാറ്റം വരുത്തിയെന്ന് വിലപിക്കുന്ന മണ്ടന്‍മാരോട് മിണ്ടാതിരിക്കാനും ശ്രദ്ധ നേടാനായി വല്ലതും വിളിച്ചുപറയുന്നതും അവസാനിപ്പിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.
ഈ ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. അഥവാ പിച്ച് മാറ്റിയെങ്കിലും അത് ടോസിന് മുമ്പാണ് നടന്നത്. ടോസിന് ശേഷമോ മത്സരത്തിനിടയിലോ അല്ല.
ഒരു ലോകകപ്പ് ടീമെന്ന നിലയില്‍ ഏത് പിച്ചിലാണോ മത്സരം നടക്കുന്നത്, ആ മത്സരം കളിക്കുകയും ജയിക്കുകയുമാണ് ചെയ്യേണ്ടത്. അതാണ് ഇന്ത്യ കഴിഞ്ഞ മത്സരത്തില്‍ ചെയ്തത്,’ ഗവാസ്‌കര്‍ പറഞ്ഞു.
ഫൈനലിനായുള്ള പിച്ച് ഇപ്പോഴേ ഇന്ത്യ മാറ്റുകയാണെന്ന വിവാദങ്ങള്‍ക്കെതിരെയും അദ്ദേഹം പ്രതികരിച്ചു.
‘രണ്ടാം സെമി ഫൈനല്‍ ഇനിയും നടന്നിട്ടുപോലുമില്ല. അപ്പോഴേക്കും അവര്‍ അഹമ്മദാബാദ് പിച്ച് മാറ്റുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുകയാണ്,’ ഗവാസ്‌കര്‍ കുറ്റപ്പെടുത്തി.