| Wednesday, 8th February 2023, 4:35 pm

രണ്ട് ദിവസം കൊണ്ട് ടെസ്റ്റ് തന്നെ തീര്‍ക്കുന്ന നിങ്ങള്‍ക്കൊന്നും ഇന്ത്യയിലെ പിച്ചിനെ കുറ്റം പറയാന്‍ ഒരു അധികാരവുമില്ല; കങ്കാരുക്കളെ വലിച്ചുകീറി ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് മുമ്പ് ഓസീസിനെ കടന്നാക്രമിച്ച് ഇന്ത്യന്‍ ലെജന്‍ഡ് സുനില്‍ ഗവാസ്‌കര്‍. ഇന്ത്യന്‍ പിച്ചുകളെ നിരന്തരം വിമര്‍ശിക്കുന്ന ഓസീസ് താരങ്ങള്‍ക്ക് വായടപ്പിക്കുന്ന മറുപടിയാണ് ഗവാസ്‌കര്‍ നല്‍കിയത്.

സ്വന്തം നാട്ടിലെ പിച്ചുകളെ വിലയിരുത്താത്ത ഓസ്‌ട്രേലിയക്ക് ഇന്ത്യയിലെ പിച്ചുകളെ വിമര്‍ശിക്കാന്‍ ഒരു അധികാരവുമില്ലെന്നായിരുന്നു ഗവാസ്‌കറിന്റെ അഭിപ്രായം.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഓസ്‌ട്രേലിയ-സൗത്ത് ആഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനെ കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു ഗവാസ്‌കര്‍ ഓസീസിന് മറുപടി നല്‍കിയത്. ബ്രിസ്‌ബെയ്‌നില്‍ വെച്ച് നടന്ന മത്സരത്തില്‍ വെറും രണ്ടേ രണ്ട് ദിവസം കൊണ്ട് നാല് ഇന്നിങ്‌സുകളും അവസാനിച്ചിരുന്നു.

മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ സൗത്ത് ആഫ്രിക്ക 152 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 64 റണ്‍സ് നേടിയ കൈല്‍ വെരെയ്‌നെയും 38 റണ്‍സ് നേടിയ തെംബ ബാവുമയുമായിരുന്നു ടോപ് സ്‌കോറര്‍മാര്‍.

ആദ്യ ഇന്നിങ്‌സില്‍ ചെറിയ സ്‌കോറില്‍ എതിരാളികളെ തളര്‍ത്തിയിട്ട ഓസീസ് ട്രാവിസ് ഹെഡിന്റെ ഇന്നിങ്‌സിന്റെ ബലത്തില്‍ 218 റണ്‍സ് നേടി.

ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസ് 99ന് പുറത്തായി. 36 റണ്‍സ് നേടി പുറത്താവാതെ നിന്ന ഖായ സോണ്ടയാണ് ടോപ് സ്‌കോറര്‍. 35 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിന് എക്‌സ്ട്രാസ് വഴി ബൗളര്‍മാര്‍ റണ്‍സ് വാരിക്കോരി നല്‍കിയതോടെ രണ്ടാം ദിവസത്തെ മൂന്നാം സെഷനില്‍ തന്നെ കളിയവസാനിച്ചു.

ബ്രിസ്‌ബെയ്‌നില്‍ വെച്ച് നടന്ന ഈ മത്സരം ചൂണ്ടിക്കാട്ടിയാണ് ഗവാസ്‌കര്‍ ഓസീസിനെ വലിച്ചുകീറിയത്. മിഡ് ഡേയിലെഴുതിയ കോളത്തിലാണ് ഗവാസ്‌കര്‍ ഓസീസിനെ വിമര്‍ശിച്ചത്.

‘കഴിഞ്ഞ തവണ ഇവിടെ പര്യടനം നടത്തിയപ്പോഴുള്ള പിച്ചിനെ കുറിച്ച് സംസാരിച്ച് ഓസ്‌ട്രേലിയ അവരുടെ മൈന്‍ഡ് ഗെയിംസ് ആരംഭിച്ചിരിക്കുകയാണ്.

രണ്ട് ദിവസം കൊണ്ട് ടെസ്റ്റ് മത്സരം അവസാനിപ്പിച്ച ഒരു രാജ്യത്തിന് ഇന്ത്യന്‍ പിച്ചുകളെ കുറിച്ച് വിലപിക്കാന്‍ ഒരു അര്‍ഹതയുമില്ല. സൗത്ത് ആഫ്രിക്കക്കെതിരായ ബ്രിസ്‌ബെയ്‌നിലെ മത്സരം വെറും രണ്ട് ദിവസം കൊണ്ടാണ് അവസാനിച്ചത്.

രണ്ട് ദിവസം കൊണ്ട് മത്സരം അവസാനിച്ചതിനെ കുറിച്ചല്ല സംസാരിക്കുന്നത്, അ മത്സരത്തിന് ഒരുക്കിയ പിച്ചിനെ കുറിച്ചാണ്. ആ പിച്ചില്‍ പന്ത് പറക്കുകയായിരുന്നു. ബാറ്റര്‍മാരുടെ ജീവന് പോലും അപകടകരമായിരുന്നുവത്,’ ഗവാസ്‌കര്‍ എഴുതി.

ഫെബ്രുവരി ഒമ്പതിനാണ് ഓസീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരം. വിദര്‍ഭയാണ് വേദി. ഓസീസിനെതിരായ പരമ്പര മികച്ച മനാര്‍ജിനില്‍ വിജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താനാകും ഇന്ത്യ ശ്രമിക്കുന്നത്.

Content Highlight: Sunil Gavaskar slams Australia before Border-Gavaskar Trophy

We use cookies to give you the best possible experience. Learn more