| Thursday, 12th September 2024, 7:17 pm

സച്ചിന്റെ പേരില്‍ റെക്കോഡുള്ളത് കൊണ്ട് ക്രിക്കറ്റിന് എന്താണ് കുഴപ്പം? ഒന്ന് പറഞ്ഞു താ; കട്ടക്കലിപ്പില്‍ ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണിന്റെ പ്രസ്താവനക്കെതിരെ മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ജോ റൂട്ട് സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ടെസ്റ്റ് റണ്‍സിന്റെ റെക്കോഡ് തകര്‍ക്കുന്നത് ക്രിക്കറ്റിന് എന്തുകൊണ്ടും നല്ലതാണെന്ന വോണിന്റെ പ്രസ്താവനക്കെതിരെയാണ് ഗവാസ്‌കര്‍ രംഗത്തെത്തിയത്.

സച്ചിന്റെ പേരില്‍ നിലവില്‍ ആ റെക്കോഡ് നിലനില്‍ക്കുന്നതുകൊണ്ട് ക്രിക്കറ്റിന് എന്താണ് കുഴപ്പമെന്നും ജോ റൂട്ട് ആ റെക്കോഡ് നേടിയാല്‍ എന്ത് മാറ്റമാണ് ഉണ്ടാവുകയെന്നും ഗവാസ്‌കര്‍ ചോദിച്ചു. സ്‌പോര്‍ട്‌സ് സ്റ്റാറിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ്, ഏറ്റവുമധികം സെഞ്ച്വറി എന്നുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോഡ് ജോ റൂട്ട് മറികടക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിന് നല്ലതാണെന്ന് ആരോ പറഞ്ഞത് ഞാന്‍ കേട്ടു.

ഇപ്പോള്‍ സച്ചിന്റെ പേരില്‍ ആ റെക്കോഡ് ഉള്ളതുകൊണ്ട് ടെസ്റ്റ് ക്രിക്കറ്റിന് എന്ത് കുഴപ്പമാണുള്ളതെന്നും ഒരു ഇംഗ്ലീഷ് താരം അത് മറികടന്നാല്‍ എന്ത് മാറ്റം വരുമെന്നും ദയവായി ഞങ്ങള്‍ക്ക് പറഞ്ഞുതരിക. ദയവായി ഞങ്ങളെയും ഇക്കാര്യം പഠിപ്പിച്ചുതരൂ,’ ഗവാസ്‌കര്‍ പറഞ്ഞു.

നേരത്തെ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് റൂട്ട് സച്ചിന്റെ റെക്കോഡ് തകര്‍ക്കുന്നതിനെ കുറിച്ച് സംസാരിച്ചത്.

‘എനിക്ക് തോന്നുന്നത് അവന് 3,500 റണ്‍സ് മാത്രമാണ് കുറവുള്ളതെന്നാണ്. ഏറ്റവും ചുരുങ്ങിയത് അവന്‍ മൂന്ന് വര്‍ഷം കൂടി കളിക്കും. അത്യധികം ഉത്സാഹിയായ താരങ്ങളില്‍ ഒരാളാണ് റൂട്ട്.

റൂട്ട് സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ മറികടക്കുകയാണെങ്കില്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സംഭവിച്ചിട്ടുള്ള ഏറ്റവും മികച്ച കാര്യമായിരിക്കും. കാരണം ഒരു ഇംഗ്ലീഷ് താരം ആ ലിസ്റ്റില്‍ ഒന്നാമതെത്തണമെന്ന് ബി.സി.സി.ഐ ഒരിക്കലും ആഗ്രഹിക്കില്ല,’ വോണ്‍ പറഞ്ഞു.

ഇംഗ്ലണ്ടിനായി 145 ടെസ്റ്റില്‍ നിന്നും 50.93 ശരാശരിയില്‍ 12,402 റണ്‍സാണ് റൂട്ട് സ്വന്തമാക്കിയത്. 34 സെഞ്ച്വറിയും 64 അര്‍ധ സെഞ്ച്വറിയും നേടിയ റൂട്ട് ഏറ്റവുമധികം ടെസ്റ്റ് റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 15,921

റിക്കി പോണ്ടിങ് – ഓസ്ട്രേലിയ – 13,378

ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക/ഐ.സി.സി – 13,289

രാഹുല്‍ ദ്രാവിഡ് – ഇന്ത്യ/ഐ.സി.സി – 13,288

അലിസ്റ്റര്‍ കുക്ക് – ഇംഗ്ലണ്ട് – 12,472

ജോ റൂട്ട് – ഇംഗ്ലണ്ട് – 12,402*

കുമാര്‍ സംഗക്കാര – ശ്രീലങ്ക – 12,400

ബ്രയാന്‍ ലാറ – വെസ്റ്റ് ഇന്‍ഡീസ്/ ഐ.സി.സി – 11,953

ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ – വെസ്റ്റ് ഇന്‍ഡീസ് – 11,867

മഹേല ജയവര്‍ധനെ – ശ്രീലങ്ക – 11,814

Content highlight: Sunil Gavaskar slams Michael Vaughn

We use cookies to give you the best possible experience. Learn more