ഇന്ത്യ-ഓസീസ് രണ്ടാം ടി-20 മത്സരം ഇന്ന് നാഗ്പൂരില്‍ അരങ്ങേറും. മൊഹാലിയില്‍ വെച്ചു നടന്ന ആദ്യ ഏറ്റുമുട്ടലില്‍ തോല്‍വി വഴങ്ങിയതിന് ശേഷം ഇന്ത്യ ശക്തമായ തിരിച്ചു വരവ് നടത്തുമെന്നാണ് പ്രതീക്ഷ.
ഏഷ്യാ കപ്പില്‍ ഫൈനല്‍ പോലും കാണാതെ മടങ്ങിയ ടീം ഇന്ത്യ ഓസീസിനെതിരെയുള്ള ആദ്യ ടി-20 മത്സരത്തില്‍ അടിയറവ് പറഞ്ഞത് വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഉണ്ടാക്കിയത്. മൂന്ന് മത്സര പരമ്പരയില്‍ 1-0 ന് പിന്നിലായ ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ മാത്രമേ പ്രതീക്ഷക്ക് വകയുണ്ടാകൂ. 208 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തിയിട്ടും പ്രതിരോധിക്കാന്‍ കഴിയാത്തതിലൂടെ ഇന്ത്യയുടെ ബൗളിങ്ങിലെ ബലഹീനത തുറന്നുകാട്ടുകയായിരുന്നു.
ഇന്ത്യന്‍ ടീമിന്റെ ബൗളിങ്ങിലെ അപാകത ഉയര്‍ത്തിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ലക്ഷ്യം പ്രതിരോധിക്കാന്‍ കഴിയാത്തത് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നമാണെന്നും 2013 മുതല്‍ ഐ.സി.സി. ട്രോഫികള്‍ ലഭിക്കാത്തതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണിതെന്നും ഗവാസ്‌കര്‍ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം ജസ്പ്രീത് ബുംറയുടെ പ്രാധാന്യം എടുത്തു പറയുകയായിരുന്നു.
”ബുംറ ഉള്ളപ്പോള്‍ ടീം ഈ സ്‌കോറൊക്കെ പ്രതിരോധിക്കുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ അവര്‍ക്കത് ബുദ്ധിമുട്ടാണ്. അതിനൊരു പരിഹാരം ഉണ്ടാകണം. അല്ലെങ്കില്‍ അത് ഇന്ത്യയെ ദോഷകരമായി ബാധിക്കും. ടീമിലെ ഒരു പ്രധാന അംഗമാണ് ബുംറ,” ഗവാസ്‌കര്‍ പറഞ്ഞു.
മൊഹാലിയില്‍ ബുംറയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കൂടാതെ, ഈ വര്‍ഷം ഇന്ത്യ കളിച്ച 27 ടി20 മത്സരങ്ങളില്‍ പരിക്ക് കാരണം ബുംറക്ക് വെറും മൂന്നെണ്ണത്തിന്റെ ഭാഗമാകാനേ കഴിഞ്ഞിരുന്നുള്ളൂ. ഇത് ടീമിന് വലിയ ആശങ്കയിലാഴ്ത്തി.
ഡെത്ത് ഓവറുകളിലെ മോശം ബൗളിങ്ങും പരിതാപകരമായ ഫീല്‍ഡിങ്ങുമാണ് കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യക്ക് തിരിച്ചടിയായത്. അക്‌സര്‍ പട്ടേല്‍ മാത്രമാണ് കഴിഞ്ഞ മത്സരത്തില്‍ ബൗളിങ്ങില്‍ മികച്ച പ്രകടനം കാഴ്ച വെച്ചത്. ഉമേഷ് യാദവിന് പകരം ഇന്നത്തെ കളിയില്‍ ബുംറയിറങ്ങിയാല്‍ മത്സരത്തില്‍ കാര്യമായ മാറ്റമുണ്ടായേക്കും.
മൊഹാലിയില്‍ രോഹിത് ശര്‍മക്കും വിരാട് കോഹ് ലിക്കും ബാറ്റിങ്ങില്‍ മികച്ച ഫോം പുറത്തെടുക്കാനായില്ല. കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയവരുടെ ബാറ്റിങ് നിര മികച്ച പ്രതീക്ഷയാണ് കഴിഞ്ഞ മത്സരത്തില്‍ നല്‍കിയത്.