| Sunday, 10th November 2024, 12:35 pm

ഹണിമൂണ്‍ കാലം കഴിഞ്ഞു, ഇനി ഇന്ത്യയെ മര്യാദയ്ക്ക് പരിശീലിപ്പിക്ക്; ഗംഭീറിനെതിരെ വീണ്ടും ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയെ മികച്ച രീതിയില്‍ പരിശീലിപ്പിക്കാനാണ് ഗവാസ്‌കര്‍ ആവശ്യപ്പെടുന്നത്.

ഇന്ത്യന്‍ ടീമിനൊപ്പമുള്ള ഗംഭീറിന്റെ ഹണിമൂണ്‍ കാലാവധി കഴിഞ്ഞുവെന്നും ഈ കാലയളവില്‍ വരുത്തിയ തെറ്റുകള്‍ പൊറുക്കുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

‘ഗംഭീറിന്റെ ഹണിമൂണ്‍ കാലാവധി അവസാനിച്ചു. ഈ സമയങ്ങളില്‍ വരുത്തിവെച്ച തെറ്റുകള്‍ പൊറുക്കാനാകും. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ മികച്ച രീതിയില്‍ ഇന്ത്യയെ പരിശീലിപ്പിക്കണം,’ ഗവാസ്‌കര്‍ പറഞ്ഞു.

ബാറ്റിങ് കോച്ച് അടക്കമുള്ള സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കെതിരെയും ഗവാസ്‌കര്‍ വിമര്‍ശനമുന്നയിച്ചു.

‘അഭിഷേക് നായരുടെ റോള്‍ എന്താണ്? അദ്ദേഹം ബാറ്റിങ് കോച്ചാണോ അതോ അസിസ്റ്റന്റ് കോച്ചാണോ?

മറ്റ് രണ്ട് പേരേക്കാള്‍ (അഭിഷേക് നായര്‍, ടെന്‍ ഡോഷേറ്റ്) കൂടുതല്‍ റണ്‍സ് ഗംഭീര്‍ നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്നും, ഇന്ത്യന്‍ ടീം സ്വീകരിക്കേണ്ട സമീപനത്തെ കുറിച്ചും താരങ്ങള്‍ക്ക് മനസിലാക്കിക്കൊടുക്കാന്‍ സാധിച്ചാല്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കും,’ ഗവാസ്‌കര്‍ പറഞ്ഞു.

ഇതിന് മുമ്പും ഗവാസ്‌കര്‍ ഗംഭീറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ 22 മാത്രം ശരാശരിയുള്ള ഗംഭീര്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിനെ അവിടെ എങ്ങനെ കളിക്കണമെന്ന് പഠിപ്പിക്കാന്‍ പോകുന്നു എന്നായിരുന്നു ഗംഭീറിന്റെ പരിഹാസം കലര്‍ന്ന വിമര്‍ശനം.

അതേസമയം, ബി.ജി.ടിക്കുള്ള സ്‌ക്വാഡിനെ ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരുന്നു. പാറ്റ് കമ്മിന്‍സിനെ നായകനാക്കി ആദ്യ ടെസ്റ്റിനുള്ള 13 അംഗ സ്‌ക്വാഡിനെയാണ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. ഫാബ് ഫോറിലെ കരുത്തന്‍ സ്റ്റീവ് സ്മിത്താണ് കമ്മിന്‍സിന്റെ ഡെപ്യൂട്ടി.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി എന്ത് വിലകൊടുത്തും വിജയിക്കാനുറച്ചാണ് ഓസ്‌ട്രേലിയ സ്വന്തം മണ്ണില്‍ പോരാട്ടത്തിനിറങ്ങുന്നത്. ഈ പരമ്പരയില്‍ ആധിപത്യമുറപ്പിക്കുന്നവരായിരിക്കും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുക.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഓസ്‌ട്രേലിയന്‍ സ്‌ക്വാഡ് (ആദ്യ ടെസ്റ്റ്)

പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്റ്റീവ് സ്മിത്ത്, സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാന്‍, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, നഥാന്‍ മക്സ്വീനി, മിച്ചല്‍ സ്റ്റാര്‍ക്ക്.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍.

ട്രാവലിങ് റിസര്‍വുകള്‍.

മുകേഷ് കുമാര്‍, നവ്ദീപ് സെയ്നി, ഖലീല്‍ അഹമ്മദ്.

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം

ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.

രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്‌ലെയ്ഡ് ഓവല്‍.

മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്‌ബെയ്ന്‍.

ബോക്‌സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.

അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്.

Content highlight: Sunil Gavaskar slams Gautam Gambhir

We use cookies to give you the best possible experience. Learn more