സൂര്യകുമാറും കെ.എല്‍. രാഹുലും റണ്‍സ് നേടുന്നതിന്റെ കാരണക്കാരന്‍ വിരാട്, അതിന്റെ ക്രെഡിറ്റെല്ലാം അവനുള്ളതാണ്: ഗവാസ്‌കര്‍
Sports News
സൂര്യകുമാറും കെ.എല്‍. രാഹുലും റണ്‍സ് നേടുന്നതിന്റെ കാരണക്കാരന്‍ വിരാട്, അതിന്റെ ക്രെഡിറ്റെല്ലാം അവനുള്ളതാണ്: ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 2nd November 2022, 5:27 pm

ടി-20 ലോകകപ്പില്‍ തങ്ങളുടെ നാലാം മത്സരത്തിനിറങ്ങിയിരിക്കുകയാണ് ഇന്ത്യ. അഡ്‌ലെയ്ഡില്‍ ബംഗ്ലാദേശിനെതിരായാണ് ഇന്ത്യ കളത്തിലിറങ്ങിയിരിക്കുന്നത്.

ഓപ്പണര്‍ കെ.എല്‍. രാഹുലിന്റെയും മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ 184 റണ്‍സ് എന്ന താരതമ്യേന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. 16 പന്തില്‍ നിന്നും 30 റണ്‍സ് നേടിയ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന്റെ ഇന്നിങ്‌സും ഇന്ത്യക്ക് തുണയായിരുന്നു.

2022 ലോകകപ്പില്‍ കെ.എല്‍. രാഹുല്‍ ആദ്യമായി തിളങ്ങിയ മത്സരമായിരുന്നു അഡ്‌ലെയ്ഡിലേത്. 32 പന്തില്‍ നിന്നും 156.25 സ്‌ട്രൈക്ക് റേറ്റില്‍ 50 റണ്‍സാണ് താരം നേടിയത്.

16 പന്തില്‍ നിന്നും 30 റണ്‍സാണ് സൂര്യകുമാര്‍ ടീം ടോട്ടലിലേക്ക് സംഭാവന നല്‍കിയിട്ടുള്ളത്.

എന്നാല്‍ കെ.എല്‍. രാഹുലും സൂര്യകുമാര്‍ യാദവും റണ്‍സ് നേടുന്നതിന്റെ ക്രെഡിറ്റ് മറ്റൊരാള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് ക്രിക്കറ്റ് ഇതിഹാസവും ഇന്ത്യയുടെ വേള്‍ഡ് കപ്പ് ഹീറോയുമായ സുനില്‍ ഗവാസ്‌കര്‍ പറയുന്നത്. വിരാട് കോഹ്‌ലി കാരണമാണ് ഇവര്‍ റണ്‍സ് നേടുന്നതെന്നും മറുവശത്ത് വിരാട് ഉള്ളതാണ് ഇവരുടെ കരുത്തെന്നും ഗവാസ്‌കര്‍ പറയുന്നു.

‘കെ.എല്‍. രാഹുലിന്റെയും സൂര്യകുമാര്‍ യാദവിന്റെയും ഇന്നിങ്‌സിന്റെ ക്രെഡിറ്റ് മുഴുവനും വിരാട് കോഹ്‌ലിക്ക് നല്‍കണം. കാരണം ഒരു വശത്ത് ഉറച്ചുനില്‍ക്കുന്ന കോഹ്‌ലി അവരെ സ്വതന്ത്രമായി കളിക്കാന്‍ വിടുകയാണ്.

വിരാട് കോഹ്‌ലി ക്രീസിലുള്ളപ്പോള്‍ മികച്ച ഷോട്ടുകള്‍ തങ്ങള്‍ക്ക് കളിക്കാന്‍ സാധിക്കുമെന്ന് അവര്‍ക്കറിയാം. ആവശ്യമായി വന്നാല്‍ ചാമ്പ്യന്‍ പ്ലെയറായ വിരാടില്‍ നിന്നും വേണ്ട നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും അവര്‍ക്ക് സാധിക്കും,’ ഗവാസ്‌കര്‍ പറയുന്നു.

മൂവരുടെയും ഇന്നിങ്‌സിന്റെ ബലത്തില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടിയിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് സ്വപ്‌നതുല്യമായ തുടക്കമാണ് ലഭിച്ചിരുന്നത്. ഓപ്പണര്‍ ലിട്ടണ്‍ ദാസിന്റെ വെടിക്കെട്ടിന്റെ ബലത്തില്‍ ബംഗ്ലാദേശ് അനായാസം വിജയം നേടുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ മഴയെത്തിയതോടെ അല്‍പനേരത്തേക്ക് കളി നിര്‍ത്തിവെച്ചു.

ഡക്ക്‌വര്‍ത്ത് ലൂയീസ് നിയമപ്രകാരം സ്‌കോര്‍ പുനര്‍നിശ്ചയിച്ചപ്പോള്‍ ബംഗ്ലാദേശിന് വിജയിക്കാന്‍ 16 ഓവറില്‍ 151 റണ്‍സ് ആവശ്യമാണ്.

 

ലിട്ടണ്‍ ദാസിനെ റണ്‍ ഔട്ടിലൂടെ പുറത്താക്കി കെ.എല്‍. രാഹുല്‍ ഇന്ത്യക്ക് ആവശ്യമായ ബ്രേക്ക് ത്രൂ നല്‍കി. 27 പന്തില്‍ നിന്നും 60 റണ്‍സാണ് താരം നേടിയത്.

നിലവില്‍ ആറ് ഓവറില്‍ 63 റണ്‍സാണ് ബംഗ്ലാദേശിന് വിജയിക്കാന്‍ ആവശ്യമുള്ളത്.

 

Content highlight:  Sunil Gavaskar says  KL Rahul and Suryakumar are scoring runs because of Virat Kohli