| Tuesday, 31st December 2024, 4:36 pm

ഹര്‍ദിക് പാണ്ഡ്യയുടെ പിന്‍ഗാമി, എന്നാല്‍ അവനേക്കാള്‍ മികച്ചവന്‍; സൂപ്പര്‍ താരത്തെ പുകഴ്ത്തി ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ താരം നിതീഷ് കുമാര്‍ റെഡ്ഡിയെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ഇന്ത്യക്ക് ലഭിച്ച ഏറ്റവും മികച്ച പേസ് ഓള്‍ റൗണ്ടറാണ് നിതീഷ് എന്നായിരുന്നു ഗവാസ്‌കര്‍ പറഞ്ഞത്.

സ്‌പോര്‍ട്‌സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകകയായിരുന്നു അദ്ദേഹം.

‘ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച, ശക്തനായ ഒരു യുവതാരത്തെയാണ് മെല്‍ബണ്‍ ടെസ്റ്റിലൂടെ ലഭിച്ചിരിക്കുന്നത്, നിതീഷ് കുമാര്‍ റെഡ്ഡി. ഹര്‍ദിക് പാണ്ഡ്യ ടീമിന്റെ ഭാഗമാകാത്തത് മുതല്‍ മീഡിയം പേസില്‍ പന്തെറിയുകയും മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയും ചെയ്യുന്ന ഒരു മികച്ച ഓള്‍ റൗണ്ടര്‍ക്ക് വേണ്ടിയാണ് ഇന്ത്യ കാത്തിരുന്നത്.

റെഡ്ഡിയുടെ ബൗളിങ് മെച്ചപ്പെട്ടുവരുന്നേയുള്ളൂ, എന്നാല്‍ ഒരു ബാറ്റര്‍ എന്ന നിലയില്‍ ആ സമയത്തുള്ള ഹര്‍ദിക് പാണ്ഡ്യയേക്കാള്‍ മികച്ചതാണ്,’ ഗവാസ്‌കര്‍ പറഞ്ഞു.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന താരങ്ങളിലൊരാളാണ് നിതീഷ് കുമാര്‍. പെര്‍ത്തില്‍ നടന്ന പരമ്പരയിലെ ആദ്യ ഇന്നിങ്സില്‍ 59 പന്തില്‍ 41 റണ്‍സ് നേടിയ താരം രണ്ടാം ഇന്നിങ്സില്‍ പുറത്താകാതെ 38 റണ്‍സും സ്വന്തമാക്കി.

രോഹിത് ശര്‍മ ക്യാപ്റ്റനായി തിരിച്ചെത്തിയ രണ്ടാം മത്സരത്തിലെ രണ്ട് ഇന്നിങ്സിലും 42 റണ്‍സ് വീതമാണ് താരം ഇന്നിങ്സിലേക്ക് ചേര്‍ത്തുവെച്ചത്. രണ്ട് ഇന്നിങ്സിലേയും ടോപ് സ്‌കോറര്‍ നിതീഷ് തന്നെയായിരുന്നു.

രോഹിത്തും വിരാടും പന്തും അടക്കമുള്ള വലിയ പേരുകാര്‍ പരാജയപ്പെട്ടിടത്താണ് നിതീഷ് ചെറുത്തുനിന്നത്. ഇന്ത്യ ഇന്നിങ്സ് തോല്‍വി ഒഴിവാക്കിയതും നിതീഷിന്റെ ചെറുത്തുനില്‍പ്പിലാണ്.

ബ്രിസ്ബെയ്നില്‍ 16 റണ്‍സ് മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചതെങ്കിലും താരം നേരിട്ട 61 പന്തുകള്‍ മത്സരത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ പങ്കുവഹിച്ചിരുന്നു.

മെല്‍ബണിലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ സെഞ്ച്വറിയുമായാണ് താരം തിളങ്ങിയത്. കരിയറിലെ ആദ്യ റെഡ് ബോള്‍ ഫിഫ്റ്റി സെഞ്ച്വറിയായി കണ്‍വേര്‍ട്ട് ചെയ്യാനും റെഡ്ഡിക്ക് സാധിച്ചിരുന്നു.

രോഹിത് ശര്‍മയടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ പരാജയപ്പെട്ട അതേ പിച്ചിലാണ് താരം സെഞ്ച്വറിയുമായി തിളങ്ങിയത്. വ്യക്തിഗത സ്‌കോര്‍ 99ല്‍ നില്‍ക്കവെ സ്‌കോട് ബോളണ്ടിനെ ബൗണ്ടറി കടത്തിയാണ് റെഡ്ഡി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ പല തകര്‍പ്പന്‍ റെക്കോഡുകളും നിതീഷ് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു. ഓസ്ട്രേലിയന്‍ മണ്ണില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത് ഇന്ത്യന്‍ താരം എന്ന ചരിത്ര നേട്ടമാണ് ഇതില്‍ പ്രധാനം. 21 വയവും 214 ദിവസവും പ്രായമുള്ളപ്പോഴാണ് റെഡ്ഡി ഓസ്ട്രേലിയന്‍ മണ്ണില്‍ ട്രിപ്പിള്‍ ഡിജിറ്റ് പൂര്‍ത്തിയാക്കുന്നത്.

ബോക്‌സിങ് ഡേ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരത്തിന് രണ്ടാം ഇന്നിങ്‌സില്‍ പിഴച്ചു. എങ്കിലും മെല്‍ബണ്‍ പുതിയ താരോദയത്തിനാണ് സാക്ഷ്യം വഹിച്ചത്.

സിഡ്‌നിയില്‍ നടക്കുന്ന പരമ്പരയിലെ നിര്‍ണായകമായ അവസാന ടെസ്റ്റിലും നിതീഷ് കുമാര്‍ റെഡ്ഡി മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: Sunil Gavaskar praises Nitish Kumar Reddy

We use cookies to give you the best possible experience. Learn more