സൗത്ത് ആഫ്രിക്കക്കെതിരെ ആദ്യ ടെസ്റ്റിലെ നാണംകെട്ട തോല്‍വിക്ക് ശേഷം 2024 ജനുവരി മൂന്നിന് കേപ് ടൗണില്‍ വെച്ച് ഇന്ത്യയുടെ അവസാന ടെസ്റ്റ് നടക്കാനിരിക്കുകയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ആദ്യ ടെസ്റ്റില്‍ ഇന്ത്യ വന്‍ പരാജയം ആയിരുന്നു. നിര്‍ണായകമായ ടെസ്റ്റിന് മുമ്പ് സുനില്‍ ഗവാസ്‌കര്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെ കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
ടെസ്റ്റില്‍ ബാറ്റ് ചെയ്യുമ്പോള്‍ താരം കുറച്ച് അധികം ആക്രമണ സ്വഭാവം കാണിക്കുന്നു എന്നാണ് സുനില്‍ ഗവാസ്‌കര്‍ പറയുന്നത്.
‘ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹം അല്പം ആക്രമണ രീതിയില്‍ കളിക്കുന്നുണ്ട്,’ഗവാസ്‌കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു. ടി ട്വന്റി ക്രിക്കറ്റും ഏകദിന ക്രിക്കറ്റും പോലെയല്ല ടെസ്റ്റ് അതില്‍ വ്യത്യാസമുണ്ടെന്ന് ഗവാസ്‌കര്‍ പറഞ്ഞു.
‘ചുവപ്പ് പന്ത് വെളുത്ത പന്തിനെക്കാള്‍ അല്പം കൂടുതല്‍ നീങ്ങുന്നതാണ്. പന്തിന്റെ സ്പീഡ് അല്പം കൂടും. അവന്‍ അത് മനസില്‍ സൂക്ഷിക്കണം,’ഗവാസ്‌കര്‍ പറഞ്ഞു.
സൗത്ത് ആഫ്രിക്കക്കെതിരായ ആദ്യ ഇന്നിങ്‌സില്‍ നാന്ദ്രെ ബര്‍ഗറിന്റെ ഡെലിവറിയിലാണ് താരം പുറത്തായത്. വെറും രണ്ടു റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ മാര്‍ക്കോ യാന്‍സന്‍ എറിഞ്ഞ പന്ത് ലൈനിന് പുറത്തേക്ക് കളിക്കാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും പിഴവ് പറ്റുകയായിരുന്നു ഗില്ലിന്. 37 പന്തില്‍ നിന്നും 6 ബൗണ്ടറികള്‍ അടക്കം 26 റണ്‍സ് നേടാനാണ് താരത്തിന് സാധിച്ചത്.
‘ശുഭ്മന്‍ ഗില്‍ തന്റെ കരിയര്‍ വളരെ നന്നായി ആരംഭിച്ചു. അദ്ദേഹത്തിന്റെ ഷോട്ടുകള്‍ മികച്ചതാണ്. അവന്‍ ഫോമിലേക്ക് തിരിച്ചെത്തുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. അദ്ദേഹം കൂടുതല്‍ കഠിനമായി പരിശീലിക്കുമെന്നും ഭാവിയില്‍ നന്നായി കളിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്,’ ഗവാസ്‌കര്‍ അവസാനിപ്പിച്ചു.
Content Highlight: Sunil Gavaskar says that Shubman Gill is playing aggressively in Tests