| Monday, 14th November 2022, 12:07 pm

ഷഹീന് പരിക്കേറ്റില്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോണില്ല, പാകിസ്ഥാന്‍ തോല്‍ക്കുക തന്നെ ചെയ്യുമായിരുന്നു; തുറന്നടിച്ച് ഇന്ത്യന്‍ ലെജന്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ടി-20 ലോകകപ്പില്‍ നടന്ന ഇംഗ്ലണ്ട് – പാകിസ്ഥാന്‍ ഫൈനല്‍ മത്സരത്തില്‍ പാകിസ്ഥാന്‍ സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രിദിക്ക് പരിക്കേറ്റിരുന്നു. ഫീല്‍ഡിങ്ങിനിടെയായിരുന്നു ഷഹീനിന് പരിക്കേറ്റത്. പരിക്കേറ്റതിന് പിന്നാലെ തന്റെ ക്വാട്ട പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ അഫ്രിദി കളം വിട്ടിരുന്നു.

ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിന്റെ ക്യാച്ചെടുക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതിന് ശേഷം തന്റെ മൂന്നാം ഓവറും ഇംഗ്ലണ്ട് ഇന്നിങ്‌സിലെ 16ാം ഓവറും എറിയാനെത്തിയ അഫ്രിദിക്ക് ഒറ്റ പന്ത് മാത്രമാണ് എറിയാന്‍ സാധിച്ചത്. ഓവറിലെ മറ്റ് അഞ്ച് പന്തുകളും ഇഫ്തിഖര്‍ അഹമ്മദാണ് എറിഞ്ഞു തീര്‍ത്തത്.

ഇഫ്തിഖറിന്റെ അഞ്ച് പന്തില്‍ നിന്നും 13 റണ്‍സ് നേടിയ ഇംഗ്ലണ്ട് ആ മൊമെന്റം പിന്തുടരുകയും വിജയിക്കുകയുമായിരുന്നു.

ഷഹീനിന് പരിക്കേറ്റതാണ് പാകിസ്ഥാന് ലോകകപ്പ് നഷ്ടമാകാന്‍ കാരണമായതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. പാകിസ്ഥാനെ ഭാഗ്യം തുണച്ചില്ലെന്നും അഫ്രിദയോടൊപ്പമുണ്ടായിരുന്നുവെങ്കില്‍ പാകിസ്ഥാന്‍ രണ്ടാം കിരീടം ചൂടുമെന്നും പലരും പറഞ്ഞിരുന്നു.

എന്നാല്‍ അഫ്രിദിക്ക് പരിക്കേറ്റിരുന്നില്ലെങ്കിലും, നാല് ഓവര്‍ എറിഞ്ഞ് പൂര്‍ത്തിയാക്കുകയും ചെയ്താലും പാകിസ്ഥാന് മത്സരത്തില്‍ വിജയിക്കാന്‍ സാധിക്കില്ല എന്ന നിരീക്ഷണം നടത്തിയിരിക്കുയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് ലെജന്‍ഡുമായ സുനില്‍ ഗവാസ്‌കര്‍.

മെല്‍ബണ്‍ പോലെ ഒരു ഗ്രൗണ്ടില്‍ ബൗളര്‍മാര്‍ക്ക് ഡിഫന്‍ഡ് ചെയ്യാവുന്നതിലും ചെറിയ സ്‌കോറാണ് പാകിസ്ഥാന്‍ ബാറ്റര്‍മാര്‍ നേടിയതെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

‘എനിക്ക് തോന്നുന്നില്ല. കാരണം അവര്‍ക്ക് അത്രത്തോളം റണ്‍സ് നേടാന്‍ സാധിച്ചിരുന്നില്ല. അവര്‍ക്ക് 15-20 റണ്‍സ് കുറവായിരുന്നു. പാകിസ്ഥാന്‍ 150-155 റണ്‍സ് നേടണമായിരുന്നു, അങ്ങനെയെങ്കില്‍ ബൗളര്‍മാരെ സഹായിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഇന്നിങ്‌സിനെ തന്നെ മാറ്റാന്‍ സാധിക്കുമായിരുന്നു.

‘ഷഹീന്‍ എറിയാതിരുന്ന ആ പത്ത് പന്തുകള്‍ കളിയില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം കൊണ്ടുവരും എന്നൊന്നും എനിക്ക് തോന്നുന്നില്ല. ചിലപ്പോള്‍ പാകിസ്ഥാന് ഒരു വിക്കറ്റ് കൂടി ലഭിച്ചേനേ. എന്നിരുന്നാലും ഇംഗ്ലണ്ട് തന്നെയാകും മത്സരത്തില്‍ ജയിക്കുക,’ ഗവാസ്‌കര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം സ്റ്റോക്‌സ് – കറന്‍ ഷോയ്ക്കായിരുന്നു മെല്‍ബണ്‍ സാക്ഷ്യം വഹിച്ചത്. ആദ്യം പന്തുകൊണ്ട് പാകിസ്ഥാനെ കെട്ടിയിട്ട സാം കറന്‍ 12 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു.

ശേഷം ഇംഗ്ലണ്ട് ഇന്നിങ്‌സില്‍ പതിഞ്ഞ താളത്തില്‍ തുടങ്ങിയ ബെന്‍ സ്റ്റോക്‌സ് ഇംഗ്ലണ്ടിന്റെ വിജയ നായകനാവുകയായിരുന്നു. ഈ വിജയത്തോടെ ടി-20 ലോകകപ്പ് കിരീടനേട്ടം ആവര്‍ത്തിക്കുന്ന രണ്ടാമത് ടീം ആകാനും, ഏകദിന ലോകകപ്പും ടി-20 ലോകകപ്പും ഒരേ സമയം നേടിയ ടീം എന്ന ഖ്യാതി സ്വന്തമാക്കാനും ഇംഗ്ലണ്ടിനായി.

Content Highlight: Sunil Gavaskar says England will win the finals match even Shaheen Afridi was not get injured

We use cookies to give you the best possible experience. Learn more