കോഹ്‌ലിയും രാഹുലും എന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല: സുനില്‍ ഗവാസ്‌കര്‍
2023 ICC WORLD CUP
കോഹ്‌ലിയും രാഹുലും എന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല: സുനില്‍ ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 19th November 2023, 6:25 pm

2023 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്തപ്പോള്‍ ഇന്ത്യക്ക് ബാറ്റിങ്ങ് തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. ഫൈനലില്‍ ഓസ്‌ട്രേലിയക്കതിരെ ഇന്ത്യയുടെ സമീപനത്തെ അമ്പരപ്പോടെ കാണുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. രോഹിത് ശര്‍മ പുറത്തായതിന് ശേഷം ഇന്ത്യന്‍ ബാറ്റര്‍മാര്‍ ബൗണ്ടറി അടിക്കാന്‍ ശ്രമിച്ചില്ലെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

 

മധ്യ ഓവറില്‍ വിരാട് കോഹ്‌ലിയും കെ.എല്‍. രാഹുലും ബൗണ്ടറിനേടാന്‍ വൈകിയതിനെ ചോദ്യം ചെയ്യുകയാണ് ഗവാസ്‌കര്‍. ഇരുവരും സിംഗിള്‍സും ഡബിള്‍സും മാത്രം നേടി അതില്‍ സ്ഥിരത കാണിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു.

‘ പിച്ചിന്റെ വേഗത കുറഞ്ഞതിലും വിക്കറ്റ് വീഴുന്നതിലും സിംഗിള്‍സും ഡബിള്‍സും എടുക്കുന്നത് ശരിയാണ്. പക്ഷെ അതും ശരിയായി നടന്നില്ല. വിരാട് കോഹ്‌ലിയും രാഹുലും എന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. അവര്‍ ബൗണ്ടറികള്‍ അടിച്ചില്ല. സിംഗിള്‍സും ഡബിള്‍സും എടുക്കുന്നതില്‍ സ്ഥിരതയും കാണിച്ചില്ല,’ അദ്ദേഹം പറഞ്ഞു.

കോഹ്‌ലി 63 പന്തില്‍ നാല് ബൗണ്ടറികള്‍ അടക്കം 54 റണ്‍സും രാഹുല്‍ 107 പന്തില്‍ ഒരു ബൗണ്ടറി മാത്രം നേടി 66 റണ്‍സുമാണ് എടുത്തത്. ഇരുവരും അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ടീമിനെ മികച്ച സ്‌കോറില്‍ എത്തിക്കാനായില്ല. എന്നാല്‍ 76 റണ്‍സില്‍ ഇന്ത്യ എത്തിയപ്പോള്‍ മികച്ച പ്രകടനം കാഴ്ചവെച്ച രോഹിത്തിനെ നഷ്ടമായത് ഇന്ത്യ നേരിട്ട വലിയ തിരിച്ചടിയായിരുന്നു. 31 പന്തില്‍ 47 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. മൂന്ന് സിക്‌സറുകളും നാല് ബൗണ്ടറികളുമാണ് രോഹിത് നേടിയത്. ട്രാവിസ് ഹെഡിന്റെ ഐതിഹാസികമായ ക്യാച്ചില്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനാണ് രോഹിത്തിന്റെ വിക്കറ്റ്.

രോഹിത് നേടിയ മൂന്ന് സിക്‌സര്‍ മാത്രമാണ് ഇന്ത്യയുടെ പക്കല്‍ ഉള്ള ശേഷം വന്ന ഒരാള്‍ക്കും സിക്‌സറുകള്‍ നേടാനോ കൂടുതല്‍ ബൗണ്ടറികള്‍ നേടാനോ സാധിച്ചില്ല. ആദ്യ ഇന്നങ്‌സ് പൂര്‍ത്തിയായപ്പോള്‍ 50 ഓവറില്‍ 240 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട് ആവുകയായിരുന്നു.

 

Content Highlight: Sunil Gavaskar Questioning Virat Kohli And K.L Rahul Delay In Getting The Boundary