ടി-20 ലോകകപ്പിലെ രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയാണ് ഇന്ത്യ മടങ്ങുന്നത്. പത്ത് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ട് ഇന്ത്യയെ തകര്‍ത്തുവിട്ടത്.
ഓപ്പണര്‍മാര്‍ വീണ്ടും മങ്ങിയ മത്സരത്തില്‍ വിരാട് കോഹ്‌ലിയും ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്നാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ നേടിക്കൊടുത്തത്. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് ഇന്ത്യ നേടിയത്.
40 പന്തില്‍ നിന്നും 50 റണ്‍സെടുത്ത് വിരാട് കോഹ്‌ലിയും 33 പന്തില്‍ നിന്നും നിന്നും 63 റണ്‍സുമാണ് ഹര്‍ദിക് പാണ്ഡ്യയും ഇന്ത്യന്‍ സ്‌കോറിങ്ങിന് കരുത്തായി.
എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാരെ നോക്കുകുത്തികളാക്കി ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ റണ്ണടിച്ചുകൂട്ടിയപ്പോള്‍ അന്തംവിട്ട് നില്‍ക്കാന്‍ മാത്രമായിരുന്നു ആരാധകര്‍ക്ക് സാധിച്ചത്.
ടി-20 ഫോര്‍മാറ്റിന്റെ സകല സ്‌ഫോടനാത്മകമകതയും പുറത്തെടുത്ത പ്രകടനമായിരുന്നു ഇംഗ്ലണ്ട് ഓപ്പണര്‍മാരായ അലക്‌സ് ഹേല്‍സും ക്യാപ്റ്റന്‍ ജോസ് ബട്‌ലറും കാഴ്ചവെച്ചത്.
ഹേല്‍സ് 47 പന്തില്‍ നിന്നും ഏഴ് സിക്‌സറും നാല് ബൗണ്ടറിയുമായി 86 റണ്‍സ് നേടിയപ്പോള്‍ ഒമ്പത് ബൗണ്ടറിയും നാല് സിക്‌സറുമടക്കം 80 റണ്‍സുമായി ജോസ് ബട്‌ലറും തകര്‍ത്തടിച്ചു.
ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സുനില്‍ ഗവാസ്‌കറിന്റെ പ്രസ്താവനയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഈ തോല്‍വിക്ക് പിന്നാലെ പല ഇന്ത്യന്‍ താരങ്ങളും ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുമെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്.
ഗവാസ്‌കറിന്റെ വാക്കുകളെ ഉദ്ധരിച്ച് പ്രമുഖ കായിക മാധ്യമമായ ക്രിക് ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘ഈ തോല്‍വിക്ക് പിന്നാലെ പല വിരമിക്കല്‍ പ്രഖ്യാപനങ്ങളും വന്നേക്കാം,’ എന്നായിരുന്നു ഗവാസ്‌കര്‍ പറഞ്ഞത്.
ഇന്ത്യയെ തോല്‍പിച്ച് ഫൈനലിലെത്തിയ ഇംഗ്ലണ്ടിന് പാകിസ്ഥാനെയാണ് നേരിടാനുള്ളത്. സൂപ്പര്‍ 12 ഘട്ടത്തിന് ശേഷം ഓരോ ഗ്രൂപ്പുകളിലെയും രണ്ടാം സ്ഥാനക്കാരാണ് ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്.