ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തേയും വലിയ സൂപ്പര്‍താരമാണ് വിരാട് കോഹ്‌ലി. എന്നാല്‍ കുറച്ചുകാലമായി മോശം ഫോമില്‍ നിന്നും കരകയറാന്‍ സാധിക്കാതെ വലയുകയാണ് താരം. വിരാടിന് പിന്തുണ അറിയിച്ചും വിമര്‍ശിച്ചും ഒരുപാട് താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
മുന്‍ കാലങ്ങളില്‍ കോണ്‍ഫിഡന്‍സോടെ കളിച്ച വിരാടിന്റെ നിഴല്‍ മാത്രമാണ് ഇന്നത്തെ വിരാട്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ വിരാടിന് വിശ്രമം അനുവദിച്ചിരുന്നു. ആ വിശ്രമത്തിന് ശേഷം താരം തിരച്ച് ഫോമിലേക്ക് എത്തുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.
കഴിഞ്ഞ ദിവസം അവസാനിച്ച ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ രണ്ട് മത്സരത്തില്‍ നിന്നും 33 റണ്‍സാണ് വിരാട് നേടിയത്. ട്വന്റി 20 പര്യടനത്തിലും മോശം പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്.
ഓഫ് സ്റ്റമ്പിന് പുറത്തുള്ള ബോളുകളിലാണ് വിരാട് നിരന്തരം പുറത്താകുന്നത്. അദ്ദേഹത്തിന്റെ ആ പരിമിതിയില്‍ തനിക്ക് സഹായിക്കാന്‍ സാധക്കുമെന്നാണ് മുന്‍ ഇതിഹാസ ബാറ്ററും ക്രിക്കറ്റ് കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ പറയുന്നത്.
ഒരു ഇരുപത് മിനിറ്റ് വിരാടുമായി സംസാരിച്ചാല്‍ വിരാടിനെ തനിക്ക് സഹായിക്കാന്‍ സാധിക്കുമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. അദ്ദേഹം ഒരു ഓപ്പണര്‍ ബാറ്ററായിരുന്നു എന്നും അതുകൊണ്ട് വിരാടിന്റെ ഓഫ് സ്റ്റമ്പിന് പുറത്തുള്ള പ്രശ്‌നങ്ങള്‍ മനസിലാകുമെന്നുമാണ് ഗവാസ്‌കര്‍ പറഞ്ഞത്.
‘എനിക്ക് ഏകദേശം 20 മിനിറ്റ് അവനോടൊപ്പം സംസാരിക്കാന്‍ സാധിച്ചാല്‍ അവന്‍ ചെയ്യേണ്ട കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ കഴിയും. അത് അവനെ സഹായിച്ചേക്കാം. അത് അവനെ പൂര്‍ണമായും സഹായിക്കുമെന്ന് ഞാന്‍ പറയുന്നില്ല, പക്ഷേ അതിന് കഴിയും, പ്രത്യേകിച്ച് ഓഫ് സ്റ്റമ്പിന് പുറത്തുപോകുന്ന ലൈനുമായി ബന്ധപ്പെട്ടുള്ളത്. ഒരു ഓപ്പണിങ് ബാറ്ററായിരുന്നതിനാല്‍, ആ ലൈനില്‍ ഞാനും വിഷമിച്ചതിനാല്‍, അത് മറികടക്കാന്‍ ശ്രമിക്കുന്ന ചില കാര്യങ്ങളുണ്ട്. വിരാടിനോടൊപ്പം 20 മിനിറ്റ് സമയം കിട്ടിയാല്‍ എനിക്ക് പറഞ്ഞുകൊടുക്കാന്‍ കഴിഞ്ഞേക്കും,’ ഗവാസ്‌കര്‍ പറഞ്ഞു.
എറിയുന്ന എല്ലാ ബൗളിലും റണ്‍സ് നേടാന്‍ ശ്രമിക്കുന്നതാണ് ബാറ്റര്‍മാര്‍ക്ക് പറ്റുന്ന അബദ്ധം. വിരാടിന്റെ കാര്യത്തിലും സമാനമായ കാര്യമാണെന്നും അദ്ദേഹം മികച്ച ഷോട്ടുകള്‍ കളിക്കുന്നുണ്ടെങ്കിലും ഒരുപോലെയുള്ള രീതിയില്‍ തന്നെ പുറത്താകുകയാണെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
‘അദ്ദേഹത്തിന്റെ ആദ്യത്തെ തെറ്റ് തന്നെയാണ് ഇപ്പോഴും തുടരുന്നത്. അവന്‍ റണ്‍സ് നേടാത്തതിനാല്‍ ഓരോ ഡെലിവറിയിലും ഷോട്ട് കളിക്കാന്‍ ഉത്കണ്ഠയുണ്ട്, കാരണം ബാറ്റര്‍മാര്‍ക്ക് അതാണ് തോന്നുക. നിങ്ങള്‍ക്ക സ്‌കോര്‍ ചെയ്യാന്‍ പറ്റുന്ന ഡെലിവറികള്‍ കളിക്കാന്‍ നോക്കുക അല്ലെങ്കില്‍ കളിക്കാതിരിക്കുക,’ ഗവാസ്‌കര്‍ പറഞ്ഞു.
വിരാട് ഒരു ഇതിഹാസമാണെന്നും ഉടനെ ഫോമിലേക്ക് മടങ്ങിയെത്തുമെന്നും ഗവാസകര്‍ പറയുന്നു. വര്‍ഷങ്ങളായി ടീമില്‍ തുടരെ മികച്ച പ്രകടനം നടത്തിയ താരമാണ് വിരാട്. എല്ലാ ഫോര്‍മാറ്റിലുമായി 70 സെഞ്ച്വറി നേടിയ അദ്ദേഹത്തിന് തിരിച്ചുവരാന്‍ സമയം കൊടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.