| Saturday, 6th August 2022, 3:38 pm

ഞങ്ങള്‍ എന്ത് ചെയ്യണമെന്ന് നിങ്ങള്‍ പറയേണ്ട, നിങ്ങള്‍ പറയുന്നതിനേക്കാള്‍ നന്നായിട്ട് കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ക്കറിയാം ; മറ്റു ടീമുകള്‍ക്കെതിരെ ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് ലീഗെന്ന് വിളിപ്പേരുള്ള ലീഗാണ് ഐ.പി.എല്‍. ഐ.പി.എല്ലിന്റെ വളര്‍ച്ച ക്രിക്കറ്റിന് മുകളില്‍ വളരുന്നുണ്ടൊ എന്നുള്ള കാര്യം ഈയിടെ ചര്‍ച്ചാവിഷയമാണ്. ഇന്ത്യയില്‍ മാത്രമല്ല ഇന്ന് ഐ.പി.എല്ലിന്റെ ആധിപത്യമുള്ളത്.

പുതുതായി ആരംഭിക്കുന്ന യു.എ.ഇ ലീഗിലും, ദക്ഷിണാഫ്രിക്കന്‍ ലീഗിലും ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ ടീമുകളെ സ്വന്തമാക്കിയിട്ടുണ്ട്. ഐ.പി.എല്ലിന്റെ ഈ ഇംപാക്റ്റ് അന്താരാഷ്ട്ര ക്രിക്കറ്റിനെ ബാധിക്കുന്നുണ്ടെന്നാണ് മറ്റുള്ള രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡ് വാദിച്ചത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബി.ബി.എല്ലിനെയും ഇംഗ്ലണ്ടിലെ ഹണ്ട്രഡ് ലീഗ് എന്നിവയെ പുതിയ ലീഗുകള്‍ ബാധിക്കുമെന്നുള്ളത് കൊണ്ടാണ് ഓസീസ്, ഇംഗ്ലണ്ട് താരങ്ങള്‍ ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയത്.

എന്നാല്‍ ഇതിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഇതിഹാസ താരമായ സുനില്‍ ഗവാസ്‌കര്‍. ഇംഗ്ലണ്ടിനോടും ഓസ്ട്രേലിയയോടും അവരുടെ ക്രിക്കറ്റ് കാര്യങ്ങള്‍ നോക്കാനും ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കാനും ഗവാസ്‌കര്‍ ഉപദേശിച്ചു.

എന്താണ് ചെയ്യേണ്ടതെന്ന് തങ്ങളോട് പറയരുതെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്. ഈ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവരേക്കാള്‍ നന്നായി ഇന്ത്യക്കറിയാമെന്നും ഗവാസ്‌കര്‍ പറയുന്നു.

‘എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങളോട് പറയരുത്. ഞങ്ങളുടെ താല്‍പ്പര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നും നിങ്ങള്‍ ഞങ്ങളോട് ചെയ്യാന്‍ പറയുന്നതിനേക്കാള്‍ നന്നായി അത് ചെയ്യാനും ഞങ്ങള്‍ക്കറിയാം,” ഗവാസ്‌കര്‍ സ്പോര്‍ട്സ് സ്റ്റാറിനായുള്ള തന്റെ കോളത്തില്‍ കുറിച്ചു.

ദക്ഷിണാഫ്രിക്ക, യു.എ.ഇ ലീഗുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയയും പരാതിപ്പെടാന്‍ തുടങ്ങിയെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

‘ഐ.പി.എല്‍ അന്താരാഷ്ട്ര ക്രിക്കറ്റിനെ ബാധിക്കുന്നില്ല. ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിനെയും യു.എ.ഇ ടി20 ലീഗിനെയും കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ അവര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ ലക്ഷ്യമിട്ട് ഓരോന്നും പറയാന്‍ തുടങ്ങിയിരുന്നു,’ ഗവാസ്‌കര്‍ പറഞ്ഞു.

ഇംഗ്ലണ്ടും ഓസ്ട്രേലിയയും പുതിയ ടൂര്‍ണമെന്റുകളെക്കുറിച്ച് ആശങ്കാകുലരാണെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ ഗവാസ്‌കര്‍ പറഞ്ഞു. കാരണം അവരുടെ ഷെഡ്യൂള്‍ ഈ ലീഗുകളുമായി ഏറ്റുമുട്ടും. അവരുടെ കളിക്കാര്‍ അവരുടെ ലീഗ് ഉപേക്ഷിച്ച് പുതിയ ലീഗിലേക്ക് ചേക്കേറുമോ എന്നും അവര്‍ക്ക് ഭയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ടി20 ലീഗുകള്‍ക്കായി അവര്‍ക്ക് അവരുടെ വിന്‍ഡോകളുണ്ട്, പക്ഷേ അവരുടെ ചില കളിക്കാര്‍ മറ്റ് ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ തീരുമാനിച്ചേക്കുമെന്നത് അവരെ ഭയപ്പെടുത്തുന്നു,’ ഗവാസകര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Sunil Gavaskar slams Austrailia And England Cricket

We use cookies to give you the best possible experience. Learn more