മുംബൈ: ഇന്ത്യന്‍ ടീമില്‍ ഇടം നേടാനുള്ള മാനദണ്ഡം ഹെയര്‍ സ്റ്റൈലാണെന്ന ആരോപണവുമായി സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തിയിട്ട് അധികനാളായിട്ടില്ല. പുത്തന്‍ ഹെയര്‍ സ്റ്റൈലുമായി ഹര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിലിടം നേടിയ സമയത്തായിരുന്നു യുവതാരങ്ങളെയും ടീം സെലക്ഷനെയും വിമര്‍ശിച്ച് ഗവാസ്‌കര്‍ രംഗത്തെത്തിയത്.
എന്നാല്‍ ഓസീസിനെതിരായ പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ സംഘം കുതിപ്പ് തുടരുമ്പോള്‍ ഗവാസ്‌കര്‍ തന്റെ മുന്‍ നിലപാട് പാടേ മാറ്റിയിരിക്കുകയാണ്. ടീമിനെയും താരങ്ങളെയും അഭിനന്ദിച്ചാണ് മുന്‍ നായകന്റെ നിലവിലെ രംഗപ്രവേശം. ഇന്ത്യന്‍ ടീം എക്കാലത്തെയും മികച്ച ഏകദിന ടീമാകുമെന്നാണ് ഗവാസ്‌കര്‍ ഇപ്പോള്‍ പറയുന്നത്.
“ഇപ്പോഴത്തെ ഇന്ത്യന്‍ ടീം മികച്ച ഒത്തിണക്കമുള്ളവരണ്. ഏതു ടീമിനും വെല്ലുവിളിയാണെന്നും” ഗാവസ്‌കര്‍ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
“സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ വിജയിക്കുന്ന ടീം ആണ് ചാമ്പ്യന്മാരാകുന്നത്. ഇന്ത്യ അത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. വാലറ്റത്തുള്ളവര്‍വരെ മികച്ച രീതിയില്‍ ബാറ്റേന്തുന്നത് ഇതിന് തെളിവാണ്.” ഗവാസ്‌കര്‍ പറയുന്നു.
Dont Miss: ആവശ്യമെങ്കില്‍ ബി.ജെ.പിയുമായും കൈകോര്‍ക്കും; നിലപാടുകളില്‍ മലക്കംമറിഞ്ഞ് കമല്‍ ഹാസന്‍
നേരത്തെ പാണ്ഡ്യയടക്കമുള്ള താരങ്ങള്‍ ഹെയര്‍ സ്റ്റൈലില്‍ മാറ്റം വരുത്തിയപ്പോഴായിരുന്നു വിമര്‍ശനവുമായി ഗവാസ്‌കര്‍ എത്തിയിരുന്നത്. ടീം തെരഞ്ഞെടുപ്പിന്റെ മാനദണ്ഡം ഹെയര്‍ സ്റ്റൈലാണോയെന്നും ഗവാസ്‌കര്‍ ചോദിക്കുകയുണ്ടായി. എന്നാല്‍ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ശ്രീലങ്ക, ഓസ്ട്രേലിയ ടീമുകള്‍ക്കെതിരെ പരമ്പര വിജയം നേടി ഇന്ത്യന്‍ സംഘം കരുത്ത് തെളിയിക്കുകയായിരുന്നു.
ശ്രീലങ്കക്കെതിരെയും ഓസീസിനെതിരെയും ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായകമായിരുന്നു.