ഒക്ടോബറില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം. ഇന്ത്യയില്‍ വെച്ചാണ് ഈ വര്‍ഷം ലോകകപ്പ് നടക്കുന്നത്. 2011ലായിരുന്നു ഇന്ത്യയില്‍ വെച്ച് അവസാനമായി ലോകകപ്പ് നടന്നത്. അന്ന് ഇന്ത്യയായിരുന്നു കിരീടം ചൂടിയത്.
വീണ്ടും ഇന്ത്യയിലേക്ക് ലോകകപ്പെത്തുമ്പോള്‍ ഒരുപാട് പ്രതീക്ഷകളാണ് ടീം ഇന്ത്യക്ക് മുകളില്‍ ആരാധകര്‍ക്കുള്ളത്. ഈ പ്രതീക്ഷകള്‍ ഇന്ത്യന്‍ ടീമിന് ഒരുപാട് പ്രഷര്‍ നല്‍കുന്നുണ്ടെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ ഇതിഹാസമായ സുനില്‍ ഗവാസ്‌കര്‍. ലോകത്ത് ഏറ്റവും കൂടതല്‍ പ്രതീക്ഷകളും പ്രഷറുള്ളതും ഇന്ത്യന്‍ ടീമിനാണെന്നും, എല്ലാവരും ഇന്ത്യ കളിക്കുന്ന എല്ലാ മത്സരവും ജയിക്കുമെന്നും പ്രതീക്ഷിക്കുന്നുവെന്നും ഗവാസ്‌കര്‍ പറഞ്ഞു. അത് ഇന്ത്യയില്‍ നിന്നും മാത്രമല്ല ലോകമെമ്പാടു നിന്നും അങ്ങനെയാണെന്നും അദ്ദേഹം പറയുന്നു.
‘ ഇന്ത്യയല്ലാതെ മറ്റൊരു ക്രിക്കറ്റ് ടീമിനും ഇത്രയും പ്രഷര്‍ അനുഭവിക്കേണ്ടി വരുന്നുണ്ടാവില്ല. കാരണം ഏത് മത്സരം കളിച്ചാലും ഇന്ത്യ അതില്‍ ജയിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. അതിപ്പോള്‍ ഇന്ത്യയില്‍ നിന്നും മാത്രമല്ല ലോകമെമ്പാടുമുള്ള ആരാധകരില്‍ നിന്നും ഈ പ്രതീക്ഷകളുണ്ടാവുന്നുണ്ട്,’ ഗവാസ്‌കര്‍ പറഞ്ഞു.
ഇന്ത്യന്‍ ആരാധകരോട് ടീമിന് ഓഫ് ഡെയ്‌സ് ഉണ്ടാകുമെന്നും അത് മനസിലാക്കി സപ്പോര്‍ട്ട് ചെയ്യാനും പ്രാര്‍ത്ഥിക്കാനും ഗവാസ്‌കര്‍ അഭ്യര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അത്‌ലറ്റിക് മീറ്റില്‍ ഗോള്‍ഡെ മെഡല്‍ സ്വന്തമാക്കിയ നീരജ് ചോപ്രക്ക് വേണ്ടി ആരാധകര്‍ പ്രാര്‍ത്ഥിച്ച പോലെ ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടിയും ചെയ്യാന്‍ ഗവാസ്‌കര്‍ പറയുന്നു.
‘ക്രിക്കറ്റ് ആരാധകര്‍ എന്ന നിലക്ക് നമുക്ക് ചെയ്യാന്‍ സാധിക്കുക മനസിലാക്കുക എന്ന കാര്യമാണ്. ടീമിനെ ഓഫ് ഡെയ്‌സ് ഉണ്ടാകും അത് കളിയുടെ ഭാഗമാണ്, അവര്‍ക്ക് അവരുടെ പൊടന്‍ഷ്യല്‍ അനുസരിച്ച് കളിക്കാന്‍ സാധിക്കാതെ വരും. ആ ദിവസങ്ങള്‍ നോക്കൗട്ടല്ലാതെ ലീഗ് മത്സരങ്ങളിലാകാന്‍ പ്രതീക്ഷിക്കാം.
സ്‌പോര്‍ട്‌സിനെ ഫോളോ ചെയ്യുന്ന രാജ്യമെന്ന നിലക്ക് നമ്മള്‍ നീരജ് ചോപ്ര വിജയിക്കാനായി പ്രാര്‍ത്ഥിച്ചു. അദ്ദേഹം ജയിക്കാന്‍ പ്രതീക്ഷ അര്‍പ്പിച്ചും പ്രാര്‍ത്ഥിച്ചും മത്സരം കണ്ടു, ഒടുവില്‍ അദ്ദേഹം വിജയിച്ചു. ഇതാണ് ഞാന്‍ നിങ്ങളോടൊക്കെ ആവശ്യപ്പെടുന്നത്, ഇന്ത്യയിലെ മറ്റ് സ്‌പോര്‍ട്‌സ് പ്രേമികളോട് ഇത് തിരിച്ച് ചെയ്യാന്‍, അങ്ങനെയാണെങ്കില്‍ നമുക്ക് ഏഷ്യാ കപ്പും ലോകകപ്പും നേടാം,’ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Sunil Gavaskar Request To fans Understand Indian Cricket