| Monday, 6th March 2023, 8:49 pm

ഓസ്‌ട്രേലിയന്‍ സെലക്ടര്‍മാരോടാണ്, പണിയറിയില്ലെങ്കില്‍ കളഞ്ഞിട്ട് പോകൂ: ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ടെസ്റ്റ് സീരീസില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയ. ആദ്യ രണ്ട് മത്സരങ്ങളിലേറ്റ കനത്ത പരാജയത്തിന് ശേഷം ഇന്‍ഡോറില്‍ ഒമ്പത് വിക്കറ്റിന്റെ മികച്ച വിജയമാണ് ഓസീസ് നേടിയെടുത്തത്. ഇതോടെ പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താനും ഓസീസിന് സാധിച്ചു. എങ്കിലും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും മുന്‍ താരങ്ങളും ടീമിന്റെ പ്രകടനത്തില്‍ വലിയ നിരാശയാണ് പ്രകടിപ്പിച്ചത്. ഇന്ത്യന്‍ പിച്ചുകള്‍ക്കെതിരെയും ഓസീസ് താരങ്ങള്‍ക്കെതിരെയും വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വന്നത്.

ഇപ്പോഴിതാ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളുടെ വായടപ്പിക്കുന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. കളിക്കാരുടെ കുറ്റം കണ്ടുപിടിക്കുന്നതിന് മുമ്പ് ടീം സെലക്ടര്‍മാരുടെ കാര്യത്തില്‍ തീരുമാനമാക്കാനാണ് ഗവാസ്‌കര്‍ നിര്‍ദേശിച്ചത്. പരിക്ക് പറ്റിയ താരങ്ങളെ ഇന്ത്യയിലേക്കയക്കാന്‍ ഓസീസ് സെലക്ടര്‍മാര്‍ക്ക് എന്താണിത്ര ധൃതിയെന്നും ഗവാസ്‌കര്‍ പരിഹസിച്ചു.

വരാനിരിക്കുന്ന ടെസ്റ്റ് മത്സരത്തിന്റെ റിസള്‍ട്ടിന് കാത്തുനില്‍ക്കാതെ രാജി വെച്ച് പുറത്ത് പോവാനാണ് ഓസീസ് സെലക്ടര്‍മാരോട് ഗവാസ്‌കര്‍ പറഞ്ഞത്.

‘ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും മുന്‍ താരങ്ങളും കളിക്കാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്തിനാണ്. ടീമിന്റെ മോശം പ്രകടനമാണ് വിഷയമെങ്കില്‍ ആദ്യം സെലക്ടര്‍മാരെ പറയണം. മിച്ചല്‍ സ്റ്റാര്‍കും ഹേസല്‍വുഡും കാമറൂണ്‍ ഗ്രീനും പരിക്കിന്റെ പിടിയിലാണെന്നും ആദ്യ ടെസ്റ്റില്‍ കളിപ്പിക്കാന്‍ പറ്റില്ലെന്നും ഇവര്‍ക്കറിയാത്ത കാര്യമൊന്നുമല്ലല്ലോ? എന്നിട്ടും അവരെ സ്‌ക്വാഡിലെടുക്കാന്‍ എന്തായിരുന്നു ഇത്ര ധൃതി,’ ഗവാസ്‌കര്‍ ചോദിച്ചു.

ടീമിന്റെ മൊത്തം പ്രകടനത്തെ ബാധിക്കുന്ന കാര്യമാണ് ഓസ്‌ട്രേലിയന്‍ സെലക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. അത് കാണാതെ പോവാന്‍ സാധിക്കില്ല. ഇനി നടക്കാനുള്ള ഗുജറാത്ത് ടെസ്റ്റില്‍ ഓസ്‌ട്രേലിയ ജയിച്ചാലും ഇല്ലെങ്കിലും സെലക്ടര്‍മാര്‍ രാജി വെച്ച് പുറത്ത് പോകണമെന്നാണ് തന്റെ അഭിപ്രായമെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

മൂന്നാം ടെസ്റ്റിലെ ഓസീസിന്റെ തിരിച്ചുവരവ് പരമ്പര വൈറ്റ് വാഷ് ചെയ്യാനുള്ള ഇന്ത്യയുടെ മോഹങ്ങളാണ് തല്ലിക്കെടുത്തിയത്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ഗംഭീര വിജയം നേടിയ ആത്മവിശ്വാസത്തില്‍ ഇന്‍ഡോറിലെത്തിയ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴച്ചു. മൂന്നാം ടെസ്റ്റില്‍ വിജയിച്ചാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഉറപ്പിക്കാനും ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താനും ഇന്ത്യക്ക് സാധിക്കുമായിരുന്നു.

ആദ്യ ടെസ്റ്റില്‍ 109 റണ്‍സിനാണ് ഇന്ത്യന്‍ നിര കൂടാരം കയറിയത്. അഞ്ച് വിക്കറ്റ് നേടിയ മാത്യു കുന്‍മാനും മൂന്ന് വിക്കറ്റ് നേടിയ നഥാന്‍ ലിയോണും കേളികേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയെ എറിഞ്ഞിടുകയായിരുന്നു. തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച ഓസീസ് ഇന്ത്യയുയര്‍ത്തിയ ഒന്നാം ഇന്നിങ്സ് സ്‌കോര്‍ അനായാസം മറികടക്കുകയും ലീഡ് സ്വന്തമാക്കുകയുമായിരുന്നു.

ശേഷം രണ്ടാം ഇന്നിങ്‌സിലും കാര്യമായ ചെറുത്ത് നില്‍പിനില്ലാതെ ഇന്ത്യന്‍ ടീം കീഴടങ്ങിയതോടെ ഓസീസ് പട ഒമ്പത് വിക്കറ്റിന്റെ വിജയം കരസ്ഥമാക്കി പരമ്പരയില്‍ 2-1 ലെത്തി.

മാര്‍ച്ച് ഒമ്പതിനാണ് പരമ്പരയിലെ അവസാന ടെസ്റ്റ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയമാണ് വേദി.

Content Highlight: Sunil Gavaskar slams Australin cricket selectors

We use cookies to give you the best possible experience. Learn more