| Friday, 6th May 2022, 1:07 pm

മണ്ടത്തരം പറഞ്ഞതാണോ അതോ പറഞ്ഞത് മണ്ടത്തരമായി പോയതാണോ; സ്വയം ട്രോളി ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2022ലെ ഏറ്റവും നീളമേറിയ സിക്‌സറടിച്ച് പഞ്ചാബ് കിംഗ്‌സിന്റെ ലിവിംഗ്സ്റ്റണ്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. 117 മീറ്ററായിരുന്നു ലിവിംഗ്സ്റ്റണടിച്ച സിക്‌സറിന്റെ ദൂരം. ഐ.പി.എല്ലിലെ തന്നെ നീളമേറിയ എട്ടാമത്തെ സിക്‌സറായിരുന്നു ലിവിംഗ്സ്റ്റണിന്റേത്.

ഗുജറാത്ത് ടൈറ്റന്‍സിന്റെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയെയായിരുന്നു താരം സിക്‌സറിന് തൂക്കിയത്. ആ പടുകൂറ്റന്‍ ഷോട്ട് കണ്ട് കാണികളും കമന്റേറ്റര്‍മാരും ഷമിയും എന്തിന് ലിവിംഗ്‌സ്റ്റണ്‍ പോലും ഒരു നിമിഷം അമ്പരന്നിരുന്നു.

താരത്തിന്റെ വെടിക്കെട്ട് സിക്‌സര്‍ അതോടെ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ദിവസം ദല്‍ഹി ക്യാപ്പിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ നടന്ന മത്സരത്തിന് ശേഷം ക്യാപ്പിറ്റല്‍സിന്റെ സഹപരിശീലകന്‍ ഷെയ്ന്‍ വാട്‌സണും മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കറും തമ്മില്‍ നടന്ന ചര്‍ച്ചയിലും ഐ.പി.എല്‍ 2022ലെ ഗ്രേറ്റസ്റ്റ് സിക്‌സറിന്റെ പരാമര്‍ശമുണ്ടായിരുന്നു.

വാട്‌സന്റെ ഏറ്റവും നീളമേറിയ സിക്‌സര്‍ എത്ര ദൂരമായിരുന്നു എന്നായിരുന്നു ഗവാസ്‌കറിനറിയേണ്ടിയിരുന്നത്. എന്നാല്‍ വാട്‌സണ്‍ ഇതിന് മറുപടി പറയാന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ഗവാസ്‌കര്‍ തന്റെ ‘നീളമേറിയ’ സിക്‌സറിന്റെ ദൂരം വെളിപ്പെടുത്തി സ്വയം ട്രോളിയിരുന്നു.

വാട്‌സണ്‍ മറുപടി പറയാന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ’45 മീറ്ററാണ് എന്റെ ഏറ്റവും വലിയ സിക്‌സര്‍,’ എന്ന് ഗവാസ്‌കര്‍ പറയുകയായിരുന്നു. ഗവാസ്‌കറിന്റെ മറുപടി കേട്ടപ്പോള്‍ തന്നെ വാട്‌സണ്‍ ചിരിക്കാന്‍ തുടങ്ങിയിരുന്നു. വാട്‌സണൊപ്പം കൂടി ഗവാസ്‌കറും ചിരിക്കുകയും സ്വയം ട്രോളുകയുമായിരുന്നു. വാട്‌സണാകട്ടെ തന്റെ ഏറ്റവും നീളമേറിയ സിക്‌സറിന്റെ ദൂരം പറഞ്ഞതുമില്ല.

കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയില്‍ അഞ്ചാമതെത്തിയതോടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാനും ക്യാപ്പിറ്റല്‍സിനായി.

2008 മുതല്‍ ഐ.പി.എല്ലിലുണ്ടായിട്ടും നേടാന്‍ സാധിക്കാതെ പോയ ആദ്യ കിരീടം ഈ സീസണില്‍ നേടാനാണ് ക്യാപ്പിറ്റല്‍സ് അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നത്.

സണ്‍റൈസേഴ്‌സിന്റെ എക്കാലത്തേയും മികച്ച താരവും ഇപ്പോള്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വെടിക്കെട്ട് വീരനുമായ ഡേവിഡ് വാര്‍ണറിന്റെ പ്രകടനത്തിന്റെ മികവിലാണ് ദല്‍ഹി ഹൈദരാബാദിനെ തറപറ്റിച്ചത്. വാര്‍ണറിന്റേയും പവലിന്റേയും ഇന്നിംഗ്‌സിന്റെ ബലത്തില്‍ കെട്ടിപ്പൊക്കിയ 207 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സണ്‍റൈസേഴ്‌സ് 21 റണ്‍സകലെ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.

Content Highlight:  Sunil Gavaskar hilariously trolls himself while revealing his longest six
We use cookies to give you the best possible experience. Learn more