ധോണിക്ക് ശേഷം ഇനിയാര്? തോറ്റുപോയവന്റെ പേര് പറഞ്ഞ് ഗവാസ്‌കര്‍
IPL
ധോണിക്ക് ശേഷം ഇനിയാര്? തോറ്റുപോയവന്റെ പേര് പറഞ്ഞ് ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 4th May 2023, 7:56 pm

എം.എസ്. ധോണിയുടെ അവസാന ഐ.പി.എല്‍ ടൂര്‍ണമെന്റ് എന്നറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ സീസണ്‍ ശ്രദ്ധ നേടിയത്. എന്നാല്‍ ഈ സീസണോടെ വിരമിക്കാന്‍ പോകുന്നു എന്ന് പറഞ്ഞത് താനല്ല, നിങ്ങളൊക്കെയാണെന്നായിരുന്നു കഴിഞ്ഞ ദിവസം ധോണി പറഞ്ഞത്.

ധോണിക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകസ്ഥാനത്തേക്ക് ആരെത്തുമെന്നാണ് ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാ വിഷയം. ഈ ലേലത്തില്‍ ബെന്‍ സ്റ്റോക്‌സിനെ ടീമിലെത്തിച്ചതോടെ സ്‌റ്റോക്‌സി ടീമിനെ നയിച്ചേക്കുമെന്ന് ചര്‍ച്ചകളുയര്‍ന്നിരുന്നു. എന്നാല്‍ സ്‌റ്റോക്‌സിന്റെ നിലവിലെ അവസ്ഥയാകട്ടെ പരിതാപകരവുമാണ്.

എന്നാല്‍ ധോണിയുടെ പിന്‍ഗാമിയായി രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കണമെന്ന് പറയുകയാണ് ക്രിക്കറ്റ് ഇതിഹാസവും ഇന്ത്യയുടെ വേള്‍ഡ് കപ്പ് ഹീറോയുമായ സുനില്‍ ഗവാസ്‌കര്‍. ഗവാസ്‌കറിന്റെ ഡെപ്യൂട്ടിയായി ഋതുരാജ് ഗെയ്ക്വാദിനെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ രവീന്ദ്ര ജഡേജക്ക് മറ്റൊരു അവസരം കൂടി നല്‍കും. കഴിഞ്ഞ വര്‍ഷം അവന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. ക്യാപ്റ്റന്റെ റോള്‍ ഒരിക്കലും എളുപ്പമുള്ള ഒന്നല്ല. കഴിഞ്ഞ സീസണില്‍ അവനത് ബുദ്ധിമുട്ടായി തോന്നിയിരിക്കാം. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല, അവന്‍ പരിചയസമ്പന്നനാണ്.

 

ക്യാപ്റ്റന്റെ റോളില്‍ അവന് മറ്റൊരു അവസരം കൂടി നല്‍കും. ഋതുരാജ് ഗെയ്ക്വാദിനെ ഞാന്‍ വൈസ് ക്യാപ്റ്റനായി നിയമിക്കും. ഭാവിയെ നമ്മള്‍ ഇപ്പോഴേ പടുത്തുയര്‍ത്തണം,’ ഗവാസ്‌കര്‍ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ എം.എസ്. ധോണി ക്യാപ്റ്റന്റെ റോളില്‍ നിന്നും മാറി നില്‍ക്കുകയും ടീം ജഡേജക്ക് അവസരം നല്‍കുകയുമായിരുന്നു. എന്നാല്‍ മികച്ച പ്രകടനമല്ല താരം നടത്തിയത്.

ക്യാപ്റ്റന്റെ റോളിലെത്തിയതിന് പിന്നാലെ ജഡേജക്ക് തൊട്ടതെല്ലാം പിഴയ്ക്കുന്ന കാഴ്ചയായിരുന്നു ഐ.പി.എല്‍ കണ്ടത്. സമ്മര്‍ദത്തിനടിമപ്പെട്ട ജഡേജയുടെ ബാറ്റിങ്ങും ബൗളിങ്ങും അടക്കം തകര്‍ന്നടിഞ്ഞിരുന്നു.

താരം എന്ന നിലയില്‍ ജഡജേയും ടീം എന്ന നിലയില്‍ സി.എസ്.കെയും തുടര്‍പരാജയമേറ്റുവാങ്ങിയതോടെ താരം ക്യാപ്റ്റന്‍സി ഉപേക്ഷിക്കുകയും ധോണി വീണ്ടും ക്യാപ്റ്റനായി എത്തുകയും ചെയ്യുകയുമായിരുന്നു.

 

Content highlight: Sunil Gavaskar says Ravindra Jadeja should captain CSK after MS Dhoni