| Tuesday, 26th December 2023, 10:52 pm

ഈ അര്‍ധ സെഞ്ച്വറിക്ക് സെഞ്ച്വറിയുടെ പവറാണ്; രാഹുലിനെ പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുലാണ് ഇന്ത്യയെ താങ്ങി നിര്‍ത്തിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും യശസ്വി ജെയ്‌സ്വാളും പാടെ പരാജയപ്പെട്ടപ്പോള്‍ രാഹുലാണ് ഇന്ത്യന്‍ സ്‌കോറിങ്ങില്‍ നിര്‍ണായകമായത്.

അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് കെ.എല്‍. രാഹുല്‍ ക്രീസില്‍ തുടരുന്നത്. ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ 208 റണ്‍സിന് എട്ട് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 105 പന്തില്‍ നിന്നും പത്ത് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 70 റണ്‍സ് നേടിയാണ് രാഹുല്‍ ക്രീസില്‍ തുടരുന്നത്.

രാഹുലിന്റെ ഇന്നിങ്‌സിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.

രാഹുലിന്റെ അര്‍ധ സെഞ്ച്വറിക്ക് സെഞ്ച്വറി നേട്ടത്തിന്റെ വിലയുണ്ടെന്നായിരുന്നു ഗവാസ്‌കറിന്റെ വിലയിരുത്തല്‍. മത്സരത്തിന്റെ കമന്ററിക്കിടെയായിരുന്നു ഗവാസ്‌കര്‍ ഇക്കാര്യം പറഞ്ഞത്.

‘കെ.എല്‍. രാഹുലിന്റെ ഈ അര്‍ധ സെഞ്ച്വറിക്ക് സെഞ്ച്വറിയുടെ വിലയാണുള്ളത്. ഈ പിച്ചില്‍, സമ്മര്‍ദം നിറഞ്ഞ ഈ സാഹചര്യത്തില്‍ ഈ ഇന്നിങ്‌സ് ഒരു സെഞ്ച്വറിക്ക് തുല്യമാണ്,’ ഗവാസ്‌കര്‍ പറഞ്ഞു.

ആറാം നമ്പറിലിറങ്ങിയാണ് രാഹുല്‍ ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്. ഷര്‍ദുല്‍ താക്കൂറിനൊപ്പം നിര്‍ണായക കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ രാഹുല്‍ ക്രീസില്‍ നങ്കുരമിട്ടിരിക്കുകയാണ്.

33 പന്തില്‍ 24 റണ്‍സ് നേടിയ താക്കൂര്‍ മടങ്ങിയെങ്കിലും അശ്വിന്‍, ബുംറ, സിറാജ് എന്നിവരെ ഒരറ്റത്ത് നിര്‍ത്തി രാഹുല്‍ സ്‌കോര്‍ ഉയര്‍ത്തിയിരുന്നു.

ഒരുവശത്ത് രാഹുല്‍ ഇന്ത്യയെ താങ്ങി നിര്‍ത്തിയപ്പോള്‍ മറുവശത്ത് നിന്ന് ഇന്ത്യയെ എറിഞ്ഞിട്ടത് പ്രോട്ടിയാസ് സൂപ്പര്‍ താരം കഗീസോ റബാദയായിരുന്നു. ഫൈഫര്‍ നേടിയാണ് റബാദ തിളങ്ങുന്നത്. ഈ ഫൈഫര്‍ നേട്ടത്തിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 500 വിക്കറ്റ് എന്ന ചരിത്ര നേട്ടവും റബാദ സ്വന്തമാക്കിയിരുന്നു.

റബാദയുടെ അഞ്ച് വിക്കറ്റിന് പുറമെ അരങ്ങേറ്റക്കാരന്‍ നാന്ദ്രേ ബര്‍ഗര്‍ രണ്ടും മാര്‍കോ യാന്‍സെന്‍ ഒരു വിക്കറ്റും നേടി.

Content highlight: Sunil Gavaskar praises KL Rahul

Latest Stories

We use cookies to give you the best possible experience. Learn more