| Tuesday, 22nd August 2023, 3:32 pm

സഞ്ജു അത് ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ ഏഷ്യ കപ്പ് കളിച്ചേനേ... സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തതില്‍ ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യ കീഴടക്കാനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ലോകകപ്പിന്റെ കര്‍ട്ടന്‍ റെയ്‌സര്‍ എന്ന നിലയില്‍ ഈ ടൂര്‍ണമെന്റ് ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.

ഏഷ്യ കപ്പിനുള്ള സ്‌ക്വാഡിനെ കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയെ ക്യാപ്റ്റനായും ഹര്‍ദിക് പാണ്ഡ്യയെ രോഹിത്തിന്റെ ഡെപ്യൂട്ടിയായും നിയോഗിച്ചാണ് അപെക്‌സ് ബോര്‍ഡ് ഇന്ത്യയെ കളത്തിലിറക്കുന്നത്.

17 അംഗ സ്‌ക്വാഡിനെയാണ് ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ആരാധകര്‍ പ്രതീക്ഷിച്ചിരുന്ന പല താരങ്ങളും സ്‌ക്വാഡിന്റെ ഭാഗമാകാതിരുന്നത് അവരെ ഏറെ നിരാശപ്പെടുത്തിയിരുന്നു.

രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും സ്റ്റാര്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹലിനും ആദ്യ പതിനേഴില്‍ ഇടം പിടിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ സഞ്ജു സാംസണ്‍ ട്രാവലിങ് സ്റ്റാന്‍ഡ് ബൈ ആയി സ്‌ക്വാഡിനൊപ്പം യാത്ര ചെയ്യും.

സഞ്ജുവിനും ചഹലിനും സ്‌ക്വാഡിന്റെ ഭാഗമാകാന്‍ സാധിക്കാതെ പോയതില്‍ തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. സഞ്ജു സാംസണ്‍ കൂടുതല്‍ റണ്‍സും യൂസ്വന്ദ്ര ചഹല്‍ കൂടുതല്‍ വിക്കറ്റും നേടിയിരുന്നെങ്കില്‍ അവര്‍ക്ക് ടീമിന്റെ ഭാഗമാകാന്‍ സാധിക്കുമായിരുന്നു എന്നായിരുന്നു ഗവാസ്‌കര്‍ പറഞ്ഞത്. ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗവാസ്‌കര്‍ ഏഷ്യ കപ്പ് സ്‌ക്വാഡിനെ കുറിച്ച് സംസാരിച്ചത്.

‘സഞ്ജു സാംസണ്‍ കൂടുതല്‍ റണ്‍സ് നേടിയിരുന്നെങ്കില്‍ അവന്‍ ഉറപ്പായും ടീമില്‍ സ്ഥാനം പിടിക്കുമായിരുന്നു. ചഹലിന്റെ കാര്യത്തിലും അത് തന്നെയാണ് പറയാനുള്ളത്. എന്നാല്‍ ചില സമയങ്ങളില്‍ ടീമിന്റെ ബാലന്‍സ് പ്രധാനമാണ്. ഫീല്‍ഡിങ്ങില്‍, ബാറ്റിങ്ങില്‍ തുടങ്ങി പല മേഖലകളും പരിഗണിച്ചാണ് സെലക്ടര്‍മാര്‍ സ്‌ക്വാഡ് സെലക്ട് ചെയ്യുന്നത്,’ ഗവാസ്‌കര്‍ പറഞ്ഞു.

എന്നാല്‍ സഞ്ജുവിന്റെ ഏകദിന കണക്കുകള്‍ ടീമിലെ പലരെയും കവച്ചുവെക്കുന്നതാണ്. ഏകദിനത്തില്‍ കളിച്ച 13 മത്സരത്തിലെ 12 ഇന്നിങ്‌സില്‍ നിന്നും 390 റണ്‍സാണ് സഞ്ജു നേടിയത്. മൂന്ന് അര്‍ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടും. 104.00 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശുന്ന സഞ്ജുവിന്റെ ബാറ്റിങ് ശരാശരി 55.71 ആണ്.

സഞ്ജുവിന്റെ പല ഇന്നിങ്‌സുകളും ടീമിന്റെ നിര്‍ണായക ഘട്ടത്തിലായിരുന്നു പിറന്നത്. അവയുണ്ടാക്കിയ ഇംപാക്ടും ഏറെ വലുതായിരുന്നു.

ബാറ്റിങ്ങില്‍ മാത്രമല്ല, ഫീല്‍ഡിങ്ങിലും താന്‍ മികച്ചവനാണെന്ന് സഞ്ജു പലകുറി തെളിയിച്ചതാണ്. ആക്രോബാക്ടിക് ക്യാച്ചുകളും ഡയറക്ട് ഹിറ്റ് റണ്‍ ഔട്ടുകളുമെല്ലാം പല കുറി ടീമിന്റെ രക്ഷക്കെത്തുകയും ചെയ്തിരുന്നു.

അതേസമയം, സെപ്റ്റംബര്‍ രണ്ടിന് ഏഷ്യ കപ്പില്‍ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരം കളിക്കും. കാന്‍ഡിയിലെ പല്ലേക്കലെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍.

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ് കൃഷ്ണ.

ട്രാവലിങ് സ്റ്റാന്‍ഡ് ബൈ: സഞ്ജു സാംസണ്‍

Content highlight: Sunil Gavaskar on Sanju Samson’s exclusion in India’s Asia Cup squad

We use cookies to give you the best possible experience. Learn more