| Friday, 4th November 2022, 7:49 am

മാജിക്കല്‍ മൊമെന്റ്, അതാണ് ഇന്ത്യയെ തുണക്കുക എന്നവന്‍ തിരിച്ചറിഞ്ഞു; സൂപ്പര്‍ താരത്തെ പുകഴ്ത്തി ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിലെ ഇന്ത്യ – ബംഗ്ലാദേശ് മത്സരത്തില്‍ അഞ്ച് റണ്‍സിന് ഇന്ത്യ വിജയിച്ചിരുന്നു. മഴ മൂലം സ്‌കോര്‍ പുനര്‍നിശ്ചയിച്ച മത്സരത്തില്‍ അവസാന ഓവറിലായിരുന്നു ഇന്ത്യയുടെ വിജയം.

വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. വിരാടും രാഹുലും അര്‍ധ സെഞ്ച്വറി തികച്ചപ്പോള്‍ സൂര്യകുമാര്‍ യാദവ് 16 പന്തില്‍ നിന്നും 30 റണ്‍സും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് മികച്ച തുടക്കമായിരുന്നു ലഭിച്ചത്. 21 പന്തില്‍ നിന്നും അര്‍ധ സെഞ്ച്വറി തികച്ച ലിട്ടണ്‍ ദാസിന്റെ ഇന്നിങ്‌സിന്റെ ബലത്തില്‍ ബംഗ്ലാദേശ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തവെയാണ് മഴയെത്തിയത്.

മഴക്ക് ശേഷം 151 റണ്‍സ് എന്ന് സ്‌കോര്‍ പുനര്‍നിശ്ചയിക്കുകയായിരുന്നു. മത്സരം പുനരാരംഭിച്ചതിന് പിന്നാലെ ലിട്ടണ്‍ ദാസിനെ ഇന്ത്യ മടക്കിയിരുന്നു. ബൗണ്ടറി ലൈനിനടുത്ത് നിന്നും ഒരു ഡയറക്ട് ഹിറ്റിലൂടെ കെ.എല്‍. രാഹുലാണ് ദാസിനെ മടക്കിയത്.

യഥാര്‍ത്ഥത്തില്‍ ബംഗ്ലാദേശിന് മത്സരം കൈവിടുന്നത് ആ റണ്‍ ഔട്ടിന് പിന്നാലെയായിരുന്നു. തുടര്‍ന്ന് വിക്കറ്റുകള്‍ വീഴുകയും അവസാന ഓവര്‍ വരെ നീണ്ടുനിന്ന മത്സരത്തില്‍ ഇന്ത്യ വിജയം പിടിച്ചടക്കുകയുമായിരുന്നു.

മത്സരത്തില്‍ ഇന്ത്യക്ക് ആവശ്യമായ ബ്രേക്ക് ത്രൂ നല്‍കിയത് കെ.എല്‍. രാഹുല്‍ തന്നെയായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഡയറക്ട് ഹിറ്റിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സുനില്‍ ഗവാസ്‌കര്‍.

ലിട്ടണ്‍ ദാസ് പുറത്താക്കിയ ആ ത്രോ ഒരു മാജിക്കല്‍ മൊമെന്റാണെന്നായിരുന്നു ഗവാസ്‌കറിന്റെ അഭിപ്രായം.

ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗവാസ്‌കര്‍ ഇക്കാര്യം പറഞ്ഞത്.

‘അതൊരു മാജിക്കല്‍ മൊമെന്റ് തന്നെയായിരുന്നു. നേരിട്ട് ഒരു ഡയറക്ട് ഹിറ്റിന് ശ്രമിക്കുന്നതിന് പകരം അവന് വിക്കറ്റ് കീപ്പറുടെ പക്കലേക്ക് എറിയുന്നതായിരുന്നു എളുപ്പം. കാരണം രാഹുലിന്റെ ഇടതുവശത്തേക്കാണ് അവന്‍ ഓടുന്നത്.

എന്നാല്‍ അവന്‍ അതിന് ശ്രമിക്കാതെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് എറിയുകയായിരുന്നു. അത് അവന്റെ പ്രസന്‍സ് ഓഫ് മൈന്‍ഡാണ്. ലിട്ടണ്‍ ദാസ് ചെറുതായി സ്ലിപ് ചെയ്ത് വീണത് രാഹുല്‍ കണ്ടുകാണണം. രണ്ടാം റണ്ണിനായി ഓടുമ്പോള്‍ ലിട്ടണ്‍ ദാസ് അല്‍പം പാടുപെടുകയും ചെയ്തിരുന്നു.

ബാറ്റിങ് എന്‍ഡിലുള്ള താരത്തെ പുറത്താക്കുന്നതിനേക്കാള്‍ ഇന്ത്യയെ തുണക്കുക ആ വിക്കറ്റാണെന്ന് അവന്‍ മനസിലാക്കിയിരിക്കാം,’ ഗവാസ്‌കര്‍ പറയുന്നു.

ബംഗ്ലാദേശിനെതിരായ മത്സരത്തിലെ വിജയത്തിന് പിന്നാലെ പോയിന്റ് ടേബിളില്‍ ഒന്നാമതെത്താനും ഇന്ത്യക്കായി. നാല് മത്സരത്തില്‍ നിന്നും മൂന്ന് ജയവുമായി ആറ് പോയിന്റാണ് ഇന്ത്യക്കുള്ളത്.

സിംബാബ്‌വേക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. നവംബര്‍ ആറിന് നടക്കുന്ന മത്സരത്തിന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദിയാവുന്നത്.

Content Highlight: Sunil Gavaskar praises KL Rahul

Latest Stories

We use cookies to give you the best possible experience. Learn more