| Saturday, 12th November 2022, 12:44 pm

ഒറ്റയൊന്നിനും വിശ്രമം അനുവദിക്കരുത്; ഐ.പി.എല്ലില്‍ ഇല്ലാത്ത ജോലിഭാരം ഇപ്പോളെങ്ങനെ വന്നു? ലാളിച്ച് വഷളാക്കിപ്പോയി: ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പ് സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന്റെ നിരാശയിലാണ് ആരാധകര്‍. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പതറിപ്പോയ അതേ പിച്ചിലാണ് ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറും അലക്‌സ് ഹെയില്‍സും റണ്‍സ് വാരിക്കൂട്ടിയത്.

വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പുറമെ കടുത്ത വിമര്‍ശനങ്ങളാണ് ടീം ഇന്ത്യയെ തേടിയെത്തിയത്. ടീം സെലക്ഷനില്‍ ബി.സി.സി.ഐ വരുത്തുന്ന വീഴ്ചകളെ ചൂണ്ടിക്കാട്ടി മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ് അടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ജോലിഭാരം കുറക്കാനെന്ന പേരില്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കുന്ന പ്രവണത അവസാനിപ്പക്കണമെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്.

”ഇന്ത്യന്‍ താരങ്ങളെ ബി.സി.സി.ഐ ഒരുപാട് ലാളിക്കുന്നുണ്ട്. ആ പ്രവണത ആദ്യം നിര്‍ത്തണം. ജോലിഭാരം കുറക്കുക എന്ന് പേരില്‍ ഇന്ത്യന്‍ ടീമിന് നല്‍കുന്ന ആനുകൂല്യം അനാവശ്യമാണ്. ഐ.പി.എല്ലില്‍ കളിക്കുമ്പോള്‍ എന്തുകൊണ്ട് ഈ വര്‍ക്ക് ലോഡ് മാനേജ്‌മെന്റ് ഇല്ല?

ഇന്ത്യന്‍ ടീമില്‍ മാറ്റം അനിവാര്യമാണ്. അതും ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ ജയിക്കാനായില്ലെങ്കില്‍ പ്രത്യേകിച്ച്. ന്യൂസിലാന്‍ഡിലേക്ക് പോയ ടീമില്‍ തന്നെ മാറ്റങ്ങളുണ്ടല്ലോ.

ഇതുപക്ഷേ ജോലിഭാരം ക്രമീകരിക്കുന്നതിനാണെന്നാണ് പറയുന്നത്. കീര്‍ത്തി ആസാദും മദന്‍ലാലും പറഞ്ഞത് ശരിയാണ്. ഈ ജോലിഭാരം രാജ്യത്തിനായി കളിക്കുമ്പോള്‍ മാത്രം വരുന്നത് എന്താണെന്നാണ് എനിക്കും മനസിലാകുന്നില്ല.

ഇന്ത്യന്‍ ടീമിലെ എല്ലാ കളിക്കാരും തന്നെ ഐ.പി.എല്ലില്‍ എല്ലാ മത്സരങ്ങളിലും കളിക്കുന്നുണ്ട്. ഐ.പി.എല്‍ മത്സരങ്ങള്‍ വ്യത്യസ്ത നഗരങ്ങളിലാണ് നടക്കുന്നത്. അവിടേക്ക് ഒരുപാട് യാത്ര ചെയ്യേണ്ടതുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത ജോലിഭാരവും ക്ഷീണവും ഇപ്പോള്‍ എവിടുന്നാ?

ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോള്‍, അല്ലെങ്കില്‍ വലിയ ടീമുകളോട് കളിക്കാത്തപ്പോള്‍ മാത്രമെ ഈ ജോലിഭാരം പ്രശ്‌നമാകുന്നുള്ളു. അത് തെറ്റാണ്.

ഇന്ത്യന്‍ താരങ്ങളെ പരിധിയില്‍ കവിഞ്ഞ് കെയര്‍ ചെയ്യുന്ന മാനേജ്‌മെന്റിന്റെ രീതി ഇനിയെങ്കിലും അവസാനിപ്പിക്കണം. ജോലിഭാരവും ഫിറ്റ്‌നെസും കൂടി ഒരുമിച്ച് വരില്ല. ഫിറ്റാണെങ്കില്‍ പിന്നെ ജോലിഭാരത്തിന്റെ പ്രശ്‌നം വരുന്നതെങ്ങനെ?.

നിങ്ങളെ ടീമിലെടുക്കുന്നത് കളിക്കാനാണ്. നിങ്ങള്‍ക്ക് അതിന് കൃത്യമായി പ്രതിഫലവും ലഭിക്കുന്നുണ്ട്. ജോലിഭാരം കാരണം കളിക്കാനാകുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് കിട്ടുന്ന പ്രതിഫലം തിരിച്ചുകൊടുക്കൂ.

കളിച്ചില്ലെങ്കില്‍ വരുമാനം ലഭിക്കില്ലെന്ന അവസ്ഥയുണ്ടാകുമ്പോള്‍ ഈ ഒഴിവ് കഴിവൊക്കെ മറന്ന് താനെ കളിക്കാനിറങ്ങിക്കോളും. ഐ.പി.എല്‍ വരുമ്പോള്‍ ജോലിഭാരത്തെക്കുറിച്ച് ചിന്തിക്കാത്തത് ഇതുകൊണ്ടാണ്. സെലക്ടര്‍മാര്‍ ഈ വിഷയത്തില്‍ വേണ്ട ശ്രദ്ധ പുലര്‍ത്തണം.

എല്ലാവരെയും ഒരുപോലെ പരിഗണിക്കണം. ജോലിഭാരത്തെ മുന്‍ നിര്‍ത്തി വിശ്രമിക്കുന്ന താരങ്ങള്‍ക്ക് ശക്തമായ സന്ദേശം നല്‍കിയേ മതിയാകൂ,’ ഗവാസ്‌കര്‍ വ്യക്തമാക്കി.

ഈ മാസം 18ന് ആരംഭിക്കാനിരിക്കുന്ന ന്യൂസിലാന്‍ഡ് പര്യടനത്തിന് സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചതിന് പിന്നാലെയാണ് ഗവാസ്‌കര്‍ പ്രതികരണവുമായി എത്തിയത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, ആര്‍. അശ്വിന്‍ എന്നിവര്‍ക്കാണ് മത്സരത്തില്‍ വിശ്രമം അനുവദിച്ചത്.

ടി-20 പരമ്പരക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വി.വി.എസ്. ലക്ഷ്മണിനെയാണ് നിയമിച്ചത്. ഹര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ പടയെ നയിക്കുക. മലയാളി താരം സഞ്ജു സാംസണും ടി-20, ഏകദിന ടീമുകളില്‍ ഇടം നേടിയിട്ടുണ്ട്.

Content Highlights: Sunil Gavaskar lashes into Senior Indian Cricket Players

We use cookies to give you the best possible experience. Learn more