മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ഇന്ത്യന്‍ ടീം പരാജയപ്പെടുമ്പോള്‍ കളിക്കാര്‍ക്കിടയില്‍ വിള്ളലുണ്ട് എന്ന ടെംപ്ലേറ്റ് മാധ്യമങ്ങള്‍ ഉണ്ടാക്കി വെച്ചിട്ടുണ്ടെന്നും ക്രിക്കറ്റിനെക്കാള്‍ കൂടുതല്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മാധ്യമങ്ങള്‍ താത്പര്യപ്പെടുന്നതെന്നും ഗവാസ്‌കര്‍ പറഞ്ഞു.
സ്‌പോര്‍ട്‌സ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുതയായിരുന്നു ഗവാസ്‌കര്‍.
‘ഇന്ത്യന്‍ ടീം പരാജയപ്പെടുമ്പോള്‍ ടീമിനുള്ളില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു, ഒരു സീനിയര്‍ താരം ടീമിലെ മറ്റാരോടും തന്നെ സംസാരിക്കുന്നില്ല എന്ന തരത്തിലുള്ള ടെംപ്ലേറ്റുകള്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
ശരിക്കുള്ള ക്രിക്കറ്റ് വാര്‍ത്തകള്‍ നല്‍കുന്നതിന് പകരം എന്താണ് കാണിക്കേണ്ടതെന്നും ചര്‍ച്ച ചെയ്യേണ്ടതെന്നും മാധ്യമങ്ങള്‍ക്കറിയാം എന്നത് നല്ലതാണ്,’ ഗവാസ്‌കര്‍ വിമര്‍ശിച്ചു.
ഇന്ത്യന്‍ ടീം ഒരിക്കലും തോല്‍ക്കാന്‍ പാടില്ല എന്നാണ് മാധ്യമങ്ങള്‍ ധരിച്ചുവെച്ചിരിക്കുന്നതെന്നും, എതിരാളികള്‍ ശക്തരാണ് എന്ന കാര്യം അവര്‍ അംഗീകരിക്കാന്‍ തയ്യാറല്ലെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
‘ഇന്ത്യന്‍ ടീമിന് ഒരിക്കലും തോല്‍ക്കാന്‍ സാധിക്കില്ല എന്നാണ് ഇന്ത്യന്‍ മീഡിയ ധരിച്ചുവെച്ചിരിക്കുന്നത്. എതിര്‍ ടീമിലും മികച്ച താരങ്ങളുണ്ട്, അവര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കും എന്ന കാര്യം അവര്‍ ഒരിക്കലും അംഗീകരിച്ചുതരില്ല,’ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം സിഡ്നിയില്‍ തുടരുകയാണ്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറയ്ക്ക് കീഴിലാണ് ഇന്ത്യ അഞ്ചാം മത്സരം കളിക്കുന്നത്.
പരമ്പര നഷ്ടപ്പെടാതെ കാക്കാന്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. അതേസമയം, സിഡ്നിയില്‍ സമനില നേടിയാല്‍ പോലും ഓസ്ട്രേലിയക്ക് പരമ്പര സ്വന്തമാക്കാന്‍ സാധിക്കും.
Stumps on Day 1 in Sydney!
Captain Jasprit Bumrah with the opening wicket for #TeamIndia 🙌
Australia 9/1, trail by 176 runs.
Scorecard – https://t.co/NFmndHLfxu#AUSvIND pic.twitter.com/Z3tFKsqwM2
— BCCI (@BCCI) January 3, 2025
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 185 റണ്‍സിന് പുറത്തായി. വിരാട് കോഹ്‌ലിയടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ വീണ്ടും നിരാശപ്പെടുത്തിയ മത്സരത്തില്‍ 40 റണ്‍സടിച്ച റിഷബ് പന്താണ് ടോപ് സ്‌കോററായത്.
രവീന്ദ്ര ജഡേജ 95 പന്ത് നേരിട്ട് 26 റണ്‍സിന് പുറത്തായപ്പോള്‍ 22 റണ്‍സുമായി ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയാണ് മത്സരത്തില്‍ ടീമിന്റെ മൂന്നാമത് മികച്ച റണ്‍ വേട്ടക്കാരനായത്. മൂന്ന് ഫോറും ഒരു സിക്സറും ഉള്‍പ്പെടെയാണ് ബുംറ റണ്ണടിച്ചുകൂട്ടിയത്.
ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്കും ആദ്യ ദിനം തിരിച്ചടിയേറ്റു. ആദ്യ ദിനത്തിലെ അവസാന പന്തില്‍ ഉസ്മാന്‍ ഖവാജയെ മടക്കി ജസ്പ്രീത് ബുംറ ഓസ്ട്രേലിയക്ക് ഷോക്ക് ട്രീറ്റ്മെന്റ് നല്‍കി. പത്ത് പന്തില്‍ രണ്ട് റണ്‍സ് നേടി നില്‍ക്കവെയാണ് ഹോം ടൗണ്‍ ഹീറോ കെ.എല്‍. രാഹുലിന് ക്യാച്ച് നല്‍കി പുറത്തായത്.
Content Highlight: Sunil Gavaskar slams Indian Media