ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഗുജറാത്ത് ടൈറ്റന്‍സ് 55 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. ഇതിന് കാരണം
ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണെന്നാണ് മുംബൈ ആരാധകരുടെ ഭാഷ്യം.
ഗുജറാത്ത് ഉയര്‍ത്തിയ 207 എന്ന പടുകൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് മോശം തുടക്കമായിരുന്നു ലഭിച്ചിരുന്നത്. ആദ്യ ഓവറില്‍ രണ്ട് റണ്‍സ് മാത്രമാണ് മുംബൈ ഇന്ത്യന്‍സിന് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്. രണ്ടാം ഓവറിലും വെറും രണ്ട് റണ്‍സാണ് മുംബൈ ഇന്ത്യന്‍സിന് നേടാന്‍ സാധിച്ചത്.
രണ്ടാം ഓവറിലെ അവസാന പന്തില്‍ തന്നെ രോഹിത് ഇന്നലെ പുറത്തായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്. പുറത്താകുമ്പോള്‍ എട്ട് പന്തില്‍ നിന്നും വെറും രണ്ട് റണ്‍സ് മാത്രമായിരുന്നു രോഹിത് ശര്‍മയുടെ സമ്പാദ്യം. ഈ മോശം ഇന്നിങ്സിന് പിന്നാലെ നിരവധി ട്രോളുകളുകളും രോഹിതിനെ തേടിയെത്തിയിരുന്നു.
ഈ സാഹചര്യത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റങ് ഓര്‍ഡറില്‍ മാറ്റം വേണമെന്നും രോഹിതിന് ഒരു ബ്രേക്ക് അത്യാവശ്യമാണെന്നും അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ലെജന്‍ഡ് സുനില്‍ ഗവാസ്‌കര്‍. സ്റ്റാര്‍ സ്പോര്‍ട്സിനോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘രോഹിതിന് ഒരു ബ്രേക്ക് അത്യാവശ്യമാണ്. താരം തല്‍ക്കാലം വിശ്രമിക്കുകയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി ഫിറ്റ്‌നസ് നിലനിര്‍ത്തുകയും ചെയ്യണമെന്ന് ഞാന്‍ പറയുന്നു. അതിന് ശേഷം അവന് തിരിച്ചുവരാന്‍ കഴിയും. ഇപ്പോഴവന്‍ സ്വല്‍പം ശ്വാസം എടുക്കട്ടെ,’ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
ഐ.പി.എല്ലില്‍ മുംബൈയുടെ അവസാന മത്സരങ്ങളില്‍ രോഹിത് തിരിച്ചുവരണമെന്നും ഗവാസ്തകര്‍ അഭിപ്രായപ്പെട്ടു.
Content Highlight: Sunil Gavaskar says Rohit Sharma should take a break Mumbai Indians