ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ സഞ്ജു സാംസണും ഉണ്ടാകണമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലാണ് സഞ്ജുവും വേണമെന്ന് ഗവാസ്‌കര്‍ പറഞ്ഞത്.
ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും യശസ്വി ജെയ്‌സ്വാളിന് ഏകദിന സ്‌ക്വാഡില്‍ ഇടം ലഭിക്കാത്തതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗവാസ്‌കര്‍ ഇക്കാര്യം പറഞ്ഞത്.
‘സഞ്ജു സാംസണെ ഏകദിന ടീമില്‍ കാണുന്നത് ഏറെ സന്തോഷം നല്‍കുന്ന ഒന്നാണ്. കാരണം അവന്‍ അസാമാന്യനായ പ്രതിഭയാണ്. അവനെ ടെസ്റ്റ് ടീമിലും ഉള്‍പ്പെടുത്തണമായിരുന്നു. അതിനുള്ള നല്ല അവസരമാണ് ഇപ്പോള്‍ നഷ്ടമായത്.
എന്നാല്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച യശസ്വി ജെയ്‌സ്വാള്‍ ഏകദിന ടീമില്‍ ഇല്ല എന്നത് നിരാശയുണര്‍ത്തുന്ന കാര്യമാണ്. മികച്ച പ്രകടനമാണ് വൈറ്റ് ബോള്‍ ഫോര്‍മാറ്റിലും ഐ.പി.എല്ലിലും അവന്‍ പുറത്തെടുത്തത്.
രാജസ്ഥാന്‍ റോയല്‍സില്‍ കോച്ച് കുമാര്‍ സംഗക്കാരയുടെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും പരിപൂര്‍ണ പിന്തുണ അവനുണ്ടായിരുന്നു,’ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
ജൂലെ 12ന് നടക്കുന്ന ടെസ്റ്റ് മത്സരത്തോടെയാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിന് തുടക്കമാകുന്നത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലെ ഇന്ത്യയുടെ ആദ്യ മത്സരം കൂടിയാണിത്.
രണ്ട് ടെസ്റ്റ്, മൂന്ന് ഏകദിനം, അഞ്ച് ടി-20 എന്നിവയാണ് ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലുള്ളത്.