ഇപ്പോള്‍ നടക്കുന്ന ടി-20 ലോകകപ്പില്‍ പാകിസ്ഥാന്‍ കിരീടം നേടുകയാണെങ്കില്‍ 2048ല്‍ ബാബര്‍ അസം രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് ഇന്ത്യയുടെ വേള്‍ഡ് കപ്പ് ഹീറോയും ക്രിക്കറ്റ് ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍.
രണ്ടാം സെമി ഫൈനല്‍ മത്സരത്തിന് മുമ്പ് സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി നടത്തിയ ഇന്ററാക്ഷനിടെയായിരുന്നു ഗവാസ്‌കര്‍ ഇക്കാര്യം പറഞ്ഞത്.
‘ഇത്തവണ പാകിസ്ഥാന്‍ ലോകകപ്പ് നേടുകയാണെങ്കില്‍ 2048ല്‍ ബാബര്‍ അസം പാകിസ്ഥാന്റെ പ്രധാനമന്ത്രിയാകും,’ എന്നായിരുന്നു ഗവാസ്‌കര്‍ പറഞ്ഞത്. ഗവാസ്‌കര്‍ പറയുന്നത് കേട്ട് ഒപ്പമുള്ളവര്‍ ചിരിക്കുന്നുമുണ്ട്.
1992 ലോകകപ്പിന് സമാനമായാണ് പാകിസ്ഥാന്‍ ഇത്തവണ ലോകകപ്പില്‍ കുതിക്കുന്നത്. അന്ന് ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലിറങ്ങിയ പച്ചപ്പട ഇംഗ്ലണ്ടിനെ തോല്‍പിക്കുകയും കിരീടം നേടുകയുമായിരുന്നു.
സെമി ഫൈനല്‍ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ തോല്‍പിച്ചായിരുന്നു പാകിസ്ഥാന്‍ ഫൈനലില്‍ പ്രവേശിച്ചത്. ആ ലോകകപ്പില്‍ പാകിസ്ഥാനോട് ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു.
30 വര്‍ഷത്തിനിപ്പുറം ചരിത്രം വീണ്ടുമാവര്‍ത്തിക്കും എന്നുതന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ബ്ലാക് ക്യാപ്‌സിനെ തോല്‍പിച്ചുകൊണ്ടായിരുന്നു പാകിസ്ഥാന്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. സിഡ്നിയില്‍ വെച്ച് നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ വിജയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ഫീല്‍ഡിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ എതിരാളികളെ 152 റണ്‍സിന് എറിഞ്ഞൊതുക്കുകയും ഓപ്പണര്‍മാരുടെ മികവില്‍ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു.
ഓപ്പണര്‍ ബാബര്‍ അസവും മുഹമ്മദ് റിസ്വാനും നേടിയ അര്‍ധ സെഞ്ച്വറികളാണ് പാകിസ്ഥാന് തുണയായത്. ഇവരുടെ ബാറ്റിങ് മികവില്‍ പാകിസ്ഥാന്‍ അനായാസം വിജയത്തിലേക്ക് നടന്നുകയറുകയായിരുന്നു.
ക്യാപ്റ്റന്‍ ബാബര്‍ അസം 42 പന്തില്‍ നിന്നും 53 റണ്‍സ് നേടിയപ്പോള്‍ മുഹമ്മദ് റിസ്വാന്‍ 43 പന്തില്‍ നിന്നും 57 റണ്‍സും സ്വന്തമാക്കി. മൂന്നാമനായി ഇറങ്ങിയ മുഹമ്മദ് ഹാരിസ് 26 പന്തില്‍ നിന്നും 30 റണ്‍സും സ്വന്തമാക്കിയതോടെ പാകിസ്ഥാന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
Content Highlight: Sunil Gavaskar says if Pakistan wins the world cup Babar Azam will be the prime minister of Pakistan in 2048