| Monday, 27th May 2024, 8:17 pm

ധോണി ഒരിക്കലും ഐ.പി.എല്ലില്‍ നിന്നും വിരമിക്കരുത്, പകരം ഐ.പി.എല്‍ കളിക്കുന്നത് നിര്‍ത്തണം: സുനില്‍ ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഓരോ സീസണ്‍ അവസാനിക്കുമ്പോഴും എം.എസ്. ധോണി ഐ.പി.എല്ലില്‍ നിന്നും വിരമിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരാറുണ്ട്. എന്നാല്‍ ആ റിപ്പോര്‍ട്ടുകളെ കാറ്റില്‍ പറത്തി താരം അടുത്ത സീസണില്‍ ഐ.പി.എല്‍ കളിക്കാനെത്തുകയും ചെയ്യാറുണ്ട്.

2023ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ചാം കിരീടവുമണിയിച്ചതിന് പിന്നാലെ താരം ഐ.പി.എല്ലില്‍ നിന്നും വിരമിക്കുമെന്ന് ചെന്നൈ ആരാധകര്‍ പോലും കരുതിയിരുന്നു. എന്നാല്‍ 2024ല്‍ ഇന്ത്യയുടെ ഭാവിയാകാന്‍ പോകുന്ന ഋതുരാജ് ഗെയ്ക്വാദിനെ ക്യാപ്റ്റന്‍സിയേല്‍പിച്ച് വിക്കറ്റ് കീപ്പറുടെ റോളിലും ചെന്നൈ കുപ്പായത്തില്‍ ധോണിയെത്തി.

അടുത്ത വര്‍ഷം ധോണി ഐ.പി.എല്‍ കളിക്കാനെത്തുമോ എന്നത് ഇപ്പോഴേ സൂചിക്കുഴലിലൂടെ ക്രിക്കറ്റ് അനലിസ്റ്റുകള്‍ പരിശോധനയും ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍ എം.എസ്. ധോണി ഐ.പി.എല്ലില്‍ നിന്നും വിരമിക്കരുതെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.

ധോണി വിരമിക്കാന്‍ പാടില്ലെന്നും പക്ഷേ ഐ.പി.എല്‍ കളിക്കരുതെന്നും താരം പറയുന്നു. ഇപ്പോള്‍ വിരമിക്കാതിരുന്നാല്‍ ഭാവിയില്‍ ഐ.പി.എല്‍ കളിക്കണമെന്ന് തോന്നിയാല്‍ തിരിച്ചുവരാന്‍ ധോണിക്ക് അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് തോന്നുന്നത് ജൂലൈ ഏഴിന് അദ്ദേഹം ആ വലിയ പ്രഖ്യാപനം നടത്തുമെന്നാണ്. അദ്ദേഹം ഒരിക്കലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും വിരമിക്കാന്‍ പാടില്ല. പക്ഷേ അതില്‍ കളിക്കുന്നത് അവസാനിപ്പിക്കണം.

എപ്പോഴാണോ ധോണിക്ക് മടങ്ങിവരാന്‍ തോന്നുന്നത്, അപ്പോള്‍ അദ്ദേഹത്തിന് ഐ.പി.എല്ലിലേക്ക് തിരിച്ചുവരാന്‍ സാധിക്കും. ഈ ടൂര്‍ണമെന്റില്‍ നിന്നും വിരമിക്കാത്തതിനാല്‍ ബി.സി.സി.ഐക്ക് പോലും അദ്ദേഹത്തെ തടയാന്‍ സാധിക്കില്ല,’ ഗവാസ്‌കറിന്റെ വാക്കുകളെ ഉദ്ധരിച്ച് പ്രമുഖ കായിക മാധ്യമമായ ക്രിക്ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗിന് ഈ അഭിപ്രായമല്ല ഉള്ളത്. ധോണി അടുത്ത സീസണില്‍ കളിക്കരുതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. മുന്‍പ് ക്രിക്ബസ്സില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് സേവാഗ് ധോണിയുടെ ഐ.പി.എല്‍ കരിയറിനെ കുറിച്ച സംസാരിച്ചത്.

‘കഴിഞ്ഞ മൂന്ന് വര്‍ഷമായി നമ്മള്‍ എം.എസ്. ധോണിയുടെ വിരമിക്കലിനെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ ഓരോ തവണയും നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം വീണ്ടും കളത്തിലിറങ്ങുന്നു. എന്നാല്‍ ഇത് അദ്ദേഹത്തിന്റെ അവസാന സീസണ്‍ ആയിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.

ഇപ്പോള്‍ തന്നെ അദ്ദേഹത്തിന് 42 വയസായി. ഒരു വര്‍ഷം കൂടി കളിക്കുക എന്നത് ബുദ്ധിമുട്ടായിരിക്കും. അടുത്ത വര്‍ഷം അദ്ദേഹത്തിന് 43 വയസാകും. ഈ പ്രായത്തില്‍ വിരലിലെ ചെറിയ വേദന പോലും മുഖത്ത് പ്രതിഫലിച്ച് കാണാന്‍ സാധിക്കും,’ സേവാഗ് പറഞ്ഞു.

ധോണിയുടെ വിരമിക്കലിന് പിന്നാലെ ആരാധകര്‍ക്കിടയില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോടുള്ള ആരാധന കുറയുമെന്നും മറ്റ് സ്റ്റേഡിയങ്ങളില്‍ കൂട്ടമായി എത്താന്‍ സാധ്യതയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ചെന്നൈ സൂപ്പര്‍ കിങ്സിന് നിലവില്‍ മികച്ച ആരാധക പിന്തുണയുണ്ട്. ഇതിന് കാരണം എം.എസ്. ധോണി തന്നെയാണ്. ബെംഗളൂരുവില്‍ പോലും മഞ്ഞ ജേഴ്സിയണിഞ്ഞ നിരവധി ആരാധകരെ കാണാന്‍ നമുക്ക് സാധിച്ചു.

പക്ഷേ ധോണി ഐ.പി.എല്ലില്‍ നിന്നും വിരമിച്ചാല്‍ ഇത് തുടരുമെന്ന് എനിക്ക് തോന്നുന്നില്ല. ആരാധകക്കൂട്ടം പിരിയും. ചെന്നൈ സൂപ്പര്‍ കിങ്സിനെ പിന്തുണയ്ക്കുന്നതിനായി ആരാധകര്‍ രാജ്യത്തിന്റെ വിവിധ സ്റ്റേഡിയങ്ങളിലേക്ക് യാത്ര ചെയ്യുന്നത് കാണാന്‍ സാധിക്കില്ല,’ വീരു കൂട്ടിച്ചേര്‍ത്തു.

Content Highlight: Sunil Gavaskar says MS Dhoni should never announce retirement but stop playing in IPL

We use cookies to give you the best possible experience. Learn more