ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് സെന്‍സേഷന്‍ ജസ്പ്രീത് ബുംറയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍.
ജസ്പ്രീത് ബുംറയ്ക്ക് ഇന്ത്യയ്ക്ക് വേണ്ടി മാത്രമല്ല, ലോകത്തിലെ ഏതൊരു ടീമിന് വേണ്ടിയും കളിക്കാന്‍ സാധിക്കുമെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെടുന്നത്.
കഴിഞ്ഞ ദിവസം ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ അവസാന ടി-20 മത്സരവും ജയിച്ച് 3-0ന് പരമ്പര നേടിയതിന് പിന്നാലെയായിരുന്നു ഗവാസ്‌കറിന്റെ പ്രതികരണം.
കഴിഞ്ഞ പരമ്പരിയില്‍ ബുംറയ്ക്ക് വിശ്രമമനുവദിച്ചതിനാല്‍ താരം കളിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് ഗവാസ്‌കറിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
ബുംറയെ മാത്രമല്ല, യുവ ഇന്ത്യന്‍ താരങ്ങളായ ദീപക് ചഹറിനെയും മുഹമ്മദ് സിറാജിനെയും ഗവാസ്‌കര്‍ പ്രശംസിക്കുന്നുണ്ട്.
ദീപക് ചഹറിന്റെ ഇരുവശങ്ങളിലേക്കും ബോള്‍ സ്വിംഗ് ചെയ്യിക്കാനുള്ള കഴിവ് അപാരമാണെന്നും വിക്കറ്റ് നേടുന്നതില്‍ മിടുക്കനാണെന്നും ഗവാസ്‌കര്‍ പറയുന്നു. അതുപോലെ മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും മികച്ച രീതിയില്‍ തന്നെയാണ് പന്തെറിയുന്നതെന്നും ഗവാസ്‌കര്‍ പറഞ്ഞു.
‘പിന്നെയുള്ളത് ജസ്പ്രീത് ബുംറയാണ്. അവന് ഇന്ത്യയ്ക്ക് വേണ്ടി മാത്രമല്ല, ലോകത്തിലെ ഏത് ടീമിന് വേണ്ടിയും കളിക്കാന്‍ സാധിക്കും. അത്ര അസാമാന്യനായ പ്രതിഭയാണ് ബുംറ,’ ഗവാസ്‌കര്‍ പറയുന്നു.
ഈ മാസം അവസാനം ശ്രീലങ്കയോടാണ് ഇന്ത്യയുടെ അടുത്ത പരമ്പര. ടി-20, ഏകദിനം, ടെസ്റ്റ് എന്നിവയടങ്ങുന്നതാണ് പരമ്പര. മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യയെ നയിക്കുന്നത് രോഹിത് ശര്‍മയാണ്. ബുംറയാണ് ഉപനായകന്‍.