ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനുള്ള ടെസ്റ്റ് സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി ക്രിക്കറ്റ് ലെജന്‍ഡ് സുനില്‍ ഗവാസ്‌കര്‍. വെറ്ററന്‍ താരവും ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുമായ ചേതേശ്വര്‍ പൂജാരയെ ഒഴിവാക്കിയതില്‍ രൂക്ഷവിമര്‍ശനമാണ് ഗവാസ്‌കര്‍ ഉയര്‍ത്തിയത്.
ഇന്ത്യയുടെ ബാറ്റിങ് പരാജയങ്ങള്‍ക്ക് ചേതേശ്വര്‍ പൂജാര മാത്രം ബലിയാടായി മാറുകയായിരുന്നുവെന്നും അവനെ പുറത്താക്കിയാല്‍ ആരും തന്നെ ശബ്ദമുയര്‍ത്തില്ല എന്ന് തോന്നിയതുകൊണ്ടാണോ ടീമില്‍ നിന്നും ഒഴിവാക്കിയതെന്നും ഗവാസ്‌കര്‍ ചോദിച്ചു.
ബാറ്റിങ്ങില്‍ പരാജയമായ മറ്റ് പല ബാറ്റര്‍മാരെയും ടീമില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ടീം സെലക്ഷന്റെ മാനദണ്ഡമെന്താണെന്നും അദ്ദേഹം ചോദിച്ചു.
സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്തുകൊണ്ടാണ് അവനെ ടീമിലെടുക്കാതിരുന്നത്? എന്തുകൊണ്ടാണ് ഇന്ത്യയുടെ ബാറ്റിങ് പരാജയങ്ങളുടെ ബലിയാടായി അവന്‍ മാറിയത്? ഇന്ത്യന്‍ ക്രിക്കറ്റിലെ വിശ്വസ്തനായ സേവകനായിരുന്നു പൂജാര. വിശ്വസ്തനും ശാന്തനുമായ സേവകന്‍. വിശ്വസ്തനും ശാന്തമായി നേട്ടങ്ങള്‍ കൈവരിക്കുന്നവനുമായിരുന്നു അവന്‍.
പക്ഷേ, അവനെ പുറത്താക്കിയാല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ബഹളം വെക്കാന്‍ ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഇല്ല എന്നതുകൊണ്ട് നിങ്ങളവനെ ടീമില്‍ പുറത്താക്കുന്നു. അതെല്ലാം മനസിലാക്കാന്‍ സാധിക്കുന്നതിനും എത്രയോ അപ്പുറമാണ്.
പൂജാരയെ പുറത്താക്കുകയും സമാനമായി പരാജയപ്പെട്ട മറ്റ് ബാറ്റര്‍മാരെ ടീമില്‍ നിലനിര്‍ത്തുകയും ചെയ്യുന്നതിന്റെ മാനദണ്ഡമെന്താണ്? എനിക്കറിയില്ല, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായി മാധ്യമങ്ങള്‍ ഇപ്പോള്‍ ഒരു തരത്തിലുമുള്ള ഇടപെടലുകളോ സംഭാഷണങ്ങളോ നടത്തുന്നില്ല,’ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പരാജയപ്പെട്ട ഒരേയൊരു ബാറ്റര്‍ പൂജാര മാത്രമായിരുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘അവന്‍ കൗണ്ടി ക്രിക്കറ്റ് കളിക്കുന്നവനാണ്. അതുകൊണ്ട് തന്നെ അവന്‍ ഒരുപാട് റെഡ്‌ബോള്‍ ക്രിക്കറ്റ് കളിക്കുകയും അതിനെ കുറിച്ച് ധാരണയുള്ളവനുമാണ്. ഇന്ന് ടീമിന് വേണ്ടി റണ്‍സ് നേടുകയാണെങ്കില്‍ 39-40 വയസുവരെ ആളുകള്‍ക്ക് കളിക്കാന്‍ സാധിക്കും.
രഹാനെയൊഴികെ ഇന്ത്യയുടെ ബാറ്റിങ് നിര പൂര്‍ണമായും പരാജയപ്പെട്ടിരുന്നു. എന്നിട്ടെന്തുകൊണ്ട് പൂജാരയെ മാത്രം ടീമില്‍ നിന്നും പുറത്താക്കിയെന്ന് സെലക്ടര്‍മാര്‍ തന്നെ വിശദീകരിക്കണം,’ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.